കവന്റ്‌റി :പതിവ് കെട്ടും മട്ടും വിട്ടാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ്.കേരളത്തിലെ വേനലിന്റെ കടുത്ത ചൂടും വൈകുന്നേരങ്ങളെ തണുപ്പിക്കുന്ന വേനൽ മഴയും എല്ലാം വിട്ട് മഞ്ഞ് പുതഞ്ഞ ഇംഗ്ലണ്ടിലെ കവന്റ്‌റി എന്ന സ്ഥലത്ത് ചങ്ങാതിയുടെ വീടിന്റെ പിന്നാമ്പുറമാണ് ഈ വട്ടം ഇൻസ്റ്റന്റ് റസ്‌പോൺസിന്റെ തുറന്ന സ്റ്റുഡിയോ.

ചുറ്റും മഞ്ഞ് വീഴുന്ന മനോഹരമായ അന്തരീക്ഷത്തിൽ, ഉള്ളിലെയും ശരീരത്തിലെയും തണുപ്പാറ്റാൻ അൽപം വിസ്‌കി നുണഞ്ഞുകൊണ്ട് ഇന്നത്തെ ചിന്താവിഷയം അവതരിപ്പിക്കാം എന്ന് കരുതി. അതിന് കാരണവുമുണ്ട്. കേരളത്തിൽ പിണറായി വിജയൻ സർക്കാർ എല്ലാ നഗരങ്ങളിലും, പഞ്ചായത്തുകളിലും ബാർ ലൈസൻസ് അനുവദിച്ചിരിക്കുകയാണ്.ഈ ബാർ ലൈസൻസ് അനുവദിച്ചതിനെതിരെ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ വലിയ ലഹളയും ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ശരിതെറ്റുകളെ കുറിച്ച് വിലയിരുത്തുമ്പോൾ ഈ നഗരം തന്നെയാണ് ഏറ്റവും നല്ലത്.

ഇംഗ്ലണ്ട് എന്ന് പറയുന്നത് ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളിലൊന്നാണ്.ഏതുകൊച്ചു മാടക്കടയിൽ ചെന്നാലും നിങ്ങൾക്ക് മദ്യം ലഭിക്കും.യാതൊരു നിയന്ത്രണവുമില്ല. എന്നാൽ, വഴിനീളെ മദ്യപിച്ച് കിടക്കുന്ന മനുഷ്യരെ നമ്മൾ കാണുന്നില്ല.മദ്യം കഴിച്ച് മരിച്ചവരെ നമ്മൾ കാണുന്നില്ല.എന്തുകൊണ്ടാണ്? മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുക മാത്രമാണ് സർക്കാർ ചെയ്യുന്നത്.

ഉമ്മൻ ചാണ്ടി സർ്ക്കാർ കേരളത്തോട് ചെയ്ത പാതകങ്ങളിലൊന്നായിരുന്നു ബാർ ലൈസൻസ് ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.മുതലാളിമാർ മാത്രം മദ്യം കഴിച്ചാൽ മതിയെന്ന ശാഠ്യത്തിന്റെ അന്ത്യമാണ് പിണറായി വിജയൻ കുറിച്ചിരിക്കുന്നത്.മദ്യം എന്ന് പറയുന്നത് ഒരു മനുഷ്യന്റെ സാധാരണ ജീവിതത്തിൽ ലഭിക്കുന്ന അപൂർവ സന്തോഷങ്ങളിൽ ഒന്നുതന്നെയാണ്.മദ്യം അമിതമായാൽ അതിന് കുഴപ്പങ്ങളുണ്ടാകും, കുടുംബങ്ങൾ തകരും എന്നത് സത്യമാണെങ്കിലും, മദ്യമെന്ന് പറയുന്നത്, ഒരു സാധാരണ മനുഷ്യന് ജീവിതത്തിൽ സന്തോഷിക്കാൻ ലഭിക്കുന്ന അപൂർവം അവസരങ്ങളിൽ ഒന്നാണ്.അതിന് മേൽ നിയന്ത്രണം ഏർപ്പെടുത്തുക, ദുരുപയോഗം ചെയ്യുന്നത് തടയുക എന്നത് മാത്രമാണ് സർക്കാരിന് ചെയ്യാനുള്ളത്.അല്ലാതെ മുതലാളിമാർ മാത്രം മദ്യം കഴിക്കുന്ന സംവിധാനമാകുമ്പോൾ, സംഭവിക്കുന്നത് എന്താണെന്ന് വച്ചാൽ, പാവപ്പെട്ടവൻ കള്ളവാറ്റിലേക്ക് പോവുകയും, ചീത്ത മദ്യം ഉപയോഗിക്കുകയും ചെയ്യും.ഈ അവസരത്തിന് ഈ സാഹചര്യത്തിന് പിണറായി സർ്ക്കാർ അവസരം കുറിച്ചിരിക്കുകയാണ്. നന്ദി പറയുകയാണ് പിണറായി സർക്കാരിന്.

ഇതിനൊപ്പം ഒരടിസ്ഥാന കാര്യം ചർച്ച ചെയ്യാതിരിക്കാൻ സാധിക്കുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് കത്തോലിക്ക സഭ ഇതിനെതിരെ ബഹളം വയ്ക്കുന്നത്?ഒരു കാര്യം നമ്മൾ പറയണമെങ്കിൽ നമ്മൾ അത് ഉറപ്പ് വരുത്തണം.കത്തോലിക്ക സഭ ലക്ഷങ്ങളുടെ മദ്യമാണ് ലൈസൻസെടുത്ത് വിൽക്കുന്നത്.ലോകമെമ്പാടും അങ്ങനെ തന്നെയാണ്.ലോകത്ത് ഏറ്റവുമധികം വൈൻ ഉപയോഗിക്കുന്നത് വത്തിക്കാൻ എന്ന ചെറുരാജ്യമാണ്.840 പേർ മാത്രമാണ് ആ രാജ്യത്തെ ജനസംഖ്യ. മുഴുവൻ വൈദികരാണ്. പോപ്പ് അടക്കം.അവിടെ ആളോഹരി ഒരുദിവസം വിറ്റുപോകുന്നത് 74 ലിറ്റർ മദ്യമാണ്.ഇന്ന് കത്തോലിക്ക സഭ സീറോ-മലബാർ സഭയുടെ ആസ്ഥാനമായ എറണാകുളം രൂപത മാത്രം 5000 ലിറ്റർ മദ്യമാണ് ലൈസൻസെടുത്ത് ഉണ്ടാക്കുന്നത്.എന്തുകൊണ്ടാണ് ഇവർ ഈ മദ്യം ഉപയോഗിക്കുന്നത്? അവർ പറയുന്നു..കുർബാനയ്ക്ക് കൊടുക്കാൻ വേണ്ടിയാണെന്ന്.എന്തുകൊണ്ട് മുന്തിരിച്ചാറ് കൊടുത്തുകൂടാ? എന്തുകൊണ്ട് കരിക്കിൻ വെള്ളം കൊടുത്തുകൂടാ? മദ്യം തന്നെ വേണമെന്ന് എന്താണ് നിർബന്ധം?

ഏതു അരമനയിലുണ്ട് മദ്യം ഉപയോഗിക്കാത്തത? എത്ര വൈദികരുണ്ട് മദ്യം ഉപയോഗിക്കാത്തത്? അങ്ങനെ സ്വയം മദ്യം ഉപയോഗിച്ച് കൊണ്ട് കുഞ്ഞാടുകൾ മദ്യം ഉപയോഗിക്കരുത് എന്ന് പറയുകയും..ഏറ്റവും കൂടുതൽ കേരളത്തിൽ മദ്യം ഉപയോഗിക്കുന്നത് ക്രൈസ്തവരാണ്. ഏറ്റവും കൂടുതൽ ബാറുകൾ ഉള്ളത് ക്രൈസ്തവർക്കാണ്. എന്നിട്ട് ഇതെല്ലാം ചെയ്തിട്ട് ഈ ബാറുടമകളുടെ പണം വാങ്ങിയാണ് ഈ സഭ പല പരിപാടികളും നടത്തുന്നത്.ഇതെല്ലാം ചെയ്തിട്ട് മദ്യത്തിനെതിരെ ശബ്ദമുയർത്തുന്നത് കാപട്യമാണ്.ആദ്യം അങ്ങനെയൊരു നിലപാട് സഭ എടുത്തിട്ടുണ്ടെങ്കിൽ മദ്യത്തെപൂർണമായി ഉപേക്ഷിക്കുന്ന നിലപാട് സ്വീകരിക്കണം.വത്തിക്കാനിൽ മദ്യം ഉപേക്ഷിക്കണം.സീറോ-മലബാർ സഭയിലെ കുർബാനയിൽ മദ്യം ഉപേക്ഷിക്കണം.സഭയിലെ ആചാരങ്ങളിൽ മദ്യം ഉപേക്ഷിക്കണം.മദ്യപാനികളെ സഭയിൽ നിന്ന് മാറ്റി നിർത്തണം.അബ്കാരികളുടെ പണം സഭ സ്വീകരിക്കരുത്.ഇങ്ങനെയൊക്കെ ചെയ്യാനുള്ള തന്റെടമുണ്ടെങ്കിൽ മാത്രമേ..മദ്യത്തിനെതിരെ നിലപാടെടുക്കാൻ പാടുള്ളു.അതുകൊണ്ട് ഇത് കാപട്യമാണ്. ഈ കാപട്യം തുറന്നുകാണിക്കേണ്ടതുണ്ട്.പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.