തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനെ തല്ലിയത് ഫാസിസത്തിന്റെ സ്വഭാവികമായ പ്രതികരണവും അങ്ങേയറ്റം തെമ്മാടിത്തരവും ആണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടോ? ആർഎസ്എസ് - സംഘപരിവാർ പ്രവർത്തകർ അസഹിഷ്ണുതയുടെ വക്താക്കൾ ആണ് എന്ന എല്ലാവർക്കും അറിയാവുന്ന സത്യം വീണ്ടും അടിവരയിടാൻ ? ഇതു കാരണമായി. അറിയപ്പെടുന്ന ഒരു കവിക്ക് പോലും തന്റെ അഭിപ്രായം തുറന്നു പറയാൻ കമ്മ്യുണിസ്റ്റുകാർ ഭരിക്കുന്ന കേരളത്തിൽ പോലും സാധിക്കുന്നില്ല എന്നതു അപകടകരമായ പ്രവണതയാണ്. യാതൊരു തര ന്യായീകരണവും അർഹിക്കാത്ത ശുദ്ധ തെമ്മാടിത്തരമാണ് കവിക്ക് നേരെയുണ്ടായ അക്രമണം. കവി പറഞ്ഞത് എന്തുമാവട്ടെ - തല്ല് അതിനൊരു പരിഹാരമല്ല.ഇക്കാര്യമാണ് ഇന്റസ്റ്റന്റ് റസ്‌പോൺസിന്റെ ഇന്നത്തെ വിഷയം

ഒരു ഗ്രന്ഥശാലയുടെ പരിപാടിയിൽ പങ്കെടുത്തപ്പോൾ സമ്പൂർണ മതേതരവാദിയായ ശ്രീകുമാർ ചില വിശ്വാസങ്ങൾക്ക് നേരെ കടുത്ത വിമർശനം ഉന്നയിച്ചതാണ് കയ്യേറ്റ ശ്രമത്തിൽ കലാശിച്ചത്. ശ്രീകുമാറിന്റെ അഭിപ്രായത്തോട് വാസ്തവത്തിൽ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേർക്കും എതിർപ്പുണ്ടായിരുന്നു. അയ്യപ്പൻ ജനിച്ചത് സ്വവർഗ രതിയിലൂടയാണ്, പത്മനാഭസ്വാമിയുടെ നാഭിയിലെ താമര വച്ചത് ബിജെപിക്കാരാണ്; ബ്രഹ്മാവിന്റെ തല ഫെവിക്കോളിന് ഒട്ടിച്ച് വച്ചിരിക്കുന്നതാണ്, എറണാകുളം ക്ഷേത്രം ഇടിച്ചുനിരത്തി കുഴിക്കക്കൂസ് പണിയണം തുടങ്ങിയ പരാമർശങ്ങൾ ഒക്കെ കുരീപ്പുഴ നടത്തി എന്നാണ് അക്രമത്തെ ന്യായീകരിക്കുന്നവർ പറയുന്നത്.

ഇങ്ങനെയൊക്കെ തന്നെയാണ് ശ്രീകുമാർ പറഞ്ഞത് എന്നു വ്യക്തമാകണമെങ്കിൽ ഇതു സംബന്ധിച്ച വീഡിയോ പുറത്തു വരണം. എന്തായാലും ശ്രീകുമാറിന്റെ പരാമർശം സദസിൽ പൊതുവേ മതിപ്പ് ഉണ്ടാക്കിയില്ല എന്നതിന്റെ തെളിവാണ് ഗ്രന്ഥശാലാ സെക്രട്ടറി അഡ്വ. ജയകുമാർ ക്ഷമ ചോദിച്ച് പ്രസംഗിച്ചത്. തുടർന്ന് പുറത്തിറങ്ങിയ ശ്രീകുമാറിനെ ഒരു വിഭാഗം ആളുകൾ ചോദ്യം ചെയ്യുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ആയിരുന്നു. വലിയ തോതിൽ അസഭ്യം വിളിക്കുകയും കയ്യേറ്റ ശ്രമം ഉണ്ടായെന്നും ഗ്രന്ഥശാല ഭാരവാഹികൾ തന്നെയാണ് തല്ലുകൊള്ളാതെ രക്ഷിച്ചതെന്നും ശ്രീകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. കവി പറഞ്ഞ ഒരു ആശയത്തോടും മറുനാടന് യോജിപ്പില്ല. ബഹുസ്വരമുള്ള ഒരു സമൂഹത്തിൽ വിദ്വേഷം പടർത്താൻ ഇടയുള്ള ഇത്തരം അഭിപ്രായങ്ങൾ ഒഴിവാക്കാനുള്ള വിവേകം പൊതു പ്രസംഗക്കാർ കാണിക്കേണ്ടതുമുണ്ട്. എന്നാൽ ആരോഗ്യകരമായ ഒരു ജനാധിപത്യ ക്രമത്തിൽ ആ രാജ്യത്തെ പൗരന്മാർക്ക് സ്വതന്ത്രമായി ചിന്തിക്കാനും അവർക്ക് ഇഷ്ടമുള്ളത് പറയാനുമുള്ള അവകാശം ഉണ്ട്. ഫ്രീ - സ്പീച്ച് എന്നത് ജനാധിപത്യത്തിന്റെ ആണിക്കല്ലാണ്. നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് ഭയരഹിതമായി എന്തും പറയാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം ഉറപ്പു നൽകുന്നത്.

കുരീപ്പുഴ ശ്രീകുമാർ എന്ത് പറഞ്ഞു എന്നത് ഇവിടെ ഒട്ടും പ്രസക്തമല്ല. എന്ത് അഭിപ്രായവും പറയാനുള്ള പരിപൂർണമായ അവകാശം ഇന്ത്യൻ ഭരണഘടനാ ഉറപ്പു നൽകുന്നുണ്ട്. ഫ്രീ സ്പീച്ച് എന്നാൽ അത് തന്നെയാണ്. മതങ്ങളും ദൈവങ്ങളും വിമർശനാതീതം ആണെന്നും കരുതേണ്ടതില്ല. ഒരാളെ അയാളുടെ അഭിപ്രായത്തിന്റെ പേരിൽ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും അസഭ്യം വിളിക്കുന്നതും അംഗീകരിക്കാൻ ആവില്ല. ഒരാൾ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് വിയോജിക്കുന്നു എന്ന് മാന്യമായ ഭാഷയിൽ പറയണം. തല്ലിയും പേടിപ്പിച്ചുമല്ല തീർക്കേണ്ടത്. ശ്രീകുമാറിന്റെ കാര്യത്തിൽ സംഭവിച്ചതും അതാണ്. അതുകൊണ്ട് തന്നെ ഇതു ഫാസിസമല്ലാതെ മറ്റൊന്നല്ല. ഇതിനെ അപലപിക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല.