രാഹുൽ ഈശ്വർ എന്ന ഹൈന്ദവ ആക്ടിവിസ്റ്റിന്റെ ജാമ്യം റദ്ദാക്കുകയും അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിൽ അടയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാർ ഒത്താശ ചെയ്താൽ അത് തടയാൻ പ്ലാൻ ബിയും സിയും ഒക്കെ ഉണ്ട് എന്ന വിഡ്ഡിത്തം വിളംബി എന്നതാണ് രാഹുൽ എന്ന തന്ത്രി കുടുംബാംഗം നടത്തിയ തെറ്റ്. അങ്ങനെയൊരു വിവരക്കേട് രാഹുൽ ഈശ്വർ പറഞ്ഞതിനെ ആർക്കും ന്യായീകരിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് ശബരിമല പോലെ പരിപാവനമായ സ്ഥലത്ത് ചോര വീഴ്‌ത്തുമെന്നൊക്കെ പറയുന്നത് വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല.

എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഒരിടത്തും വിഡ്ഡിത്തം പറയരുത് എന്ന് എഴുതിവച്ചിട്ടില്ല. വിഡ്ഡിത്തം പറയുന്നവര ശിക്ഷിക്കാനും ഈ രാജ്യത്ത് നിയമമില്ല. എന്നിട്ടും രാഹുൽ ഈശ്വർ പറഞ്ഞ വിഡ്ഡിത്തം വലിയ ക്രിമിനൽ ഗൂഢാലോചനയാക്കി ശബരിമലയിൽ വലിയ കലാപം ഉണ്ടാക്കുന്നതിനായി നടത്തി ഗൂഢാലോചനയുടെ ഭാഗമാക്കി മാറ്റി അയാളെ അറസ്റ്റ് ചെയ്യുകയും നിരവധി ദിവസം അയാളെ ജയിലിൽ ഇടുകയും ചെയതു. അത്തരം ഒരു കുറ്റാരോപിതന് പ്രാഥമികമായി അറസ്റ്റ് ചെയ്യുമ്പോൾ ജാമ്യം ലഭിക്കാവുന്ന സമയമായപ്പോൾ ഹൈക്കോടതി ജാമ്യം അനുവദിക്കുകയും എല്ലാ ജാമ്യങ്ങൾക്കും ഉള്ളപ്പോലെയുള്ള ചില നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തു.

അതിലൊന്ന് പമ്പ പൊലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പു വയ്ക്കണമെന്നതായിരുന്നു. എതൊങ്കിലുമൊരു ക്രിനമിനിൽ കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ഒട്ടുമിക്ക പ്രതികളും ഇത്തരത്തിലുള്ള ജാമ്യ വ്യവസ്ഥയുടെ അകമ്പടിയോടെയാണ് ഈ നാട്ടിൽ ജീവിക്കുന്നത്. പൊലീസുകാർ പലപ്പോഴും ഇത്തരം പ്രതികൾക്ക് ഒരുമിച്ച് ഒപ്പിടാൻ അവസരവും ഒരുക്കികൊടുക്കാറുണ്ട്. എന്നു മാത്രമല്ല ഈ പറയുന്ന കുറ്റാരോപിതൻ വീണ്ടും ആ കുറ്റം ചെയ്യാനുള്ള സാധ്യത ഇല്ലായെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ കോടതി നൽകിയിരിക്കുന്ന ഒപ്പിടൽ അടക്കമുള്ള ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകാൻ ആ ഉദ്യോഗസ്ഥന് അവകാശമുണ്ട്.

ഇത് നാട്ടിൽ നടപ്പുള്ള രീതിയുമാണ്. എന്നിട്ടും ഒരു പൊതു പ്രവർത്തകനായ രാഹുൽ ഈശ്വർ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോൾ വിമാനം വൈകിയതു കൊണ്ട് ഒപ്പിടൽ അല്പം വൈകിപ്പോയി എന്നതു ഒരു കാരണമായി എടുത്ത് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയോട് പറയുന്നുകയും വീണ്ടും ജയിലിലടയ്ക്കാൻ ശ്രമിക്കുന്നത് ഭീരുത്വവും ഗൂഢാലോചനയും ക്രിമിനൽ കുറ്റവുമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തെ ഇങ്ങനെ നീചമായി വ്യപിചരിക്കുന്ന ഒരു പൊലീസ് ഭരണം ഓർമ്മയിൽ എങ്ങും ഒരിടത്തും ഉണ്ടാവില്ല. കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.