ദോഹ: ഇൻഡിപെൻഡന്റ് സ്‌കൂളുകളുടെ കാന്റീനിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആൻഡ് അർബൻ പ്ലാനിങ് ഇൻസ്‌പെക്ഷൻ ടീമിനെ നിയോഗിക്കുന്നു. സ്‌കൂൾ കാന്റീനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ നിലാവരം ഉറപ്പാക്കാനാണ് കർശന പരിശോധന നടത്തുന്നത്. മന്ത്രാലയം നിഷ്‌ക്കർഷിക്കുന്ന ഹെൽത്ത്, സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധന ടീം ഉറപ്പാക്കും.

സ്‌കൂൾ കാന്റീനും ഇവിടേയ്ക്ക് ഭക്ഷണപദാർഥങ്ങൾ വിതരണം ചെയ്യുന്നവരേയും നിരീക്ഷിക്കാൻ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.  ഇതിന് പുറമെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വിലവിവര പട്ടിക നിയന്ത്രിക്കുന്നത് സുപ്രീം എജ്യുക്കേഷൻ കൗൺസിൽ ആണ്.

പല സ്‌കൂളുകളിലും ഭക്ഷ്യവിഭവങ്ങൾ 1 ഖത്തർ റിയാലിനും 3 റിയാലിനും ഇടയിലാണ് വിൽപ്പന നടത്തുന്നത്. സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇത് 14 ഖത്തർ റിയാലിന് ഇടയിലാണ്. പ്രമേഹരോഗികൾക്കായുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിന് കാന്റീനിൽ പ്രത്യേകം കമ്മിറ്റികൾ ഉണ്ട്. സുപ്രീം കൗൺസിൽ ഓഫ് എജ്യുക്കേഷന് പുറമെ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്തിലെ അംഗങ്ങളും ഈ പട്ടികയിൽ ഉണ്ടായിരിക്കും. ഇതിന് പുറമെ എൻവയോൺമെന്റ് മിനിസ്ട്രി, ഖത്തർ ഡയബറ്റിക്‌സ് അസോസിയേഷൻ അംഗങ്ങളും ഇതിലുണ്ട്.

കാന്റീൻ കോൺട്രാക്ടർമാരിൽ നിന്നും ഇൻഡിപെൻഡന്റ് ്കൂളുകൾ വാടകയൊന്നും തന്നെ ഈടാക്കാറില്ല. മികച്ച നിലവാരമുള്ള ഭക്ഷണം കുട്ടികൾക്ക് നൽകുക എന്നത് മാത്രമാണ് ഉദ്ദേശ്യം.