മ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാൽസംഗം ചെയ്തുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനംചെയ്ത ഹർത്താൽ എങ്ങും അക്രമാസക്തമായി. വർഗ്ഗീസ സംഘർഷമുണ്ടാക്കാനുള്ള ശ്രമം തന്നെയാണ് നടന്നത്. മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളെയാണ് കൂടുതൽ ബാധിച്ചത്. കോഴിക്കോട്, കണ്ണൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നു. വർഗ്ഗീയ കലാപത്തിലേക്ക് കാര്യങ്ങളെത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തതോടെ ജനജീവിതം സ്തംഭിപ്പിച്ചു.

ഹർത്താൽ എന്നു പറയുന്നത് ജനങ്ങൾ ഒരു വിഷയത്തോടുള്ള താൽപര്യം കൊണ്ട് ചെയ്യുന്നതാണെങ്കിൽ ജനാധിപത്യത്തിൽ പ്രതിഷേധം എന്ന നിലയിൽ നല്ലതു തന്നെ. എന്നാൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഹർത്താലുകൾ ജനാധിപത്യത്തിനും മനുഷ്യ നന്മയ്ക്കും നല്ലതല്ല. ഇന്നലെ ഇത്തരം ഹർത്താലുകളുടെ ഏറ്റവും വൃത്തികേട്ട രൂപമാണ് കണ്ടത്. സോഷ്യൽ മീഡിയ ആഹ്വാനം ചെയ്തു എന്നാണ് കേട്ടത്. സോഷ്യൽ മീഡിയയിലെ ഒരു സംഘടനയും ഇത്തരത്തിൽ ഒരു ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രത്യുത സോഷ്യൽ മീഡിയ ആഹ്വാനം ചെയ്തു എന്ന വ്യാജ പ്രചരണം നടത്തി കൊണ്ട് മലബാറിനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില വർഗീയ ഫാസിസ്റ്റ് സംഘടനകൾ ഹർത്താലിന് ഇറങ്ങി.

ജമ്മുവിലെ പെൺകുട്ടി നേരിട്ട അതിക്രൂരമായ പീഡനവും മരണവും മനസാക്ഷിയുള്ള എല്ലാ മനുഷ്യരൈയും വേദനിപ്പിക്കുമ്പോൾ വർഗീയ ഫാസിസ്റ്റ് ഭീകര സംഘടനകൾ തെരുവിലിറങ്ങിയത് ജനാധിപത്യത്തിനും നിയമ വാഴ്ചയ്ക്കും ഭീഷണി തന്നെയാണ്. ഇന്നലത്തെ ഹർത്താലിന്റെ പിന്നിലുണ്ടായിരുന്ന രാഷ്ട്രീയവും അവർ നടത്തിയ ആക്രമണവും നമ്മുടെ ഭാവി ഒട്ടും തന്നെ സുരക്ഷിതമല്ല എന്നാണ് വ്യക്തമാക്കുന്നത്. ഒരു കാരണവശാലും ഒരു ഹർത്താലും ആരുടെയും മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല എന്നത് മാത്രമല്ല, ഒരു വിഷയം ഉന്നയിച്ച് നടത്തുമ്പോൾ അതിന്റെ പേരിൽ ആക്രമണം നടത്തുന്നതും വഴിതടയുന്നതും വാഹനങ്ങൾ തകർക്കുന്നതും ഭീകരവാദമാണ്.

വാസ്തവത്തിൽ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നേരിടുന്നതിന് വേണ്ടി പല നിയമങ്ങളും സർക്കാർ വ്യാഖ്യാനിക്കുമ്പോൾ ഇത്തരം ജനാധിപത്യ വിരുദ്ധമായ പ്രക്രിയകളെ നേരിടാൻ വേണ്ടെത് ചെയ്യുന്നില്ല. ഏതാണ്ട് 250 കലാപകാരികളെ പൊലീസ് അറസ്റ്റ് ചെയ്തു. അവർക്ക് ജാമ്യം പോലും നൽകാൻ പാടില്ല. ഈ ഭീകരതയ്‌ക്കെതിരെ നമ്മുടെ സമൂഹം പ്രതികരിക്കണം. പിണറായി വിജയൻ സർക്കാർ ഒരു കാരണവശാലും എന്തിന്റെ പേരിലും ഇവരെ വെറുതേ വിടരുത്. പൊതുമുതൽ നശിപ്പിച്ചതിനും ജനജീവിതം സ്തംഭിപ്പിച്ചതിനും ഇവരെ ജയിലിൽ അടച്ചേ മതിയാവൂ.

ഇന്ന് കാശ്മീരി പെൺകുട്ടിക്ക് ഉണ്ടായിരിക്കുന്ന ദുരന്തം ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിക്കുന്നതും സോഷ്യൽ മീഡിയയുടെ ഇടപെടൽ കൊണ്ടാണ്. അത്തരം നല്ല ഇടപെടലുകൾ സോഷ്യൽ മീഡിയ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിനെ അക്രമത്തിന്റെയും ഭീകര വാദത്തിന്റെയും വഴിയിലേക്ക് തിരിച്ചു വിടാൻ നടത്തിയ അട്ടിമറി ശ്രമമായി വേണം ഇന്നലത്തെ സോഷ്യൽ മീഡിയ ബന്ദിനെ കാണാൻ. അതുകൊണ്ട് തന്നെ ആ ബന്ദിൽ പങ്കെടുത്തവർക്കും അതിന്റെ പേരിൽ പൊതുമുതൽ നശിപ്പിച്ചവർക്ക് എതിരെ കടുത്ത നടപടി ആവശ്യമാണ്.

സോഷ്യൽ മീഡിയ എന്നു പറയുന്നത് ജന രോഷം തിളപ്പിക്കുവാൻ വേണ്ടിയിട്ടുള്ള ആയുധമായിരിക്കണം. കാരണം നമ്മുടെ ജനാധിപത്യം നിലനിൽക്കുന്നത് നിയമംനിർമ്മിക്കുന്ന നിയമസമാജികരും അത് നിയന്ത്രിക്കുന്ന കോടതിയും അത് നടപ്പിലാക്കുന്ന എക്‌സിക്യൂട്ടീവിനും ഇടയിൽ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരുന്ന മാധ്യമങ്ങളുടെ പിന്തുണവേണം. മാധ്യമങ്ങൾ സ്വാർത്ഥ താൽപര്യങ്ങൾക്ക് പിന്നാലെ പോവുമ്പോൾ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരേണ്ട ബാധ്യത സോഷ്യൽ മീഡിയയുടേതാണ്. അതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചെയ്തുകൊണ്ടിരിക്കുന്നത്. അതിൽ വിഷം കലർത്താൻ നടത്തുന്ന ശ്രമങ്ങളെ രാജ്യദ്രോഹവും ഭീകരവാദവുമായാണ് കാണേണ്ടത്. അതുകൊണ്ട് ഈ കലാപകാരികളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കുകയാണ് വേണ്ടത്.