കോടിയേരിയുടെ മകൻ ബിനോയി ദുബായിൽ 13 കോടിയുടെ തട്ടിപ്പു നടത്തി എന്ന ആരോപണത്തിന്റെ ചൂട് കുറഞ്ഞു വരികയാണ്. കാരണം അങ്ങിനെ തട്ടിപ്പു നടത്തി എന്ന പേരിൽ ഒരു പരാതി ദുബായ് പൊലീസിന്റെ കയ്യിൽ ഇല്ല. എന്നു മാത്രമല്ല അങ്ങിനെ പൊലീസിന്റെ കയ്യിൽ ഒരു പരാതി ലഭിച്ചിട്ടില്ലെങ്കിൽ സ്വാഭാവികമായും അതൊരു വിഷമയാകുകയും ചെക്ക് മടങ്ങിയത് കേസാവുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.

ബിസിനസ് പങ്കാളികളായിരുന്ന ബിനോയിയുടെ സുഹൃത്ത് രാഹുൽ പണം കിട്ടാൻ വേണ്ടി പരമാവധി ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോൾ ഈ പരാതി കേസ് ആക്കുമെന്ന് മുന്നറിയിപ്പ് നൽകാൻ വേണ്ടി നടത്തിയ പരാതിയായിരുന്നു സിപിഎമ്മിന് കൊടുത്തതും വിവാദമായതും. ഇത്രയും വിവാദമായതു കൊണ്ട് തന്നെ രവി പിള്ള ആ ഫണ്ട് നൽകാമെന്നാണ് അനൗദ്യോഗികമായി പറഞ്ഞു കഴിഞ്ഞത്. രവി പിള്ള അല്ലെങ്കിൽ ഗൾഫിലെ ഏതെങ്കിലും പ്രമുഖർ ഈ പണം കൊടുത്ത് സെറ്റിൽ ചെയ്യും.

അതുകൊണ്ട് തന്നെ ഈ പ്രശ്‌നം കേസിലേക്കോ അറസ്റ്റിലേക്കോ പോവാൻ സാധ്യത ഇല്ല. എന്നാൽ സിപിഎം പോലുള്ള ഒരു തൊഴിലാളി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പോളിറ്റ് ബ്യൂറോ അംഗം ഇങ്ങനെ ഒരു വിവാദത്തിൽ ചെന്ന് ചാടിയതിന്റെ പശ്ചാത്തലം സാധാരണക്കാർ ചർച്ച ചെയ്യുന്നു. അത് സിപിഎം വിലയിരുത്തേണ്ടതാണ്. ഒരു ബിസിനസ് പങ്കാളികൾ തമ്മിലുള്ള തർക്കമാണെന്നും ഒരു ചെക്ക് മടങ്ങിയതാണെന്നും അതുകൊടുത്ത് തീരും എന്നൊക്കെ പറഞ്ഞ് അനായാസമായി ഇത് ഒഴിഞ്ഞു പോകാൻ സാധിക്കില്ല.

ഇന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകനെതിരെയുള്ള ആരോപണമാണ് സജീവമായി പരിശോധിക്കേണ്ടത്. വിജയൻ പിള്ളയുടെ മകൻ 12 കോടി രൂപ കബളിപ്പിച്ചു എന്ന് ബിനോയിക്കെതിരെ ആരോപണം ഉന്നയിച്ച രാഹുൽ കൃഷ്ണ പറയുന്നു. ഇതു സംബന്ധിച്ച കേസ് ഇപ്പോൾ ദുബായിലും ഉണ്ട് മാവേലിക്കര കോടതിയിലും ഉണ്ട്. ദുബായിൽ നിന്ന് അറസ്റ്റിനുള്ള സാധ്യതയുള്ളതു കൊണ്ട് ശ്രീജിത്ത് എന്ന വിജയൻപിള്ളയുടെ മകൻ അങ്ങോട്ട് പോവുന്നുമില്ലൈന്ന് പറയുന്നു.

