ബാഗ്ദാദ്: ഇറാഖി മോഡലും ഇൻസ്റ്റഗ്രാം സുന്ദരിയുമായ ടെറ ഫെയേഴ്സ് വെടിയേറ്റ് മരിച്ചു. സെൻട്രൽ ബാഗ്ദാദിൽ വച്ച് തന്റെ ആഡംബര കാറോടിച്ച് പോകവേയാണ് ടെറയ്ക്ക് വെടിയേറ്റത്. സെൻട്രൽ ബാഗ്ദാദിലെ കാംപ് സറായിലൂടെ തന്റെ ആഡംബര കാറോടിച്ച് പോകവേയാണ് താരത്തിന് വെടിയേറ്റത്. മൂന്ന് വെടിയുണ്ടകളാണ് ടെറയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ടാറ്റൂ ചെയ്ത ശരീരവും നിറം കൊടുത്ത മുടിയുമെല്ലാമായിരുന്നു ടെറയുടെ മോഡലിംഗിന്റെ പ്രത്യേകത. ഇത്തരം ചിത്രങ്ങളാണ് ടെറയെ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രശസ്തയാക്കിയത്. ഇൻസ്റ്റഗ്രാമിൽ മാത്രം 2.7 മില്ല്യൺ ഫോളോവേഴ്സാണ് ടെറയ്ക്കുള്ളത്. എന്നാൽ, ടെറയുടെ കൊലപാതകത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം നിറയുകയാണ്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതിൽ ഇറാഖിൽ നേരത്തേ ടെറയ്ക്കെതിരെ വിമർശനമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആരോപണം.