ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദും മുൻനായകൻ ഡേവിഡ് വാർണറും വഴിപിരിഞ്ഞെന്ന് സൂചന നൽകി ഇൻസ്റ്റഗ്രാമിൽ താരത്തിന്റെ പോസ്റ്റ്. ഫ്രാഞ്ചൈസിലെ ഓർമ്മകൾ പങ്കുവെച്ച് വാർണർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നത്. ആരാധകർക്ക് നന്ദി പറഞ്ഞുള്ളതാണ് അവസാന ചിത്രം.

 

ഇക്കാര്യത്തിൽ സൺറൈസേഴ്സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഐപിഎൽ പതിനാലാം സീസണിൽ നായകസ്ഥാനം തെറിച്ചതിന് പിന്നാലെ വാർണർ പ്ലേയിങ് ഇലവനിൽ നിന്നും പുറത്തായിരുന്നു. ബാറ്റിംഗിൽ മോശം ഫോമാണ് താരത്തെ സൈഡ് ബഞ്ചിലേക്ക് മാറ്റിയത്.

യുഎഇ ഘട്ടത്തിൽ രണ്ട് മത്സരങ്ങളിൽ അത്രതന്നെ റൺസേ നേടിയുള്ളൂ. സീസണിലാകെ എട്ട് ഇന്നിങ്സുകളിൽ രണ്ട് അർധ സെഞ്ചുറികളോടെ 195 റൺസാണ് സമ്പാദ്യം. ഇതോടെ ക്ലബിന്റെ എക്കാലത്തെയും മികച്ച താരത്തെ അടുത്ത സീസണിലേക്ക് നിലനിർത്തില്ല എന്ന് അഭ്യുഹങ്ങൾ ഉടലെടുത്തിരുന്നു. അവസാന മത്സരങ്ങളിൽ ഗാലറിയിലാണ് താരം ഇടംപിടിച്ചത്.

2014ൽ ഡൽഹി ക്യാപിറ്റൽസിൽ നിന്ന് 5.5 കോടി രൂപയ്ക്കാണ് വാർണർ സൺറൈസേഴ്സ് ഹൈദരാബാദിൽ എത്തിയത്. 2015ൽ നായകസ്ഥാനം ഏറ്റെടുത്ത വാർണർ 2016ൽ ടീമിനെ ആദ്യ കിരീടത്തിലേക്ക് നയിച്ചു. ബാറ്റിംഗിലും ഹൈദരാബാദിന്റെ കുപ്പായത്തിൽ ഐതിഹാസിക പ്രകടനമാണ് താരം കാഴ്ചവെച്ചത്. 95 മത്സരങ്ങളിൽ 4014 റൺസ് നേടിയ വാർണറാണ് ടീമിനായി 3000 റൺസ് നാഴികക്കല്ല് പിന്നിട്ട ഏക താരം.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളായ വാർണർ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട്. തുടർച്ചയായി ഏഴ് ഐപിഎൽ സീസണുകളിൽ 400ലധികം റൺസ് നേടിയ ബാറ്റ്‌സ്മാൻ കുടിയാണ്. ഈ സീസണിലെ നിരാശയ്ക്കിടയിലും ഹൈദരാബാദ് ഒഴിവാക്കിയാൽ അടുത്ത സീസണിലെ മെഗാ താരലേലത്തിൽ ക്യാപ്റ്റൻസി കൂടി പരിഗണിച്ച് വാർണർക്കായി ശക്തമായ ലേലം നടക്കും എന്നാണ് ആരാധകരുടെ വിശ്വാസം. ഐപിഎൽ കരിയറിൽ 150 മത്സരങ്ങളിൽ നാല് സെഞ്ചുറിയും 50 ഫിഫ്റ്റിയും സഹിതം 5449 റൺസ് ഈ ഓസീസ് ഓപ്പണർക്കുണ്ട്.