സഭാ തർക്കം അല്ലെങ്കിൽ സഭാ പ്രശ്‌നം എന്താണെന്ന് കേൾക്കാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ അത് യഥാർത്ഥത്തിൽ അത് എന്താണെന്ന് അറിയാവുന്നത് കേരളത്തിലെ യാക്കോബായ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾക്കും മാത്രമാണ്. മറ്റ് ക്രൈസ്തവ വിഭാഗത്തിൽ ഉള്ളവർക്ക് പോലും സഭാ തർക്കത്തിന്റെ ശരിതെറ്റുകളെ കുറിച്ച് ധാരണയില്ല. എന്തായാലും എതാണ്ട് 100 വർഷത്തിലധികം പഴക്കമുള്ള സഭാ തർക്കത്തിന്റെ ക്ലൈമാക്‌സിലൂടെ പോവുകയാണ് കഴിഞ്ഞ എതാനും വർഷങ്ങൾ.

സുപ്രീം കോടതി ഇത് സംബന്ധിച്ച അന്തിമ വിധി പ്രഖ്യാപിക്കുകയും ആ വിധിയ്‌ക്കെതിരെ നൽകിയ എല്ലാ റിവ്യു ഹർജികളും തള്ളുകയും ആ വിധിയുമായി ബന്ധപ്പെട്ട് മാത്രമെ സഭാ തർക്കത്തിലെ ഏതു പള്ളിയിലെയും പ്രശ്‌നം പരിഹരിക്കാവു എന്ന് അസനിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ നിയമത്തിന്റെ മുൻപിൽ ഇനി മറ്റൊരു പരിഹാരം അതിനില്ല. സഭാ തർക്കിത്തൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ഭാഗത്താണോ യക്കോബാക്കാരുടെ ഭാഗത്താണോ നിയമം എന്നു ചോദിച്ചാൽ അതിന് ഉത്തരം പറയാൻ ഞാൻ ആളല്ല. എന്നാൽ പ്രായോഗിക അർത്ഥത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കായിൽ യാക്കോബായ വിഭാഗത്തിന് അവരുടെ എല്ലാ പള്ളികളും അവരുടെ എല്ലാ പാരമ്പര്യങ്ങളും നഷ്ടമാകും.

ഓർത്തഡോക്‌സ് വിശ്വാസത്തിന്റെ ഭാഗമായി സഭയുടെ നിയമങ്ങൾക്ക് അനുസൃതമായി ഓർത്തഡോക്‌സ് ജീവിതചര്യകൾ പാലിച്ച് കൊണ്ട് ജീവിക്കേണ്ടി വരും. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവന് ആഗ്രഹിക്കുന്ന വിശ്വാസങ്ങളും മതവും പുലർത്തുന്നതിനുള്ള അവകാശം നൽകിയിട്ടുള്ളതു കൊണ്ട് തന്നെ ഒരു സമൂഹത്തോട് നിങ്ങളുടെ വിശ്വാസവും ജീവിതചര്യകളും സ്വത്തുക്കളും ഉപേക്ഷിക്കണമെന്നും മറ്റൊരു സമൂഹത്തിന്റെ ഭാഗമായി ജീവിക്കണമെന്നത് പറയുന്നതും അനീതിയാണ്. സുപ്രീം കോടതിയിൽ എന്ത്‌കൊണ്ട് യാക്കോബായ സഭയ്ക്ക് അവരുടെ വാദങ്ങൾ ഉയർത്തി വിജയിക്കാൻ സാധിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ പാളിച്ച തന്നെയാണ്.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ അയ്യപ്പ ഭക്തരെ പ്രതിനിധീകരിക്കുന്ന സംഘടനകളും പന്തളം കൊട്ടാരവും, തന്ത്രികുടുംബവും ആർഎസ്എസുമൊക്കെ വേണ്ട സമയത്ത് വേണ്ട നിലപാടെടുക്കാൻ പരാജയപ്പെട്ടതു പോലെ യാക്കോബായ സഭയും വേണ്ട സമയത്ത് വേണ്ട നിലുപാടെടുക്കാൻ പരാജയപ്പെട്ടു. 2002 ഒരു ഭരണഘടന തട്ടികൂട്ടുകയും പിന്നീട് അതിന്റെ പുറത്ത് വച്ച് വാദങ്ങൾ ഉയർത്താൻ ശ്രമിക്കുകയും അത് തിരിച്ചടിയായി മാറുകയും ചെയ്തത് യക്കോബായ സഭയ്ക്ക് വലിയ നാണക്കേടും തിരിച്ചടിയുമാണ്. 1995 ഇതു സംബന്ധിച്ച് സുപ്രധാനമായി വിധി സുപ്രീം കോടതി പ്രഖ്യാപിക്കുമ്പോൾ യാക്കോബായ സഭയക്ക് കുറച്ച് പള്ളികൾ മാത്രമായിരുന്നു നഷ്ടമാകാൻ സാധ്യത ഉണ്ടായിരുന്നത്. 2017ൽ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് അന്തിമ വിധി പ്രഖ്യാപിക്കുമ്പോൾ യാക്കോബായ സഭയ്ക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്.കൂടുതൽ കാണുവാൻ ഇൻസ്റ്റൻഡ് റെസ്‌പോൺസ് സന്ദർശിക്കുക.