തിരുവനന്തപുരം: പെൻഷൻ കിട്ടാത്തതുകൊണ്ട് നിത്യവൃത്തിക്ക് നിവൃത്തിയില്ലാതെ കെഎസ്ആർടിസി ജീവനക്കാർ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോൾ, ഭരണകൂടം പ്രതിക്കൂട്ടിലാവുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും, ധനമന്ത്രി തോമസ് ഐസക്കും ചേർന്ന് കെഎസ്ആർടിസിക്കാരെ ആത്മഹത്യയ്ക്ക് ഇരകളാക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നു.ഒരുജീവിതം മുഴുവൻ സ്ഥാപനത്തിന് വേണ്ടി വിനിയോഗിച്ചിട്ട് അർഹമായ പെൻഷൻ എന്തുകൊണ്ട് കിട്ടുന്നില്ലെന്ന് ചോദ്യങ്ങൾ ഉയരുന്നു.

എന്നാൽ ഈ ആത്മഹത്യകളിൽ മനസ്സറിഞ്ഞ് വേദനിക്കാനോ, ആത്മഹത്യകൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാണിക്കാനോ ഇൻസ്റ്റന്റ് റെസ്‌പോൺസിന് സാധിക്കുകയില്ലെന്ന് ക്ഷമാപൂർവം പറയട്ടെ.കെഎസ്ആർടിസി ജീവനക്കാർ പെൻഷൻ ലഭിക്കാതെ മരിക്കുന്ന വാർത്ത വായിക്കുന്ന കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന ആർക്കും സാധിക്കില്ല.ഓരോ ജീവനും വിലപ്പെട്ടതാണ്..ഓരോ മരണവും തടയേണ്ടതാണ്.എന്നാൽ, പെൻഷൻ ലഭിക്കാതെ നിത്യവൃത്തിക്ക് വകയില്ലാതെയാതെ ആണ് ആ ആത്മഹത്യകൾ എന്നുവിശ്വസിക്കാൻ പ്രയാസമാണ്.മറിച്ച് കെഎസ്ആർടിസി എന്ന പറയുന്ന സ്ഥാപനം പെരുങ്കടലിൽ മുങ്ങിത്താഴുന്നത് തങ്ങളുടെ പൂർവകാല പ്രവർത്തികൾ മൂലമാണല്ലോ എന്ന കുറ്റബോധം കൊണ്ടായിരിക്കാം അവർ ആത്മഹത്യ ചെയ്യുന്നത്.

പുന്നാരം സിനിമയിൽ പറയുന്നത് പോലെ സ്‌റ്റോപ്പുകളിൽ കൃത്യമായി നിർത്താതിരിക്കുകയും, ക്യത്യമായി വരാതിരിക്കുകയും മുടങ്ങുകയും ചെയ്യുന്ന 15 വർഷം മുമ്പുള്ള ആ ഭൂതകാലം ഓർക്കാം.അപ്പോൾ ആ യാഥാർഥ്യബോധത്തിന്റെ ഓർമ ലഭിക്കും.എത്ര് ധാർഷ്ട്യത്തോടെയാണ് അവർ യാത്രക്കാരോട് പെരുമാറിയിരുന്നത്. ചില്ലറയില്ലെങ്കിൽ ഉള്ള പെരുമാറ്റം ഓർക്കുന്നില്ല?ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. അവർ ജോലി ചെയ്യാറുണ്ട്. വാഹനം സ്‌റ്റോപ്പുകളിൽ നിർത്താറുണ്ട്.ഒരു ടയർ പഞ്ചറായായൽ യാത്ര അവസാനിപ്പിക്കുന്ന ആ കാലം മാറിയിരിക്കുന്നു.എന്നാൽ, ഇന്നത്തെ ദുരവസ്ഥയിലേക്ക് കെഎസ്ആർടിസി എത്താൻ കാരണം ഭൂതകാലത്തിലെ ആ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ്. അതുകൊണ്ട് മാത്രം അവരെ ദ്രോഹിച്ച സാധാരണക്കാരുടെ നികുതിപ്പണം കൊണ്ടല്ല പെൻഷൻ നൽകേണ്ടത്.

ഇക്കാര്യം മാത്രമല്ല. കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്.1983 ൽ കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ ആരംഭിക്കുന്നത് പ്രത്യേക ഉത്തരവിലൂടെയാണ്.അന്ന് വ്യക്തമായി പറഞ്ഞിരുന്നു പെൻഷന്റെ ബാധ്യത സർക്കാരിന്റേതല്ലെന്ന്.ബസ് ഓടിച്ച് ലാഭമുണ്ടാക്കി ആ ലാഭത്തിൽ നിന്ന് വേണം വണ്ടി ഓടിക്കാനെന്ന്.അഞ്ചുവർഷം മുമ്പ് ജീവനക്കാരുമായി ശമ്പള പരിഷ്‌കരണ കരാർ ഒപ്പിടുമ്പോഴും വ്യക്തമായി പറഞ്ഞിട്ടുണ്ട് ഈ ബാധ്യത സർക്കാരിന്റേതല്ലെന്ന്.ഈ ബാധ്യത ഏറ്റെടുക്കേണ്ടത് കോർപ്പറേഷനും ജീവനക്കാരുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.ഇത് ലംഘിച്ച് ബജറ്റിൽ നിന്ന് വാരിക്കോരി ജീവനക്കാർക്ക് കൊടുക്കുന്നത് എന്തുതരം നീതിയാണ്?

കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനെ കുറിച്ചുള്ള അവകാശവാദം എത്ര ബാലിശമാണെന്ന് അറിയണമെങ്കിൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് മാത്രം പരിശോധിച്ചാൽ മതി.ഏകദേശം 67 പൊതുമേഖലാസ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്.1,30,000 ബസുകൾ വിവിധ സംസ്ഥാനങ്ങളിലായി ഓടുന്നു.മൂന്ന് ല്ക്ഷം ജീവനക്കാരുണ്ട്.ഇവർക്കാർക്കും ഇല്ലാത്ത പെൻഷനാണ് കെഎസ്ആർടിസി ജീവനക്കാർ അവകാശപ്പെടുന്നത്.ഈ വാദങ്ങൾ പറയുമ്പോൾ കെംസ്ആർടിസി ജീവനക്കാരുടെ എതിർവാദം സർക്കാർ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും,എംഎൽഎമാർ്ക്കും മറ്റും നൽകുന്ന അനാവശ്യ ആനുകൂല്യങ്ങളാണ് ബാധ്യതയാണ് പേറുന്നതെന്നാണ്.അത് കള്ളക്കണക്കാണ്.2015-16 ൽ 120.79 കോടി മാത്രമാണ് ഇങ്ങനെ ആനുകൂല്യം നൽകിയത്.എന്നാൽ,സ്വകാര്യ ബസുകളും ഈ ആനുകൂല്യങ്ങളൊക്കെ നൽകുന്നുണ്ട്. വാസ്തവത്തിൽ സ്വകാര്യബസുകളാണ് വിദ്യാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.

സ്വകാര്യ ബസുകൾ ഓരോ വർഷവും 1 ല്ക്ഷം രൂപ നികുതി അടയ്ക്കുമ്പോൾ, കെഎസ്ആർടിസി ഒരുനയാപൈസ പോലും നികുതി അടയ്ക്കുന്നില്ല.30,000 സ്വകാര്യ ബസുകൾ ഖജനാവിലേക്ക് നൽകുന്നത് 600 കോടി രൂപയാണ്.എന്നാൽ കെഎസ്ആർടിസിയുടെ കാര്യം തഥൈവ.സർക്കാർ ഖജനാവിലേക്ക് മുതൽകൂട്ടുന്ന മറ്റൊരു സ്ഥാപനമാണ് സഹകരണ ബാങ്കുകൾ.ഏതാണ്ട് 60,000 ജീവനക്കാരാണ് ബാങ്കുകളിലുള്ളത്.1500 കോടിയാണ് ഈ സ്ഥാപനങ്ങൾ ലാഭമുണ്ടാക്കുന്നത്.സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥന് ഒരുലക്ഷത്തി ഇരുപതിനായിരം രൂപ വരെ ശമ്പളമുണ്ട്.എന്നാൽ അവർക്ക് പോലും പരമാവധി പെൻഷൻ 15,000 രൂപയാണ്.ഈ പ്ശ്ചാത്തലത്തിൽ കെഎസ്ആർടിസിക്ക് മാത്രം ശമ്പളത്തിന്റെ 80 ശതമാനം പെൻഷൻ നൽകുന്നതിന്റെ അടിസ്ഥാനമെന്ത്?

7100 കോടിയാണ് ഇന്ന് കെഎസ്ആർടിസിയുടെ ബാധ്യത.6400 ബസാണ് കെഎസ്ആർടിസിക്ക് ഉള്ളത്.ഓടുന്നത് 5000 ത്തിൽ താഴെ മാത്രം.ഓരോ ബസിനും ഒന്നേകാൽ കോടിയോളം രൂപ ബാധ്യത.43,000 ജീവനക്കാരാണ് കെഎസ്ആർടിസി ഓടിക്കുന്നത്.3500 കോടി വായ്പ എടുത്തിട്ട് 9 ശതമാനം ദീർഘകാല പലിശയ്ക്ക് അത് തീർക്കാമെന്ന സർക്കാരിന്റെ മോഹവും പ്രതീക്ഷയും അസ്ഥാനത്താണ്.

കെഎസ്ആർടിസി നന്നാവാൻ ജീവനക്കാർ തന്നെ വിചാരിക്കണം.230 കിലോമീറ്ററാണ് ഒരു ബസ് കേരളത്തിൽ ഓടുന്നത്.തമിഴ്‌നാട്ടിൽ 523 കിലോമീറ്റർ.ആന്ധ്രയിൽ 379 കിലോമീറ്റർ.കേരളത്തിൽ ഒരുജീവനക്കാരൻ 35 കിലോമീറ്റർ ഓടിക്കാൻ വേണ്ടിയാണ് ശരാശരി ശമ്പളം കൈപ്പറ്റുന്നത്. ആന്ധ്രയിൽ ഒരുജീവനക്കാരന് 77 കിലോമീറ്ററും, തമിഴ്‌നാട്ടിൽ അത് 82 കിലോമീറ്ററുമാണ്.ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും പെൻഷനില്ലാതെ ഓടുന്ന ജീവനക്കാർ ഓടുന്ന ദൂരം പോലും കെഎസ്ആർടിസി ജീവനക്കാർ ഓടുന്നില്ല.ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു വെള്ളാനയെ തീറ്റിപ്പോറ്റുന്നതുകൊണ്ട് ഖജനാവ് കാലിയാവുകയേ ഉള്ളു.കെഎസ്ആർടിസി പിരിച്ചുവിടുക.ആ പണം സാധാരണക്കാർക്ക് നൽകുകയാണ് വേണ്ടതെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ് കരുതുന്നു.