- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനമോ ഡ്രൈവറോ ശമ്പളമോ ഓഫീസോ ഇല്ലാതെ വലക്കുന്നു; കുറ്റപത്രത്തിന്റെ മറുപടി പറഞ്ഞു ജീവിതം തീർക്കുന്നു; സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതെ വെള്ളം കുടിപ്പിക്കുന്നു; ടിപിയെ ചെയ്തതിനേക്കാൾ ക്രൂരമായി ജേക്കബ് തോമസിന് ശിക്ഷിച്ച് പിണറായി സർക്കാർ: സത്യം പറഞ്ഞതിന് ഒരു ഡിജിപിയെ ഇങ്ങനെ ശിക്ഷിക്കാമോ?-ഇൻസ്റ്റന്റ് റെസ്പോൺസ്
കേരളത്തിലെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് ആണ്. പക്ഷേ കയ്യിലിരിപ്പ് മോശമാണെന്ന് ഭരിക്കുന്ന സർക്കാരിന് തോന്നിയതുകൊണ്ട് അദ്ദേഹം ഇന്ന് വീട്ടിലിരിക്കുകയാണ്. പുസ്തകം എഴുതിയതിന്റെ പേരിലും അഭിപ്രായം പറഞ്ഞതിന്റെ പേരിലുമാണ് ജേക്കബ് തോമസ് സസ്‌പെൻഷൻ വാങ്ങി വീട്ടിലിരിക്കുന്നത്. വിദേശത്തേക്ക് യാത്രയ്ക്ക് അനുമതി ചോദിച്ചപ്പോൾ സർക്കാർ കൊടുത്തില്ല. ഇന്ത്യൻ ഭരണ ഘടന ഏത് പൗരനും കൊടുക്കുന്ന മൗലിക അവകാശമാണ് സഞ്ചാര സ്വാതന്ത്ര്യം. അദ്ദേഹത്തിന്റെ പേരിലുള്ള അച്ചടക്ക നടപടി പുസ്തകം എഴുതി എന്നതും അഭിപ്രായം പറഞ്ഞു എന്നതുമാണ്. ഈ വിഷയത്തെ കുറിച്ചുള്ള അന്വഷണം ജേക്കബ് തോമസ് വിദേശത്ത് പോയി എന്നതുകൊണ്ട് ഒരിക്കലും ബാധിക്കില്ല. ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് അനുമതി നിഷേധിച്ചത്. അമേരിക്ക, കാനഡ, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ പോകാനാണ് ജേക്കബ് തോമസ് അനുമതി ചോദിച്ചത്. വി
കേരളത്തിലെ ഏറ്റവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് ആണ്. പക്ഷേ കയ്യിലിരിപ്പ് മോശമാണെന്ന് ഭരിക്കുന്ന സർക്കാരിന് തോന്നിയതുകൊണ്ട് അദ്ദേഹം ഇന്ന് വീട്ടിലിരിക്കുകയാണ്. പുസ്തകം എഴുതിയതിന്റെ പേരിലും അഭിപ്രായം പറഞ്ഞതിന്റെ പേരിലുമാണ് ജേക്കബ് തോമസ് സസ്‌പെൻഷൻ വാങ്ങി വീട്ടിലിരിക്കുന്നത്. വിദേശത്തേക്ക് യാത്രയ്ക്ക് അനുമതി ചോദിച്ചപ്പോൾ സർക്കാർ കൊടുത്തില്ല. ഇന്ത്യൻ ഭരണ ഘടന ഏത് പൗരനും കൊടുക്കുന്ന മൗലിക അവകാശമാണ് സഞ്ചാര സ്വാതന്ത്ര്യം. അദ്ദേഹത്തിന്റെ പേരിലുള്ള അച്ചടക്ക നടപടി പുസ്തകം എഴുതി എന്നതും അഭിപ്രായം പറഞ്ഞു എന്നതുമാണ്. ഈ വിഷയത്തെ കുറിച്ചുള്ള അന്വഷണം ജേക്കബ് തോമസ് വിദേശത്ത് പോയി എന്നതുകൊണ്ട് ഒരിക്കലും ബാധിക്കില്ല.
ജേക്കബ് തോമസ് അച്ചടക്ക നടപടികളോട് സഹകരിക്കുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി നൽകുന്ന വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിന് അനുമതി നിഷേധിച്ചത്. അമേരിക്ക, കാനഡ, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ പോകാനാണ് ജേക്കബ് തോമസ് അനുമതി ചോദിച്ചത്. വിദേശത്തേക്ക് പോയാൽ അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട അന്വേഷണം നീളുമെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു. എന്നാൽ ഇതിൽ കഴമ്പില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ക്രിമിനൽ ചട്ടപ്രകാരം നടക്കുന്നതല്ല ജേക്കബ് തോമസിനെതിരായ അന്വേഷണം. ജേക്കബ് തോമസ് സഹകരിച്ചില്ലെങ്കിൽ അക്കാര്യം വ്യക്തമാക്കി അച്ചടക്ക സമിതിക്ക് തീരുമാനം എടുക്കാം. ഇതാണ് ചട്ടം. അതുകൊണ്ട് തന്നെ അച്ചടക്ക നടപടിയുടെ പേരിൽ വിദേശയാത്രാ അനുമതി നിഷേധിക്കേണ്ടതില്ല. ഏത് കോടതിയിൽ പോയാലും ജേക്കബ് തോമസിന് അനുമതി കിട്ടും. എന്നാൽ നിയമയുദ്ധം വേണ്ടെന്ന തീരുമാനത്തിലാണ് ജേക്കബ് തോമസ് എന്നാണ് സൂചന.
എന്നിട്ടും ജേക്കബ് തോമസിനോട് വിദേശത്തേക്ക് പോകണ്ടാ എന്ന് പിണറായി വിജയൻ കൽപ്പിച്ചെങ്കിൽ അത് വ്യക്തിവിദ്വേഷം തീർക്കലും പകതീർക്കലുമാണ്. ഒരു പക്ഷേ പിണറായി വിജയന്റെ പക പോക്കൽ ആവില്ല. സംസ്ഥാനത്തിന്റെ സെക്രട്ടറിയായി ഇരിക്കുന്ന പോൾ ആൻണറിയുടെയും സൂപ്പർ സെക്രട്ടറിയായിവാഴുന്ന കെ എം ഇബ്രാഹിമിന്റേതും ആവാം. ഇപി ജയരാജൻ പ്രതിയായ ബന്ധു നിയമന വിവാദത്തിൽ വിജിലൻസ് പോൾ ആന്റണിയേയും പ്രതിചേർത്തിരുന്നു. ഈ കേസ് പിന്നീട് ഹൈക്കോടതി തന്നെ റദ്ദാക്കി. അത് സാങ്കേതിക അർത്ഥത്തിലാണ്. എന്നാൽ ഇപി ജയരാജന് തെറ്റ് പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയത്. എന്നാൽ സിപിഎം തെറ്റു പറ്റിയെന്ന് സമ്മതിച്ച സംഭവത്തിൽ പ്രതിയായ ഐഎഎസുകാരനെതിരെ ആരും നടപടിയെടുത്തില്ല. വിജിലൻസ് കേസിൽ പെട്ടതിന്റെ പ്രതികാരം പോൾ ആന്റണിക്കുണ്ടാകാം. ഇതാകും ജേക്കബ് തോമസിനെതിരെ ഇപ്പോൾ തീർക്കുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. വിദേശ യാത്രയ്ക്ക് ജേക്കബ് തോമസിന് അനുമതി നൽകാത്തത് മൗലികാവകാശ ലംഘനമാണെന്ന അഭിപ്രായവും സജീവമാണ്.
വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം സസ്‌പെൻഷൻ വീണ്ടും നീട്ടുകയായിരുന്നു. ബാർ കോഴ അടക്കമുള്ള അഴിമതികളിൽ അതിശക്തമായ നിലപാടാണ് ജേക്കബ് തോമസ് സ്വീകരിച്ചത്. ഇതെല്ലാം വലിയ ആവേശത്തോടെ മലയാളികൾ ഏറ്റെടുത്തു. എന്നാൽ ഇന്ന് ശമ്പളം പോലുമില്ലാതെ ജേക്കബ് തോമസ് ഔദ്യോഗിക സംവിധാനങ്ങൾക്കെതിരെ യുദ്ധം ചെയ്യുമ്പോൾ ആരും സംസാരിക്കുന്നതു പോലുമില്ല. ബാർ കോഴയിൽ യുഡിഎഫ് സർക്കാരിന്റെ നിലപാടുകളും വിജിലൻസ് എഡിജിപി ആയിരിക്കെ ജേക്കബ് തോമസ് ചെവിക്കൊണ്ടില്ല. ഇതുകൊണ്ട് തന്നെ കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസുമെല്ലാം ജേക്കബ് തോമസിന് എതിരാണ്. അൽപ്പം അഹങ്കാരിയായ ജേക്കബ് തോമസിനോട് മാധ്യമങ്ങൾക്കും താൽപര്യമില്ല. അതിനാൽ ഈ ഒറ്റയാൾ പോരാട്ടം പത്ര താളുകളിൽ ഒരു ചെറു കോളത്തിൽ മാത്രം ഒതുങ്ങുകയും ചെയ്യുന്നു.
ഈ സാഹചര്യം കൂടി മനസ്സിലാക്കിയാണ് ജേക്കബ് തോമസിനെ പിണറായി സർക്കാർ പീഡിപ്പിക്കുന്നത്. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. അഴിമതിക്കാരും അധികാരമോഹികളും ഒഴിച്ചുതരുന്ന വെള്ളത്തിൽ നിന്ന് രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കാൻ പോലും മടിക്കുന്നവരായി ജനം മാറിയെന്ന് ജേക്കബ് തോമസ് ഇപ്പോൾ തിരിച്ചറിയുകയാണ്. നേരത്തെ സർക്കാർ നിയോഗിച്ച അച്ചടക്ക സമിതിക്കു മുൻപാകെ ഡിജിപി ജേക്കബ് തോമസ് ഹാജരായില്ല. സസ്പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരായ വകുപ്പുതല നടപടിയുടെ ഭാഗമായാണു നോട്ടിസ് നൽകിയത്. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു.
ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. വീണ്ടും സസ്പെന്റ് ചെയ്ത ശേഷം ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിൽ അദ്ദേഹം മറുപടി നൽകും. അഴിമതിക്കെതിരെ തന്റേതായ രീതിയിൽ മുന്നോട്ട് പോകുമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇത് തന്നെയാണ് അദ്ദേഹത്തെ ഇടത് സർക്കാരിനും ശത്രുവാക്കുന്നതെന്നാണ് സൂചന. ജേക്കബ് തോമസിന്റെ ആത്മകഥയായ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഏറെ ചർച്ചയായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നാണ് ആരോപണം.
ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് കത്തയച്ചിരുന്നു. ഇതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശന ചടങ്ങിൽ നിന്ന് പിന്മാറി. പൊലീസിലെ പ്രധാന ചുമതലകളിൽനിന്ന് സർക്കാർ തന്നെ ഒഴിവാക്കിയതും അതിന്റെ കാരണങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ബാർ കോഴ ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും മുൻ യു.ഡി.എഫ് സർക്കാരിനെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പുസ്തകത്തിൽ ഉന്നതർക്കെതിരെ കടുത്ത വിമർശനങ്ങൾ ഡി.ജി.പി. ജേക്കബ് തോമസ് ഉന്നയിച്ചിരുന്നു.
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത്, ഉദ്യോഗസ്ഥ മേലാളികളുടെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ നിലപാടെടുത്ത് രക്തസാക്ഷിയായ ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അദ്ദേഹത്തെ മൂലയ്ക്കിരുത്തുന്നതും അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ സമ്മതിക്കാതെ ശിക്ഷിക്കുന്നതും ജനാധിപത്യം കണ്ട ഏറ്റവും വലിയ വെല്ലുവിളിയും ഭീഷണിയുമാണ്. അദ്ദേഹത്തെ പോലുള്ളവരെ പിന്തുണയ്ക്കാൻ പൊതുജനത്തിന് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ രാജ്യത്തെ അഴിമതി ഒരിക്കലും ഇല്ലാതാവില്ല. ജേക്കബ് തോമസിനെ പോലുള്ളവർ സത്യത്തിന്റെ പ്രതീകങ്ങളാണ്. അഴിമതിക്കെതിരെയുള്ള സന്ധിയില്ലാ സമരത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ്. ജേക്കബിനെ ശിക്ഷിച്ചാൽ അത് പൊതുസമൂഹത്തെയും നിതിയേയും ശിക്ഷിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തെ പോലുള്ളവരെ തളരാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. അഴിമതിക്കെതിരെ നട്ടെല്ലുവളയ്ക്കാതെ ജേക്കബിനെ പോലുള്ളവർ ഇനിയും ഉണ്ടാവട്ടെ എന്ന് ആശംസിക്കുകയാണ് വേണ്ടത്.