വിവാദ ഐപിഎസുകാരനായ ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസിയുടെ പുതിയ എംഡിയായി ചുമതല ഏറ്റിരിക്കുകയാണ്. തച്ചങ്കരി പിണറായി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും അടുത്ത ആളുകളിൽ ഒരാളാണ്. ടി പി സെൻകുമാർ എന്ന് പറയുന്ന ഡിജിപി സർക്കാരിനെ വെല്ലുവിളിച്ച് സുപ്രീംകോടതിയിൽ പോയി ഉത്തരവുമായി ഡിജിപി ആകാൻ വേണ്ടി പൊലീസ് ആസ്ഥാനത്തെത്തിയപ്പോൽ മറ്റാർക്കും അതിനെ തടയിടാൻ സാധിക്കുന്നില്ല എന്ന പൂർണ ബോധ്യത്തോടെ തച്ചങ്കരിയെ അഡീഷണൽ ഡിജിപിയായി പൊലീസ് ആസ്ഥാനത്ത് വെച്ച് പൊലീസിനെ നിയന്ത്രിച്ച ആളാണ് പിണറായി വിജയൻ. ആ തച്ചങ്കരി ഇന്ന് കെഎസ്ആർടിസി പോലുള്ള താരതമ്യേന അപ്രധാനമായുള്ള ഒരു തസ്തികയിൽ വരുമ്പോൾ അതിൽ ചില വഴിത്തിരിവുകൾ കണ്ടേ മതിയാകൂ. തച്ചങ്കരിയെ പോലെ വളരെ ഉന്നതനായ ഡിജിപി റാങ്കിലുള്ള പൊലീസ് ഓഫിസർ ഇരിക്കുന്ന തസ്തികയല്ല കെഎസ്ആർടിസി എംഡിയുടേത്.

തച്ചങ്കരിയുടെ നിയമനവും കെഎസ്ആർടിസുയുടെ ഭാവിയും തമ്മിൽ ബന്ധമുണ്ട്. ഒന്നുകിൽ കെഎസ്ആർടിസിയെ നന്നാക്കി നഷ്ടവും ലാഭവും ഇല്ലാത്ത രീതിയിൽ മുമ്പോട്ട് കൊണ്ടു പോകുക. അല്ലെങ്കിൽ കെഎസ്ആർടിസിയെ അടച്ചു പൂട്ടി ജീവനക്കാരെ പിരിച്ചു വിട്ട് ആ സംഭവമേ അവസാനിപ്പിക്കുക എന്ന രണ്ട് ഉത്തരവാദിത്തങ്ങളിൽ ഏതെങ്കിലും ഒന്ന് യുക്തി സഹമായി ചെയ്യുക എന്ന ഉത്തരവാദിത്തത്തിനാണ് തച്ചങ്കരിയെ നിയമിച്ചിരിക്കുന്നത് എന്നുവേണം കണക്കു കൂട്ടാൻ. തച്ചങ്കരിയെ നിയമിച്ചതു കൊണ്ട് കെഎസ്ആർടിസി നന്നാവും എന്ന് കണക്കു കൂട്ടാൻ പൊതുജനത്തിന് കഴിയുകയില്ല. കാരണം ഐപിഎസ് ഉദ്യോഗസ്ഥർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മോശം ട്രാക്ക് റെക്കോർഡ് തന്നെയാണ്. തച്ചങ്കരിയെ പൊതുസമൂഹം കാണുന്നത് ഒരു അഴിമതിക്കാരനായ ഉദ്യോഗസ്ഥനായാണ്. ഒട്ടേറെ ആരോപണങ്ങളിൽ പെടുകയും പൊതുസമൂഹത്തിന് മുന്നിൽ ഒന്നാന്തരം കച്ചവടക്കാരനായി അറിയപ്പെടുകയും ചെയ്യുന്ന തച്ചങ്കരി കെഎസ്ആർടിസിയെ മുടിപ്പിക്കുകയില്ലേ, കൈയിട്ടു വാരുകയില്ലേ എന്ന് ചിന്തിച്ചാൽ തെറ്റു പറയാനാവില്ല.

എന്നാൽ തച്ചങ്കരി തന്റെ ഇമേജ് വർദ്ധിപ്പിക്കാനായി ഈ പദവി വേണ്ടവിധം ഉപയോഗിക്കും എന്നാണ് മറുനാടന്റെ കണക്ക് കൂട്ടൽ. കത്തിച്ചാമ്പലായിരിക്കുന്ന ഒരു വീട്ടിൽ നിന്നും മോഷ്ടിക്കുന്ന അധമനായ മനുഷ്യനാണ് തച്ചങ്കരി എന്ന് വിശ്വസിക്കാനാവില്ല. മോഷ്ടിക്കണമെങ്കിൽ മോഷ്ടിക്കാൻ പറ്റിയ ഒരുപാട് ഉറവിടം ഉള്ളപ്പോൾ ഇല്ലാതായി തീരുന്ന ഒരു പ്രസ്ഥാനത്തിൽ നിന്നും കൈയിട്ടു വാരുമെന്ന് വിശ്വസിക്കാനാവില്ല. അതുകൊണ്ട് തന്നെ കെഎസ്ആർടിസിയെ നന്നാക്കും എന്നാണ് വിശ്വസിക്കുന്നത്. കെഎസ്ആർടിസിയെ നന്നാക്കണമെങ്കിൽ മൂന്ന് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഒന്ന്, കെഎസ്ആർടിസി ഭരിക്കുന്നവർ അതിൽ നിന്നും ഒരു നയാ പൈസ പോലും ഉണ്ടാക്കില്ലെന്ന് ദൃഡപ്രതിജ്ഞ എടുക്കണം. രണ്ട്, ഏറ്റവും ശക്തമായ തൊഴിലാളി യൂണിയൻ പ്രവർത്തിക്കുന്ന കെഎസ്ആർടിസിയെ നന്നാക്കി എടുക്കാൻ വേണ്ടി യൂണിയനെ നിലക്ക് നിർത്തണം. ഈ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ തച്ചങ്കരിയെ പോലെ ഇച്ഛാശക്തിയുള്ള മറ്റൊരു നേതാവിനെ കിട്ടും എന്നു കരുതുക വയ്യ.

തച്ചങ്കരിയെ വിരട്ടി ഇരുത്താൻ തൊഴിലാളി യൂണിയനുകൾക്കും കഴിയില്ല. അടിസ്ഥാനപരമായി ഒരുപാട് പൊളിച്ചെഴുത്തുകൾ കെഎസ്ആർടിസിക്ക് ആവശ്യമാണ്. ഒന്ന് ഒരു ടയർമാറാൻ വേണ്ടി അത് പുറപ്പെട്ട വണ്ടിയിലെ ഡിപ്പോയിൽ നിന്നും ഒരു വലിയ ബസിൽ മൂന്നോ നാലോ ടെക്‌നീഷ്യന്മാർ വരുന്ന രീതി അവസാനിപ്പിക്കണം. സൂപ്പർ ഫാസ്റ്റുകളും ലിമിറ്റഡ് സ്റ്റോപ്പുകളുമെല്ലാം കൃത്യസമയത്ത് ഓടുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. എട്ട് മണിക്കൂർ ഷിഫ്റ്റിന് പകരം എട്ടര മണിക്കൂർ ചെയ്തിട്ട് അത് ഡബിൾ ഷിഫ്റ്റ് ആക്കുന്ന യൂണിയൻ കാരുടെ രീതി അവസാനിപ്പിക്കണം. നിസാരമായ പ്രശ്‌നത്തിന്റെ പേരിൽ വണ്ടി കട്ടപ്പുറത്ത് വയ്ക്കുന്ന രീതി അവസാനിപ്പിക്കണം. കെഎസ്ആർടിസിയെ മാനേജ്‌മെന്റ് തന്ത്രങ്ങളിലൂടെ ഉയർത്തി എടുക്കാൻ തച്ചങ്കരിക്കാകും. ഇന്ന് കെഎസ്ആർടിസി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കണ്ടക്ടറായും ഡ്രൈവറായും ജോലി ചെയ്യുന്നവർ അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രമോഷൻ ലഭിച്ച് ഉയർന്ന പോസ്റ്റുകളിലേക്ക് എത്തുന്നു. അർഹത ഇല്ലാത്തവർ ഈ പോസ്റ്റുകളിൽ എത്തുന്ന രീതി നിർത്തലാക്കണം.

കെഎസ്ആർടിസിയുടെ തലപ്പത്ത് പണി അറിയാവുന്ന ഐഎസുകാരും മാനേജ്‌മെന്റ് വിദഗ്ദരും വരികയും കെഎസ്ആർടിസി ജീവനക്കാർ ജോലി ചെയ്ത ശേഷം ശമ്പളം വാങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ കെഎസ്ആർടിസി വളരൂ. സ്വകാര്യ ബസ് മുതലാളിമാർക്ക് വരുമാനം ഉണ്ടാക്കാൻ വേണ്ടി ആളില്ലാതെ ഓടുന്ന രീതി അവസാനിപ്പിക്കുകയും സ്‌പെയർ പാർട്‌സുകളും മറ്റും മറിച്ചു വിൽക്കുന്ന അഴിമതി അവസാനിപ്പിക്കുകയും വാഹനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന കമ്മീഷൻ വേണ്ടെന്ന് വയ്ക്കാൻ ഉന്നത നേതാക്കന്മാർ മനസ്സു വയ്ക്കുകയും ചെയ്യുമ്പോൾ കെഎസ്ആർടിസി നന്നാവും. കാരണം ജനങ്ങൾക്ക് ഇഷ്ടം കെഎസ്ആർടിസിയിൽ യാത്ര ചെയ്യാനാണ്.