നീതി നടപ്പിലാകണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും ഏറെ ആഹ്‌ളാദിക്കുന്ന ദിവസമാണ് ഇന്ന്.ദൈവത്തിന്റെ കരുണയിൽ ആശ്രയിക്കുന്ന കരുണയിൽ വിശ്വസിക്കുന്ന എന്നെ പോലെയുള്ള ക്രിസ്ത്യാനികൾ. കാരണം നീതിയും നിയമവും നടപ്പിലാകാൻ ഉള്ളതെന്നും അത് സാധാരണക്കാർക്കും സമ്പന്നർക്കും ഒരുപോലെ വേണമെന്ന് വിശ്വാസിക്കുന്നവരുടെ കൂടെയാണ് ഞാനും എന്നെപ്പോലെ മഹാഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലിംങ്ങളും നിർഭാഗ്യവശാൽ നിയമവും നീതിയും നമ്മുടെ രാജ്യത്ത് നടത്തുന്നത് സമ്പത്തിന്റെ സ്വാധീനത്തിന്റെ അടിത്തറ പണിതുകൊണ്ടാണ്. ഫ്രാങ്കോ മുളയ്ക്കൽ എന്ന മെത്രാൻ പാലാ സബ്ജയിലിലെ ഇന്ന് അഴിക്കുള്ളിൽ സാധാരണക്കാരനെ പോലെ നിലത്ത് പായ വിരിച്ച് കിടന്നുറങ്ങുമ്പോൾ സന്തോഷിക്കാത്തത് നീതി ബോധമില്ലാത്തവർ മാത്രമായിരിക്കും.

കാരണം ഫ്രാങ്കോക്കെതിരെ ഒരു കന്യാസ്ത്രീ അതും ആ കന്യാസ്ത്രീയുടെ സംരക്ഷകനാകേണ്ടയാൾ ബലാൽത്സംഗം ചെയ്തുവെന്നാണ് പരാതി ഉയർത്തിയിരിക്കുന്നത്. അതും എതാണ്ട് രണ്ടു വർഷത്തോളം തുടർച്ചയായി. പീഡന പർവ്വത്തിന്റെ നാളുകൾ അവസാനിപ്പിച്ച് നാടുവിട്ട് പോരാൻ തുടങ്ങിയ അവരെ വിടാതെ പിന്തുടരുകയും അവർക്കെതിരെ അപവാദകഥകൾ പ്രചരിപ്പിക്കുകയും അവരുടെ കുടുംബത്തെ ഇല്ലാതാക്കൻ നോക്കിയെന്നുമാണ് ആരോപണം. കേരള പൊലീസ് അതേക്കുറിച്ച് നീണ്ട മൂന്നുമാസം അന്വേഷണം നടത്തിയ ശേഷമാണ് അദ്ദേഹത്തെ അഴിക്കുള്ളിൽ ആക്കുന്നത്. ശ്രദ്ധേയമായ കാര്യം സാധാരണ ലൈംഗിക ആരോപണ കേസിൽ ഒരാൾക്കെതിരെ പരാതി ഉയർന്നാൽ അപ്പോൾ തന്നെ പിടിച്ച് അകത്ത് ഇടുന്ന പൊലീസ് മുന്നുമാസം തുടർച്ചയായി അന്വേഷണം നടത്തിയെന്നതാണ്

തീർച്ചയായും എന്നെപ്പോലെയുള്ള മാധ്യമ പ്രവർത്തകർ പൊലീസിനെ രൂക്ഷമായി വിമർശിച്ചത് ഫ്രങ്കോ രക്ഷപ്പെടും എന്ന ഭയം കൊണ്ടുമാത്രമായിരുന്നു. ഇന്ന് മുന്നു മാസം കഴിയുമ്പോൾ ഫ്രാങ്കോയെ നിയമത്തിന് മുന്നിൽ വിട്ടുകൊടുത്തുകൊണ്ട് ജയിലിനുള്ളിൽ ആകുമ്പോൾ എനിക്ക് ആഹ്‌ളാദം തോന്നുന്നത് ഈ ഡിലേയും കാരണമാണ്. എന്തുകൊണ്ട് അദ്ദേഹത്തെ ഇത്രയും നാൾ അറസ്റ്റ് ചെയ്യുന്നില്ലെന്ന ചോദ്യമുയർത്തി വെല്ലുവിളിച്ചുകൊണ്ടിരുന്ന എന്നെപോലെയുള്ളവർ ഇപ്പോൾ പറയുന്നു.  മുന്നുമാസത്തിന് ശേഷം അറസ്റ്റ് ചെയ്തപ്പോൾ ഒരു പക്ഷേ ഇതിന് മുൻപ് അറസ്റ്റ് ചെയ്യുന്നതിനേക്കാൾ സുരക്ഷിതവും ഉത്തരവാദിത്ത പൂർണവുമായിരുന്നു ഈ അറസ്റ്റ് എന്ന് എങ്ങനെയും ഫ്രാങ്കോ മുളയ്ക്കനെ രക്ഷിക്കണമെന്ന് ഒരു ഉൽസുകത പൊലീസിന് ഉണ്ടായിരുന്നെവന്ന് തക്ക കാരണങ്ങൾ എന്നെപോലുള്ളവർക്ക് ഉണ്ടായിരുന്നു. ഇതിന് മുൻപ് ഇത്തരം കേസുകളിൽ പൊലീസുകാർ ഇങ്ങനെയല്ല പെരുമാറിയിരുന്നത് തന്നെയാണ് അതിന്റെ കാരണം. മെത്രാൻ രക്ഷപ്പെടുമോയെന്ന ആശങ്കയിൽ നിരന്തരമായി കേസ് അന്വേഷിച്ച പൊലീസിനെയും സർക്കാരിനെയും ചീത്ത വിളിക്കേണ്ട സാഹചര്യമുണ്ടായി.

എന്നെപ്പോലെയുള്ളവരുടെ നിരന്തര വിമർശനം കൊണ്ടാണ് ഫ്രാങ്കോ അറസ്റ്റിലായാതെന്ന് പറയാനുള്ള അൽപ്പത്തരമൊന്നും എനിക്കില്ല. എങ്കിലും കന്യാസ്ത്രീകൾ തെരുവിലിറങ്ങുകയും അത് ഒരു ജനകീയ സമരമായി മാറുകയും ചെയ്തത് തന്നെയാണ് പൊലീസിന് നിലപാട് തിരുത്താൻ കാരണമായത് എന്ന് വിശ്വാസിക്കാനാണ് എന്നെപ്പോലെയുള്ളവർക്ക് ആഗ്രഹം. ഒപ്പം മാധ്യമങ്ങളുടെ ശക്തമായ ഇടപെടലും അറസ്റ്റിന്റെ പിന്നിലുണ്ട്. അതേസമയം മൂന്നുമാസം തുടർച്ചയായി ഫ്രാങ്കോയെ രക്ഷിക്കുക എന്ന ഉദ്ദ്യേശത്തിലാണെങ്കിൽക്കൂടി ആ പൊലീസ് നടത്തിയ അന്വേഷണം ഫ്രാങ്കോയെ അഴിക്കുള്ളിൽ ആക്കുന്നതിനും അതിന് ശക്തമായ തെളിവുകളുടെ അടിസ്ഥാനമുണ്ടായിരിക്കുന്നതിനും കാരണമായി.