രുപത് വയസുപോലും പൂർത്തിയാകാത്ത ഒരു പെൺകുട്ടിയുടെ നിലവിളിയും കണ്ണുനീരും കണ്ട് കേരളം കരയുകയാണ് രണ്ട് ദിവസമായി. അവൾ വിവാഹം കഴിച്ചു എന്ന് സർക്കാർ അംഗീകരിക്കും മുമ്പ് അവളുടെ പ്രിയതമൻ യാത്രയായി. നിയമത്തിന്റെ ഭാഷയിൽ അവൾ അവിവാഹിതയാണ്. പക്ഷേ അവളുടെ പ്രിയപ്പെട്ടവനെ അവൾ വരണമാല്യം അണിയിച്ച് ഒരു ദിവസം അവൾ അവനോടൊപ്പം ജീവിച്ചു. അവളുടെ പ്രിയപ്പെട്ടവനെ അവളുടെ സഹോദരനും സംഘവും പിടിച്ചിറക്കിക്കൊണ്ടു പോയി കണ്ണുപോലും ചൂഴ്‌ന്നെടുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയപ്പോൾ അവൾ നിസ്സഹയായി നിലവിളിക്കുകയാണ്.

ഇന്ന് അവളുടെ പ്രിയപ്പെട്ടവന്റെ മൃതദേഹം അവന്റെ വീട്ടിലേക്ക് കൊണ്ടു വന്നപ്പോൾ ആ മൃതദേഹം അടക്കം ചെയ്ത പേടകത്തെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ നടത്തിയ നിലവിളി, അവളുടെ സങ്കട പെരുമഴ ആർക്കാണ് സഹിക്കാൻ കഴിയുക. ഒരു സഹോദരിയുള്ള ഏതെങ്കിലും ഒരു സഹോദരന് സഹിക്കാൻ കഴിയുമോ. ഒരു മകളുള്ള ഏതെങ്കിലും ഒരു മാതാപിതാക്കൾക്ക് ആ മകളുടെ സങ്കടം സഹിക്കാനാവുമോ? 23 വയസ് വരെ വളർത്തി വലുതാക്കിയ ആ മകന്റെ ചേതനയറ്റ ശരീരം കണ്ട് അലറിക്കരയുന്ന അമ്മയുടെ സങ്കടം ആർക്കെങ്കിലും സഹിക്കാനാവുമോ?

ഒരു പ്രണയം വരുത്തി വെച്ച വിനയാണിതൊക്കെ. പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായ ഒരു പുരുഷനോട് സ്‌നേഹം തോന്നിയപ്പോൾ സമൂഹം അടിച്ചേൽപ്പിച്ച വിധിയാണിത്. ആ പെൺകുട്ടിയുടെ കണ്ണ് നീരിന് ദൈവം നമ്മളെ ശിക്ഷിക്കില്ലേ. ആ വേദന കൊടുങ്കാറ്റായി ആഞ്ഞു വീശുമ്പോൾ ആ കണ്ണുനീർ മഴയായി പെയ്തിറങ്ങുമ്പോൾ ആ വെള്ളപ്പൊക്കത്തിൽ നമ്മളൊക്കെ ഒലിച്ചുപോയെന്നു വരാം. പണത്തിന്റെ പേരിലല്ല അവനെ അവർ വെട്ടിനുറുക്കി കൊന്നത്. ദുരഭിമാനത്തിന്റെ പേരിൽ ജാതിയുടെ പേരിലാണ് കെവിന്റെ ജീവൻ കൊത്തി പറിച്ചെടുത്തത്.

കെവിനെ കൊന്നു കളഞ്ഞ ഷൈനുവിന്റെ അച്ഛനും അമ്മയും രണ്ട് മതതത്തിൽപ്പെട്ടവരായിരുന്നു. അവർ ഇഷ്ടപ്പെട്ടതു കൊണ്ട് മതം മാറി വിവാഹം ചെയ്തവരാണ്. എന്നിട്ടും മകൾ അന്യജാതിക്കാരനെ വിവാഹം കഴിച്ചു എന്ന് പറഞ്ഞപ്പോൾ അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. കെവിൻ ദളിതനായിരുന്നു എന്നതാണ് ആ കുടുംബത്തിന്റെ പ്രശ്‌നം. ഒരു ദളിതനെ മരുമകനായി കൊണ്ടു വരാൻ ആ പിതാവ് ആഗ്രഹിച്ചില്ല. ഒരു ദളിതനെ അളിയൻ എന്നുവിളിക്കാൻ ആ സഹോദരന് സാധിച്ചില്ല. ആ പെൺകുട്ടിയുടെ മനസ് എനിക്ക് അവനെ വേണം എന്ന് പറയുമ്പോൾ അവളുടെ ഇഷ്ടമാണ് കുടുംബത്തിന്റെ സന്തോഷം എന്ന് മനസ്സിലാക്കാനുള്ള വലിപ്പം ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല.

അന്യജാതിയിൽപ്പെട്ടവരെ അല്ലെങ്കിൽ മതത്തിൽപ്പെട്ടവരെ സ്‌നേഹിച്ചു പോയാൽ അത് പലരുടേയും അഭിമാനം ഇല്ലാതാക്കുകയാണ്. ജാതിക്കും മതത്തിനും വേണ്ടി കൂടപ്പിറപ്പിനെ കൊല്ലുകയാണ്. ഈ പാപം ഒക്കെ നമ്മൾ എവിടെ പോയി കഴുകി തീർക്കും. രണ്ട് കുടുംബങ്ങളാണ് ഇതുകൊണ്ട് ഇല്ലാതായിരിക്കുന്നത്. ആ ജീവൻ കൊത്തിപ്പറിച്ചപ്പോൾ ആ പെൺകുട്ടിയുടെ കുടുംബം തന്നെ ഇല്ലാതായിരിക്കുകയാണ്. ആ പെൺകുട്ടി ഇനി എവിടെ ജീവിക്കും. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരിക്കൽ പോലും താമസിച്ചിട്ടില്ലാത്ത ആ വീടാണോ അവളുടെ കുടുംബം. അവൾക്ക് ഇനി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാനും ആവില്ല.

ആത്മഹത്യയും മരണവും ഭയപ്പെടുത്തുകയാണ് രണ്ട് കുടുംബങ്ങളെ. ഇനി ഒരിക്കലും ഒരു കെവിനും നമ്മുടെ മുമ്പിൽ ഉണ്ടാവാൻ പാടില്ല. പണത്തിന്റേയും ജാതിയുടേയും പേരിൽ ഒരാളെ നമ്മൾ മാറ്റി നിർത്തുമ്പോൾ നമ്മൾ നമ്മളെ തന്നെയാണ് അപമാനിക്കുന്നത്. ആ പെൺകുട്ടി ആ ചെറുപ്പക്കാരനെ കല്ല്യാണം കഴിച്ചാൽ തനിക്ക് സമൂഹത്തിലുള്ള സ്ഥാനം ഇല്ലാതാകുമെന്ന് ഒരു മിശ്രവിവാഹം കഴിച്ച ദമ്പതികളുടെ മകൻ പോലും വിചാരിക്കുന്നെങ്കിൽ മതവും ജാതിയും എത്ര ആഴത്തിലാണ് നമ്മുടെ മനസ്സിൽ വേരുറപ്പിച്ചിരിക്കുന്നത്. ആ പെൺകുട്ടിയുടെ കണ്ണുനീർ നമ്മുടെയൊക്കെ പാപം കഴുകി കളയട്ടേ.