ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഇനി 19 ദിവസം കൂടി മാത്രമേ ഉള്ളൂ. ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. യുഡിഎഫിന് വേണ്ടി വിജയകുമാറും എൽഡിഎഫിന് വേണ്ടി സജി ചെറിയാനും ബിജെപിക്ക് വേണ്ടി പിഎസ് ശ്രീധരൻ പിള്ളയുമാണ് ത്രികോണ മത്സരത്തിന് ഇറങ്ങുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെങ്ങന്നൂരിൽ ഉണ്ടായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുൻതൂക്കം പ്രഖ്യാപിച്ചപ്പോൾ തന്നെ എൽഡിഎഫിലേക്ക് വഴിമാറിയിരുന്നു.

 രണ്ടാഴ്ച ചൂറും ചുണയുമായി തിരഞ്ഞൈടുപ്പ് പ്രചരണം പൂർത്തിയായി കഴിഞ്ഞപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി മുൻതൂക്കം രേഖപ്പെടുത്തുകയാണ്. സജി ചെറിയാന് മുൻതൂക്കം ഉണ്ട് എന്നുള്ളതല്ല. ഈ സർക്കാരിനെതിരെ ഇത്രയധികം ആരോപണം ഉണ്ടായിട്ടും ഉപതെരഞ്ഞെടുപ്പിൽ അത് പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഒരു ജനകീയ മുന്നേറ്റത്തിലേക്ക് ചെങ്ങന്നൂരിനെ നയിക്കാൻ യുഡിഎഫ് അമ്പേ പരാജയപ്പെട്ടു എന്നതാണ് രണ്ടാഴ്ച ചെങ്ങന്നൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണം സൂചിപ്പിക്കുന്നത്.

കൃത്യമായ പദ്ധതിയോടും ആസൂത്രണത്തോടും കൂടി ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി എൽഡിഎഫ് പ്രചരണം നടത്തുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് വേണ്ടി യാതൊരു തരത്തിലുള്ള ഏകോപനവും മണ്ഡലത്തിൽ നടക്കുന്നില്ല. ഇടത് മുന്നണിയും ബിജെപിയും വീടുകൾ കയറിയുള്ള പ്രചരണങ്ങളും നോട്ടീസ് വിതരണവും പൂർത്തിയായി കഴിഞ്ഞെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ഒരു വട്ടം പോലും വീടുകയറൽ പൂർത്തിയാക്കിയിട്ടില്ല. വിജയകുമാർ ഒറ്റയ്ക്ക് സുഹൃത്തുക്കളുമായാണ് മണ്ഡലത്തിൽ പ്രചരണം നടത്തുന്നത്. ഇത്രയധികം നേതാക്കൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം വിജയകുമാറിന് വേണ്ടി ഇറങ്ങാത്തത്.

ചെങ്ങന്നൂർ മഞ്ചലത്തിൽ വളരെയധികം മണ്ഡലത്തിൽ സ്വാധീനമുള്ള വിജയകുമാറിന് വേണ്ടി യുഡിഎഫ് രംഗത്ത് ഇറങ്ങാത്തത് എന്ന ചോദ്യം ഇതിനകം ഉയർന്നു കഴിഞ്ഞു. ശശി തരൂർ മാത്രമാണ് ഇത്രയും നാളിനകം മണ്ഡലം ചുറ്റിയ പ്രമുഖൻ. രാഹുൽ ഗാന്ധിയെ വരെ എത്തിക്കേണ്ട സ്ഥാനത്താണ് ഇതെന്ന് ഓർക്കണം. മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ബന്ധങ്ങളുള്ള പിസി വിഷ്ണുനാഥ് ഇതുവരെ അങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.

മണ്ഡലത്തന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസഫ് വാഴക്കനും മിടുക്കന്മാരാണെങ്കിലും അവർ അവരുടേതായ തന്ത്രമോ ജ്ഞാനമോ അവിടെ പ്രയോഗിച്ചിട്ടുമില്ല. ഉമ്മൻ ചാണ്ടിയെ സംബന്ധിച്ചിടത്തോളം തന്റെ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ഒരാളുടെ സീറ്റ് മാറിക്കൊടുത്തതുകൊണ്ട് അത് ജയിപ്പിക്കുക എന്ന വാശി ഉണ്ടാകണമെന്നില്ല.

അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയുടെ അമാന്തം സ്വാഭാവികമാണ്. എന്നാൽ എന്തുകൊണ്ടാണ് രമേശ് ചെന്നിത്തല ഈ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രയത്‌നങ്ങളൊന്നും ചെയ്യാത്തത്. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തലയ്ക്ക് അതൊരു നേട്ടം തന്നെയായിരുക്കും. എന്നിട്ടും യാതൊരു താൽപര്യവും ചെന്നിത്തല ചെങ്ങന്നൂരിന്റെ കാര്യത്തിൽ കാണിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇപ്പോഴത്തെ സാഹചര്യത്തിൽ സജി ചെറിയാന് വിജയം സുനിശ്ചിതമാണ്. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. വരും ദിവസങ്ങളിൽ ഈ സാഹചര്യം മാറി മറിഞ്ഞെന്ന് വരാം. വരും ദിവസങ്ങളിൽ ഇത് മനസ്സിലാക്കിയുള്ള പ്രചരണവും ആസൂത്രണവും പര്യടനവും നടത്താൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെങ്കിൽ തോൽവി ഉറപ്പാണ്.

കഴിഞ്ഞ തവണ വിജയിക്കും എന്ന് വരെ പറഞ്ഞ പിഎസ് ശ്രീധരൻ പിള്ളയുടെ സ്ഥാനം ഇപ്പോഴും മൂന്നാം സ്ഥാനത്ത് തന്നെയാണ്. എന്നാൽ സജി ചെറിയാന് തന്നെയാണ് മുൻതൂക്കം എന്ന് ഉറപ്പിച്ചു പറാം. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വിജയം സജി ചെറിയാന് ഒപ്പം നിൽക്കും. അതുകൊണ്ട് വിജയകുമാറിന് വേണ്ടി ഇനി എങ്കിലും കോൺഗ്രസ് നേതൃത്വം ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ.