- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മൂലം മൽസ്യ മാർക്കറ്റുകളിൽ പരിശോധനയില്ല; വിഷം കലർന്ന പഴകിയ മത്സ്യം വ്യാപകം; പായ്ക്കറ്റ് മൽസ്യവും വിപണിയിൽ സുലഭം; ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
തിരുവനന്തപുരം: മത്സ്യ മാർക്കറ്റുകളിൽ പരിശോധന നിലച്ചത്തോടെ വിഷം കലർന്ന പഴകിയ മത്സ്യം വ്യാപകമാകുന്നതായി പരാതി. കോവിഡും പ്രതികൂല കാലാവസ്ഥയും മൂലം മത്സ്യ ബന്ധനം പ്രതിസന്ധിയിലായിരിക്കുകയാണ്. മത്സ്യ ബന്ധന ബോട്ടുകളടക്കം അപൂർവമായാണ് കടലിൽ പോകുന്നത്. എങ്കിലും ജില്ലയിൽ മാർക്കറ്റുകളിൽ ഉൾപ്പെടെ മത്സ്യം സുലഭമാണ്. കൂടുതലും വിഷം കലർന്ന പഴകിയ മത്സ്യങ്ങളാണ് മാർക്കറ്റുകളിലൂടെ വിപണിയിലെത്തുന്നത്.
ഏത് കാലത്തും ഉപയോഗിക്കാൻ കഴിയുംവിധം മാരകമായ രാസപദാർത്ഥങ്ങൾ ചേർത്ത് കാലങ്ങളായി ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന പായ്ക്കറ്റ് മൽസ്യം എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന മീനാണ് ഇപ്പോൾ വിപണിയിൽ വ്യാപകമായിരിക്കുന്നത്. കഴിക്കുന്നയാൾക്ക് മാരകരോഗങ്ങൾ സമ്മാനിക്കാൻ കഴിയുംവിധം വിഷാംശം അടങ്ങിയിട്ടുള്ളതാണ് ഈ മൽസ്യങ്ങൾ.
ഫോർമാലിനും അമോണിയയും ഉൾപ്പെടെയുള്ള വിഷപദാർത്ഥങ്ങൾ നിറഞ്ഞ പഴകിയ മത്സ്യം വിപണിയിൽ സുലഭമായിട്ടും ഫിഷറീസ്, ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങളുടെ പരിശോധന പൂർണമായും നിലച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ കാലത്തും ഇതേ രീതിയിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പഴകിയ മത്സ്യ വിൽപ്പന സജീവമായിരുന്നു. പിന്നീട് പരാതി വ്യാപകമായതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ടൺ കണക്കിന് വിഷം കലർന്ന പഴകിയ മത്സ്യങ്ങൾ പിടികൂടി നശിപ്പിച്ചിരുന്നു.
എന്നാൽ ഈ ലോക്ക് ഡൗൺ കാലത്തും സമാനമായ രീതിയിൽ പഴകിയ മത്സ്യം വിപണിയിലും മാർക്കറ്റുകളിലും നിറഞ്ഞിട്ടും ഒരിടത്തും പരിശോധന നടത്താൻ ഒരു വകുപ്പും തയ്യാറായിട്ടില്ല. രാസപദാർത്ഥങ്ങൾ കലർന്ന പഴകിയ മത്സ്യങ്ങൾ ഉപയോഗിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും രാഷ്ട്രീയപ്പാർട്ടികൾക്കുമൊക്കെ വൻതുക കൊടുത്ത് സ്വാധീനിച്ചാണ് മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ഇത്തരം മത്സ്യ വിൽപ്പന നടത്തുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയെത്തുന്ന മാസങ്ങൾ പഴക്കമുള്ള മത്സ്യമാണ് ഇപ്പോഴും വിപണിയിൽ വിൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