കേരളത്തിലെ മുഴുവൻ അയ്യപ്പ ഭക്തർ ഇന്ന് രാവിലെ മുതൽ തെരുവിലിറങ്ങി അവരുടെ അവകാശ സംരക്ഷണത്തിന് വേണ്ടി സമരം നടത്തുകയാണ്. ശബരിമലയിലെ ശ്രീ ശാസ്താവിനെ തൊഴാൻ പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം നൽകാമെന്ന വിധിയുടെ നിരാശയിൽ നിന്നുമാണ് ഈ പ്രതിഷേധം. തെരുവിലിറങ്ങി സമരം ചെയ്യുന്ന സാധാരണക്കാരായ വിശ്വാസികളുടെ വികാരങ്ങൾക്കൊപ്പം ഉറച്ച് നിൽക്കുകയാണ് മറുനാടൻ. ഇത് ഒരു വർഗീയ കലാപം എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നവരുണ്ട്. എന്നാൽ വർഗീയ കലാപം എന്ന ഉമ്മാക്കി കാട്ടി വിശ്വാസികളെ ആരും പേടിപ്പിക്കാൻ നോക്കേണ്ട. വർഗീയ കലാപം എന്നാൽ, രണ്ട് വ്യത്യസ്ഥ മത വിഭാഗങ്ങൾ തമ്മിലുണ്ടാകുന്ന തർക്കവും സംഘർഷവുമാണ് മത വിദ്വേഷവും വർഗീയതയും.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എയിൽ അത് കൃത്യമായി നിർവ്വചിക്കുന്നുമുണ്ട്. ഇവിടെ ഒരു ഹിന്ദു വിശ്വാസിയും മറ്റൊരു വിശ്വാസത്തിനെതിരെ സമരത്തിനിറങ്ങിയിട്ടില്ല. മറ്റൊരു മതവും ജാതിയും വംശജരും ശബരിമല പ്രശ്‌നത്തിന്റെ പേരിൽ ഹിന്ദുമത വിശ്വാസികളെ കുറ്റപ്പെടുത്തുന്നുമില്ല. അതുകൊണ്ട് തന്നെ ഇത് വർഗീയ ലഹളയ്ക്ക് കാരണമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഈ സമരത്തിന്റെ ജനകീയ അടിത്തറ തിരിച്ചറിഞ്ഞ് വിരളി പൂണ്ട് നടത്തുന്ന നുണ പ്രചരണമാണെന്ന് പറയട്ടെ. ഇത് ഒരു സാധാരണക്കാരന് അവന്റെ വിശ്വാസത്തിന് മുറിവേൽക്കുമ്പോൾ അത് സംരക്ഷിക്കാൻ ഉയർത്തുന്ന സ്വാഭാവിക ശബ്ദമാണ്.

സുപ്രീംകോടതി അവരുടെ മുമ്പിലെത്തിയ ഒരു വിഷയത്തിന്റെ നിയമ വശങ്ങൾ പരിഗണിക്കുക, ഒപ്പം തെളിവുകൾ പരിശോധിക്കുക. ഒരു വശത്തിന് തെളിവു നൽകാൻ ആരും ഉണ്ടായിരുന്നില്ല. സുപ്രീം കോടതി പോലെ ഒരു പരമോന്നത നീതി പീഠത്തിൽ ഒരു വക്കീലിനെ കൊണ്ടുപോയി നിർത്താൻ പത്തോ അമ്പതോ ലക്ഷം കൊടുക്കേണ്ടി വരുമ്പോൾ രാഹുൽ ഈശ്വറിനെ പോലെയോ സുകുമാരൻ നായരെ പോലെയോ ചിലർ ശ്രമിച്ചാൽ ഒരു കേസ് ജയിക്കുക എളുപ്പമല്ല.

വർഗീയ ലഹള ഉണ്ടാക്കാൻ ആണെന്ന് പറയുന്നതും സുപ്രീംകോടതിക്ക് എതിരാണെന്ന് പറയുകയും ഒരുപോലെ അബദ്ധമാണ്. അതുകൊണ്ട് തന്നെ നീതി തേടി സുപ്രീം കോടതി വരെ പോകാൻ കാശില്ലാത്ത ഈ രാജ്യത്തെ സാധാരണക്കാരുടെ വിശ്വാസം സംരകഷിക്കുന്നതിന് വേണ്ടി അവർ സ്ാഭാവികമായി പ്രതിഷേധവുമായി രംഗത്തിറങ്ങുമ്പോൾ അവരെ പോലെയുള്ളവരെ പിന്തുണയ്ക്കുകയാണ് ഒരു മാധ്യമ പ്രവർത്തകന്റെ ബാധ്യത. ഇത് ഒരു ജനകീയ സമരമായി മാറുമ്പോൾ അത് മുതലെടുക്കുന്നതിന് വേണ്ടി രണ്ടു വശത്തു നിന്നും ആക്രമണം ഉണ്ടാകാം. സംഘപരിവാറുകർ ഇത് അവരുടെ കാൽ ചുവട്ടിലെ മണ്ണിളക്കുന്ന സംഭവമാണെന്ന് അറിഞ്ഞ് തിരിച്ചു വരുമ്പോൾ അവർ ഹൈജാക്ക് ചെയ്യാതിരിക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു.

സംഘപരിവാറിന് ചില അജണ്ടകളുണ്ട്, അത് ഹിന്ദുവിന്റെ അജണ്ടകളല്ല. സംഘപരിവാറുകാരൻ ഈ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോൾ അത് ഒരു അജണ്ടയിൽ അതിഷ്്ഠിതമാവുകയാണ്. സംഘപരിവാറുകാർ ഏറ്റെടുത്താൽ ഇതിന്റെ നിക്ഷ്പക്ഷത നഷ്ടപ്പെട്ട് വർഗീയതയിലേക്ക് ആളിക്കത്തുന്ന അഗ്നിയിലേക്ക് മാറി എന്നു വരാം. രണ്ടാമത്തെ കാര്യം ഇത് ഒരു വർഗീയ ലഹളയായി മാറാതിരിക്കാൻ ശ്രദ്ദിക്കുക. കേരളത്തിലെ മറ്റ് രണ്ട് സമുദായക്കാർ ഇതൊരു മുന്നറിയിപ്പായി കരുതുന്നവരാണ്. യഥാർത്ഥത്തിലുള്ള വിശ്വാസികളും മൗലിക വാദികളും ഒക്കെ ഹിന്ദുവിന് ഇത് സംഭവിച്ചാൽ നാളെ ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ഇത് സംഭവിക്കുമെമെന്ന് കരുതി മുൻ കരുതലോടെ നീങ്ങുന്നവരാണ്. എന്നാൽ ഈ സമരം വഷളാക്കണമെന്നും ഇതിന്റെ ഗതി നിയന്ത്രിക്കണമെന്നും ആഗ്രഹിക്കുന്നവർ ഇടപെട്ടാൽ ഇത് വർഗീയ ലഹളയായി മാറാം.