ദീപക് ശങ്കരനാരായണനെന്ന് പേരുള്ള ബാംഗ്ലൂരിലെ ഒരു ഐടി എഞ്ചിനീയർ സോഷ്യൽ മീഡിയയിലൂടെ ഒരു അഭിപ്രായം പറഞ്ഞതിന് കേരളാ പൊലീസ് ഐടി ആക്ട് പ്രകാരവും ഐപിസിയിലെ 153 എ വകുപ്പുകൾ പ്രകാരവും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരിക്കുകയാണ്. ഇത് സോഷ്യൽ മീഡിയയിൽ തെല്ലൊന്നുമല്ല കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. കാരണം ദീപക് ശങ്കര നാരായണൻ ഇപ്പോൾ കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ സൈബർ പോരാളികളിൽ അഗ്രഗണ്യനാണ്. സോഷ്യൽ മീഡിയായിലൂടെ സിപിഎമ്മിനെയും പിണറായി വിജയനെയും ന്യായീകരിക്കുന്നത് ഒരു പ്രധാന തൊഴിലായി മാറ്റിയിരിക്കുന്ന ഒരു ടെക്കിയാണ് ദീപക് ശങ്കര നാരായണൻ.

സിപിഎമ്മിനെതിരെ സോഷ്യൽ മീഡിയയിൽ എന്തെല്ലാം പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉണ്ടായാലും നേരിടാൻ കരുത്തുള്ള ആളാണ് ദീപക് ശങ്കര നാരായണൻ. എന്നിട്ടും ദീപക്കിനെതിരെ കേരളാ പൊലീസ് വലിയ കുറ്റം ചുമത്തി കേസ് എടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിലെ സിപിഎമ്മിന്റെ സൈബർ സഘാക്കൾക്ക് ഇത് ഒരുതരത്തിലും അംഗീകരിക്കാനാവുന്നില്ല. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയ ആൾ ഹിന്ദു ഐക്യവേദി ചെയർമാൻ ശശികലയാണ്. ശശികലയ്‌ക്കെതിരെ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ട് തവണ ജാമ്യമില്ലാ വകുപ്പ് പ്രകാരം രണ്ട് തവണ കേസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

രാജേന്ദ്രൻ പിള്ള എന്നു പറയുന്ന ആൾ പറഞ്ഞത് എല്ലാ മുസ്ലിം സ്ത്രീകളെയും ബലാത്സംഗം ചെയ്യണമെന്നാണ്. പ്രതീഷ് വിശ്വനാഥനെ പോലുള്ളവർ നിരന്തരമായി ഹിന്ദുവിന്റെ പേരിൽ മുസ്ലീമിനെതിരെയും മറ്റ് ന്യൂനപക്ഷങ്ങൾക്കെതിരെയും പോസ്റ്റുകൾ ഇടുന്നു. ഇവർക്കെതിരെ പലപ്പോഴും പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഇവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കേസുമായി മുന്നോട്ട് പോവുകയോ ചെയ്തിട്ടില്ല. എന്നിട്ടും ദീപക് ശങ്കരനാരായണനെതിരെ മാത്രം നിസ്വാർത്ഥമായ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്തുകൊണ്ട് പ്രതിചേർത്തു എന്ന ചോദ്യമാണ് സിപിഎം ഉന്നയിക്കുന്നത്. അതേസമയം സിപിഎം നീതിയുക്തമായി പെരുമാറി എന്നാണ് സർക്കാരിനെ അനുകൂലിക്കുന്ന പലരും പറയുന്നത്.

സിപിഎമ്മിന്റെ സൈബർ പോരാളികളാണെങ്കിലും ബിജെപിയുടെ സൈബർ പോരാളിയാണെങ്കിലും നടപടി എടുക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ല എന്ന സന്ദേശവും അവർ പറയുന്നു. ഇവിടെ പൊലീസ് നീതി യുക്തമായി പെരുമാറിയോ എന്നതല്ല വിഷയം. ഒരാൾക്ക് സോഷ്യൽ മീഡിയയിൽ ഒരു അഭിപ്രായം പറയാൻ പൊലീസിനെ ഭയപ്പെടണോ എന്നതാണ്. തീർച്ചയായും ദീപക് ശങ്കരനാരായണന്റെ അഭിപ്രായം അപലപനീയമാണ്. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്നാണ് ദീപക് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. അത് പറഞ്ഞത് ആലങ്കാരികമായിട്ടായിരുന്നു. എന്നാൽ ഒരു ഐടി എഞ്ചിനീയർ നടത്തിയ ഇത്തരത്തിലൊരു പരമാർശം ഔചിത്യമില്ലായ്മയും അപലപനീയവുമാണ്്.

എന്നാൽ അത്തരം ഒരു അഭിപ്രായം ദീപക് ശങ്കര നാരായണൻ ചെയ്തത് ഈ രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാനോ ഈ രാജ്യത്തെ എല്ലാ ഹിന്ദുക്കളേയും വെടിവെച്ചു കൊല്ലാനോ ആയിരുന്നില്ല. മറിച്ച് ജനാധിപത്യത്തെ കുറിച്ച് നടത്തിയ ഒരു ചർച്ചയിലെ വളരെ കടന്നു പോയ ഒരു അഭിപ്രായ പ്രകടനം ആയിരുന്നു അത്. എന്നാൽ ഇതിനെ വേറെ തലത്തിൽ വ്യാഖ്യാനിച്ച് 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് ജനാധിപത്യത്തിൽ ഭൂഷണമല്ല. പ്രത്യേകിച്ച് ശശികലയേയും പ്രതീഷ് വിശ്വനാഥനേയും പോലുള്ളവർക്ക് മേൽ കേസ് എടുത്തിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിൽ.

ശശികലയേയും രാജേന്ദ്രൻ പിള്ളയേയും പ്രതീഷ് വിശ്വനാഥനേയും പോലുള്ളവർ ഹിന്ദുക്കൾ ഉണരണമെന്നും മുസ്ലിംകളേയും ന്യൂനപക്ഷങ്ങളേയും നേരിടണമെന്ന് പറഞ്ഞിട്ടും പൊലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. എന്നിട്ടും ദീപക് ശങ്കര നാരായണനെതിരെ മാത്രം കേസും നടപടികളും. ഈ നാട്ടിൽ ആളുകൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം.