പാക്കിസ്ഥാന് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലോകപൊലീസായ അമേരിക്കയുടെ ഈ നിലപാട് മാറ്റത്തിൽ ഇന്ത്യയ്ക്ക് മതിമറന്ന് ആഹ്ലാദിക്കാൻ എന്തുണ്ട് എന്നാണ് ഇൻസ്റ്റന്റ് റസ്‌പോൺസ് അന്വേഷിക്കുന്നത്.

വർഷങ്ങളായി ചങ്ങാതിമാരായിരുന്നവർ വേർപിരിഞ്ഞിരിക്കുന്നു. വർഷങ്ങളായുള്ള അമേരിക്ക -പാക്കിസ്ഥാൻ ബന്ധത്തിന് പൂർണവിരാമം.യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാക്കിസ്ഥാനെ വിമർശിച്ചത് അതിരൂക്ഷമായ ഭാഷയിലാണെങ്കിൽ തിരിച്ചടിക്കാൻ തെല്ലും മടി കാട്ടുന്നില്ല പാക്കിസ്ഥാൻ.അമേരിക്കയുടെ സഹായമേ വേണ്ട എന്നുപറയാനും ധൈര്യം കാട്ടിയിരിക്കുന്നു.

15 വർഷമായി പാക്കിസ്ഥാൻ നമ്മളെ വിഡ്ഢികളാക്കുകയാണ്.3300 കോടി ഡോളർ സഹായമാണ് ഇത്രയും കാലത്തിനിടെ,അവർക്ക് നൽകിയത്. തിരിച്ചുനൽകിയതാകട്ടെ നുണകളും ചതിയും മാത്രം. അഫ്ഗാനിസ്ഥാനിൽ ഭീകരർക്കെതിരെ നമ്മൾ പോരാടുമ്പോൾ,ഭീകരരർക്ക് സുരക്ഷിത താവളമായി പാക്കിസ്ഥാൻ മാറി. ഇനിയും ഇങ്ങനെ മുന്നോട്ട് പോകാനാവില്ല.

അതേസമയം പാക്കിസ്ഥാനെ പോലും ഇന്ത്യ ഭയപ്പെടേണ്ട സാഹചര്യത്തിലേക്കാണ് ചൈന കൊണ്ടുചെന്നെത്തിക്കുന്നത് എന്നതാണ് വാസ്തവം.അമേരിക്കയെ സംബന്ധിച്ചിടത്തോളം ചൈനയുമായി ഇന്ത്യ വഴക്കിടേണ്ടത് അവരുടെ നിലനിൽപ്പിന്റെ ആവശ്യമാണ്. ചരിത്രപരമായി തർക്കത്തിലായ ചൈന എതിർഭാഗത്ത് നിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനെ അമേരിക്ക തള്ളിപ്പറഞ്ഞതിൽ ഇന്ത്യ സന്തോഷിക്കേണ്ട കാര്യമില്ല. മറിച്ച് ആശങ്കപ്പെടാൻ ഏറെയുണ്ട് താനും!