ബിസിനസ് തർക്കം ഒഴിച്ചു നിർത്തിയാൽ പാവപ്പെട്ട കർഷകരെ പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി എങ്ങിനെയാണ് മുതലാളിമാരുടെ കെണിയിൽ ചെന്ന് പെടുന്നതെന്നാണ് പ്രധാനം. രവി പിള്ളയേയും യൂസഫലിയേയും പോലെയുള്ള ബിസിനസുകാർ സിപിഎമ്മിനെ സഹായിക്കുന്നു അല്ലെങ്കിൽ ഇടപെടുന്നു എന്നത് മറ്റൊരു വശം. എന്നാൽ എങ്ങനെയാണ് വിജയൻ പിള്ള എന്ന ഒരു കോൺഗ്രസുകാരനായ സാധാരണ പാർട്ടി പ്രവർത്തകൻ സിപിഎമ്മിന്റെ എംഎൽഎ ആയത് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒട്ടേറെ ഇടത് സ്ഥാനാർത്ഥികളെ കുറിച്ച് പെയ്ഡ് സ്ഥാനാർത്ഥികൾ എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതിൽ ഒട്ടേറെ പേർ വിജയിച്ച് എംഎൽഎമാരായി. ഈ എംഎൽഎമാരൊക്കെ തന്നെയാണ് ഇടതു പക്ഷ സർക്കാരിന് തലവേദന ഉണ്ടാക്കുന്നതും സിപിഎമ്മിന് നാണക്കേടുണ്ടാക്കുന്നതും. ഇത് തന്നെയാണ് തോമസ് ചാണ്ടി വിഷയത്തിൽ സംഭവിച്ചതും പാർട്ടിക്ക് നാണക്കേടായി മാറിയതും

ഇന്ന് വിജയൻ പിള്ളയുടെ മകൻ ആരോപണത്തിൽ വരുമ്പോൾ ചവറയിലെ ഒരു ബാർ ഉടമയായ വിജയൻ പിള്ള എങ്ങനെ സ്ഥാനാർത്ഥിയായി എന്നത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇദ്ദേഹം ഇമ്മൻ ചാണ്ടി സർക്കാർ ബാർ നിരോധിക്കുന്നതുവരെ കോൺഗ്രസുകാരനായിരുന്നു. ഷിബു ബേബി ജോൺ അടക്കമുള്ളവരുടെ വലം കൈയായി പ്രവർത്തിച്ചിരുന്ന പഞ്ചായത്ത് മെമ്പർമാത്രമായിരുന്നു വിജയൻപിള്ള എങ്ങെ കമ്മ്യൂണിസ്റ്റുകാരനായി. അയാൾ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ സിപിഎമ്മിന്റെ സ്ഥാനാർത്ഥിയാകുന്നു. പലരും ചോദിക്കും സിപിഎമ്മിന്റെ സ്ഥാനാർത്ഥിയല്ലല്ലോ കടകക്ഷിയായ സിഎംപിയുടെ സ്ഥാനാർത്ഥിയല്ലേ എന്ന്.

എന്നാൽ സിപിഎം എങ്ങനെയാണ് കടകക്ഷികൾക്ക് സ്ഥാനാർത്ഥികൾക്ക് സീറ്റ് നിർണയിക്കുന്നത് എന്നതാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് രവി പിള്ളയുടെ നോമിനിയായ ക്രിസ്റ്റി ഫെർണാണ്ടസിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ വിവാദമായിരുന്നു. വിജയൻപിള്ള രവി പിള്ളയുടെ നോമിനിയായതു പോലെ തന്നെ ക്രിസ്റ്റി ഫെർണാണ്ടസും രവി പിള്ളയുടെ നോമിനി യായിരുന്നു.അന്ന് പാർട്ടി നേതാവായ എംഎം ലോറൻസ് അടക്കം വിമർശിച്ചത് പാർട്ടിക്ക് ക്ഷീണം ചെയ്തു.

അതുകൊണ്ട് സിപിഎമ്മിന്റെ പലരേയും മറ്റ് പാർട്ടികളുടെ ലേബലിൽ മത്സരിപ്പിച്ചു. അതിൽ ഒരാളായിരുന്നു വിജയൻ പിള്ള. അതുകൊണ്ടാണ് ഒരു സുപ്രഭാതത്തിൽ സിഎംപിയുടെ നേതാവായത്. കാരാട്ട് റസാഖ് ഇതുപോലൊരു നേതാവാണ്. പി വി അൻവർ എന്ന നിലമ്പൂർ എംഎഎൽഎ ഫാന്റസി പാർക്കിന് വേണ്ടി നിയമവും വിവാദവും സൃഷ്ടിക്കുന്നു. സമ്പന്നനായിരുന്നു മുതലാളിയായിരുന്നു എന്നതാണ് അൻവറിനുള്ള യോഗ്യത. പണമാണ് പാർ്ടടി ഇതിലെല്ലാം മാനദണ്ഢമാക്കിയിരിക്കുന്നത് എന്ന് വ്യക്തം.

രവി പിള്ള എംപിയെ നിർത്തുന്നു, എംഎൽഎയെ നിർത്തുന്നു പാർട്ടി നേതാക്കളുടെമക്കൾക്ക് ജോലി കൊടുക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഇടത് സർക്കാരിന് മേൽ ഉള്ള രവി പിള്ള എന്ന സമ്പന്നന്റെ സ്വാധീനമാണ്. ഇത്തരം നേതാക്കൾ ഒരു തൊഴിലാളി പാർട്ടിയുടെ നേതാവായി അധപതിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം.