- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസൈൽ ആക്രമണം ചെറുക്കുന്ന രക്ഷാകവചവുംറഡാറുകൾ സ്തംഭിപ്പിക്കാൻ ജാമറുകളും; രണ്ടു നിലകളിലായി ആഡംബര സൗകര്യമുള്ള മുറിയും സർജറിക്ക് സജ്ജമായ മെഡിക്കൽ റൂമും; രാഷ്ട്രപതിക്ക് പറക്കാൻ 8400 കോടി മുടക്കി ഇന്ത്യ വാങ്ങിയ വിവിഐപി വിമാനം കോവിഡ് കാലത്ത് ആകാശത്ത് രാജാവായി പറന്നു നടക്കുന്നു
കണ്ണൂർ: ഇന്ത്യൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും വിദേശസന്ദർശനങ്ങളിൽ സഞ്ചരിക്കാനായി അത്യാഢംബര വിമാനം ഇന്ത്യ വാങ്ങിയത് അടുത്തിടെയാണ്. രണ്ട് വിമാനങ്ങൾക്കായി ചെലവായത് 8400 കോടി രൂപയും. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വണ്ണിന്റെ സൗകര്യങ്ങളോട് കിടപിടിക്കുന്ന വിമാനം ഈ കോവിഡ് കാലത്ത് ആകാശത്ത് പറന്നു നടക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ കുത്തനെ കുറഞ്ഞ് ആകാശപാതകൾ വിജനമായപ്പോഴാണ് എയർ ഇന്ത്യ വൺ ആകാശരാജാവായി പറന്നു നടക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി യുഎസിൽനിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയർ ഇന്ത്യ വൺ. ബോയിങ്ങിന്റെ 777 300 ഇആർ മോഡൽ വിമാനം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇന്ത്യയിലെത്തിച്ചത്. സുരക്ഷയും ആഡംബരവും ഒരുമിച്ചു ചേരുന്ന വിമാനമാണിത്. മിസൈൽ രക്ഷാകവചം ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള വിമാനം വ്യോമസേന പൈലറ്റുമാരാണ് പറത്തുന്നത്. രണ്ടു വിമാനങ്ങളാണ് ഇന്ത്യ ഈ ആവശ്യത്തിനായി വാങ്ങിയത്.
അതേസമയം പുതിയ വിമാന വന്ന ശേഷം അധികം യാത്രകൾ നടത്താൻ രാഷ്ട്പതിക്കും പ്രധാനമന്ത്രി മോദിക്കും സാധിച്ചിട്ടില്ല. നവംബർ അവസാനം രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഭാര്യ സവിത എന്നിവരുമായി ഡൽഹിയിൽനിന്നു ചെന്നൈയിലേക്കു പറന്നുകൊണ്ടായിരുന്നു വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ്. കോവിഡ് സാഹചര്യത്തിൽ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയർ ഇന്ത്യ വൺ പരീക്ഷണാർഥം ഇറക്കിയിട്ടുണ്ട്. വിമാന റാഞ്ചലോ മറ്റോ സംഭവിച്ചാൽ സുരക്ഷാർഥം പാർക്ക് ചെയ്യേണ്ട ഐസലേഷൻ പാർക്കിങ്ങിലും വിമാനം പാർക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. കൂടുതൽ സുരക്ഷയും മറ്റു കാര്യങ്ങളും പരിശോധിക്കാൻ വേണ്ടിയാണ് വിമാനം ആകാശത്തായി റോന്തു ചുറ്റുന്നത്.
'പറക്കുന്ന വൈറ്റ് ഹൗസ്' എന്നറിയപ്പെടുന്ന എയർഫോഴ്സ് വണ്ണിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് എയർ ഇന്ത്യ വണ്ണിൽ ഒരുക്കിയിട്ടുുള്ളത്. മിസൈലുകൾ വഴിതെറ്റിച്ചു വിടാൻ കഴിവുള്ള സുരക്ഷാകവചം, ശത്രു റഡാറുകൾ സ്തംഭിപ്പിക്കാൻ കെൽപുള്ള ജാമറുകൾ, മിസൈലിന്റെ വരവ് മുൻകൂട്ടി മനസ്സിലാക്കാൻ കഴിവുള്ള ഇൻഫ്രാറെഡ് സെൻസറുകൾ എന്നിവ വിമാനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
1300 കോടി രൂപയ്ക്കാണു മിസൈൽ കവചം യുഎസിൽനിന്നു വാങ്ങിയത്. വിവിഐപി യാത്രകൾക്കായി എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ് (SPS) എന്നീ സംവിധാനങ്ങളോടെയാണ് യാത്ര. ഡൽഹിയിൽ നിന്നു യുഎസ് വരെ നിർത്താതെ പറക്കാനാകും. നേരത്തേ ഉപയോഗിച്ചിരുന്ന ബോയിങ് 737 വിമാനത്തിൽ ഒരിക്കൽ ഇന്ധനം നിറച്ചാൽ 10 മണിക്കൂർ വരെ പറക്കാനേ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ 17 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സാധിക്കും.
ആഡംബര സൗകര്യങ്ങൾ, പത്രസമ്മേളന മുറി, മെഡിക്കൽ സജ്ജീകരണങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിമാനത്തിനകത്ത് സജ്ജമാക്കിയിട്ടുണ്ട്. ബോയിങ് കമ്പനിയുടെ യുഎസ്സിലെ ആസ്ഥാനത്താണ് അധികസംവിധാനങ്ങൾ ഒരുക്കിയത്. രാജ്യത്തെ ഏറ്റവും മിടുക്കരായ അൻപതോളം വ്യോമസേനാ പൈലറ്റുമാരുടെ പാനലിൽനിന്നാണ് വിവിഐപി യാത്രകളിൽ വിമാനം പറത്താനുള്ള പൈലറ്റുമാരെ തിരഞ്ഞെടുക്കുന്നത്.
രാഷ്ട്രത്തലവന്മാർ ഉപയോഗിക്കുന്ന വിമാനങ്ങളിൽ ഏറ്റവും തലയെടുപ്പുള്ളത് യുഎസിന്റെ എയർഫോഴ്സ് വണ്ണിനാണ്. വിമാനത്തിനകത്തു സജ്ജീകരിച്ച പ്രസിഡന്റിന്റെ ഓഫിസിനും അനുബന്ധസൗകര്യങ്ങൾക്കും മാത്രമായി 4000 ചതുരശ്രഅടി വിസ്തീർണമുണ്ട്. വൈറ്റ് ഹൗസിലെപ്പോലെ എല്ലാ ഔദ്യോഗിക ജോലികളും വിമാനത്തിലിരുന്നു പ്രസിഡന്റിനു നിർവഹിക്കാം. ലോകത്തിലെ ഏറ്റവും അത്യാധുനിക സുരക്ഷാ സന്നാഹങ്ങൾ വിമാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. രണ്ടു നിലയുള്ള വിമാനത്തിന്റെ മുകളിലത്തെ നിലയിലാണു പ്രസിഡന്റ് യാത്ര ചെയ്യുക.
വിമാനത്തിനുള്ളിൽനിന്നു തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാം. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഇതിലുണ്ട്. ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാം. ഏറെനേരം ആകാശത്തു തുടരാം. ആണവ സ്ഫോടനത്തിന്റെ ആഘാതത്തിൽപ്പോലും ക്ഷതമേൽക്കില്ല. ബോയിങ്ങിന്റെ 747 200 ബി സീരീസിൽപ്പെട്ടതാണ് എയർ ഫോഴ്സ് വൺ. ലോകത്തിലെ ഏറ്റവും വിലകൂടിയ ഔദ്യോഗിക യാത്രവിമാനമായി എയർഫോഴ്സ് വണ്ണിനെ കണക്കാക്കുന്നു (1.39 ബില്യൻ ഡോളർ). ഈ വിമാനത്തിനൊപ്പം അതേ വിഭാഗത്തിലുള്ള മറ്റൊന്നു കൂടി സാധാരണ തയാറായി നിൽക്കും. ആദ്യത്തേതിനു തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കാൻ.
യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ഹെലികോപ്റ്റർ മറീൻ വൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. മിസൈൽ പ്രതിരോധ ശേഷിയുള്ള ഹെലികോപ്റ്ററിൽ 14 പേർക്കു സഞ്ചരിക്കാം. യുഎസ് പ്രസിഡന്റ് മറ്റൊരു രാജ്യത്തെത്തിയാൽ മിക്കവാറും ഇത്തരം അഞ്ചെണ്ണമാണ് എത്തുക. സുരക്ഷ കണക്കിലെടുത്ത് പ്രസിഡന്റ് ഏതിലാണു സഞ്ചരിക്കുന്നതെന്നു മറ്റുള്ളവർക്കു മനസ്സിലാകാതിരിക്കാൻ 5 ഹെലികോപ്റ്ററുകളും ഒന്നിച്ചാണു പറക്കുക. ('പ്രസിഡൻഷ്യൽ ഷെൽ ഗെയിം' എന്നാണ് ഈ പറക്കലിനെ വിശേഷിപ്പിക്കുന്നത്).
ഔദ്യോഗികമായി വിമാനയാത്ര നടത്തിയ ആദ്യ ഭരണാധികാരിയായി വിശേഷിപ്പിക്കുന്നത് ബൾഗേറിയയുടെ ചക്രവർത്തിയായിരുന്ന ഫെർഡിനാൻഡ് ഒന്നാമനെയാണ്. 1910 ജൂലൈ 15ന് ബൽജിയത്തിലേക്കായിരുന്നു അദ്ദേഹത്തിന്റെ 'വിമാനസവാരി'. 1919ൽ പാരിസ് സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ പറന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി േഡവിഡ് ലോയ്ഡ് ജോർജിന്റെ പേരിലാണ് ജനാധിപത്യരീതിയിലൂടെ അധികാരത്തിലെത്തിയ ഒരു ഭരണത്തലവന്റെ ആദ്യ ആകാശയാത്ര.
ഔദ്യോഗികവിമാനം സ്വന്തമാക്കിയ ലോകത്തിലെ ആദ്യ ഭരണകൂടം ബ്രിട്ടിഷ് രാജകുടുംബമാണ്. 1928ൽ 2 വെസ്റ്റ്ലാൻഡ് വാപിറ്റി വിമാനങ്ങൾ വാങ്ങി. 1936ൽ അധികാരമേറ്റ എഡ്വേഡ് എട്ടാമൻ കിങ്സ് ഫ്ളൈറ്റ് എന്നു പേരിട്ടതോടെ ഏതെങ്കിലും രാഷ്ട്രത്തലവന്റെ ആദ്യ ഔദ്യോഗിക വിമാനം എന്ന ഖ്യാതി സ്വന്തം. റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനം കഹ്യൗവെശി കഘ96300ജഡ വിഭാഗത്തിൽപ്പെട്ടതാണ്. റൊസ്സിയ എയർലൈൻസാണ് നിയന്ത്രിക്കുന്നത്. വാർത്താവിനിമയ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പ്രത്യേകത. ജിംനേഷ്യമടക്കമുള്ള സൗകര്യങ്ങൾ. 500 മില്യൻ ഡോളറാണ് വില.
പരീക്ഷണ പറക്കലിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലും എയർ ഇന്ത്യ വൺ പറന്നിറങ്ങി. ഡൽഹിയിൽ നിന്നെത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു 15 മിനിറ്റിനു ശേഷം തിരികെ ഡൽഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാർ ഉൾപ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
മറുനാടന് ഡെസ്ക്