സീറോമലബാർ സഭിലെ പ്രശ്‌നങ്ങൾ ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെ എത്തി നിൽക്കുകയാണ്. സഭയുടെ തലവനയാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്ഥാനഭ്രഷ്ടനാക്കുന്നതു വരെ സമര രംഗത്ത് ഉണ്ടാകുമെന്നാണ് എറണാകുളത്തെ വൈദികർ പറയുന്നത്.

 

അങ്ങനെ എങ്കിൽ ഈ വൈദികരെ തെരുവിൽ തന്നെ നേരിടുമെന്ന് ആലഞ്ചേരിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇതിന്റെ പിന്നിൽ അധികാര തർക്കം മാത്രമാണ്. ആലഞ്ചേരിയെക്കാളും വലിയ കുറ്റക്കാർ ഈ വിമത പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മാർ എടയന്ത്രത്തും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചില മെത്രാന്മാരുമാണെന്ന് വ്യക്തമാണ്. അതേസമയം സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഒരു വിശ്വാസി എന്ന നിലയിൽ പോസിറ്റീവായാണ് കാണേണ്ടത്.

കത്തോലിക്ക സഭ കൃത്യമായ അനുയായികളുടെ ആനുകൂല്യം കൈപ്പറ്റി തടിച്ചു കൊഴുക്കുന്ന ഒരു പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിൽ ആവശ്യത്തിലധികം കേഡർ സ്വഭാവമുള്ള അനുയായികൾ ഉണ്ട്. എന്നാൽ ഇവർ ഈ അനുയായികൾക്ക് തിരികെ നൽകുന്നതാവട്ടെ മരിക്കുമ്പോൾ അടക്കാനും ജനിക്കുമ്പോൾ മാമോദീസ നടത്താനും മറ്റ് കൂദാശ നടത്താനും മാത്രമുള്ള സംവിധാനം മാത്രമാണ്. അല്ലാതെ ഒരു ആനുകൂല്യവും കത്തോലിക്ക വിശ്വാസിക്ക് ഒരു സഭയിൽ നിന്നും ലഭിക്കില്ല.

നമ്മൾ അധ്വാനിക്കുന്ന സമ്പത്തിന്റെ ഒരു ഭാഗം കൃത്യമായി സഭാ നടത്തിപ്പിന് പിരിച്ചെടുക്കകുന്നു. എന്നാൽ സഭയുടെ കീഴിലെ ഒരു സ്‌കൂളിൽ അഡ്‌മിഷൻ ലഭിക്കണമെങ്കിൽ പോലും ഇവർക്ക് പൈസ കൊടത്തേ മതിയാകൂ. ഈ സംവിധാനത്തെ ഉടച്ചു വാർക്കാൻ സഭയിലെ അണികൾക്കേ സാധിക്കൂ. കത്തോലിക്ക സഭയിൽ ജനാധിപത്യം കൊണ്ടു വരേണ്ടത് അതുകൊണ്ട് തന്നെ വിശ്വാസികളാണ്.

എന്തുകൊണ്ടാണ് സഭയുടെ സ്വത്തുക്കൾ മുഴുവൻ വിശ്വാസികൾ ഉണ്ടാക്കിയതായിട്ടും അവ കൈകാര്യം ചെയ്യാൻ മെത്രാന്മാർക്കും സഭകൾക്കും അടങ്ങുന്ന കുത്തകകൾക്ക് മാത്രം അവകാശമുള്ളത്. ഉദയം പേരൂർ സുന്നഹദോസോടു കൂടി സഭയുടെ സ്വത്തിന്റെ അധികാരം മെത്രാന്മാർക്കയി. പിന്നീട് കാനോൻ നിയമപ്രകാരം സഭാസ്വത്തുക്കളുടെ അവകാശം പോപ്പിനുള്ളതായി. വിശ്വാസികളുടെ സ്വത്ത് മെത്രാനും പിന്നീട് പോപ്പിനും അവകാശമായി.

ഇന്ത്യയിലെ ഒരു ഭൂസ്വത്തിന്റെ അവകാശം വത്തിക്കാന്റെ രാഷ്ട്രതലവന് കൊടുക്കുന്ന ഈ അനീതിയെ ചോദ്യം ചെയ്യാനും ഈ സ്വത്തുക്കളുടെ മേൽ ഉള്ള അധികാരം തിരിച്ചു പിടിക്കാനുള്ള ഒരു വിപ്ലവമായി ഇതിനെ കാണുകയുമാണ് വിശ്വാസികൾ ചെയ്യേണ്ടത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 അനുസരിച്ച് എല്ലാ മതങ്ങൾക്കും സ്വത്തുക്കൾ ആർജിക്കുവാനും സംരക്ഷിക്കാനും നടത്തിക്കാനുമുള്ള അധികാരമുണ്ട്. ഇത് സുതാര്യവും ജനാധിപത്യവും ആയിരിക്കണമെന്നും ഇതേ ആർട്ടിക്കിളിൽ പരാമർശിക്കുന്നു.

കത്തോലിക്ക സഭയുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതും നടത്തുന്നതും സുതാര്യവും ജനാധിപത്യപരവുമല്ല. അതുകൊണ്ട് ഈ വിഷയത്തിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് വിആർ കൃഷ്ണയ്യർ കൊണ്ടു വരുന്ന ചർച്ച് ആക്ട് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. രണ്ട് വിഭാഗമായി തിരിഞ്ഞ് നിന്നു കൊണ്ട് സഭയുടെ സ്വത്തുക്കൾ എനിക്ക് വേണം നിനക്ക് വേണമെന്ന് പറഞ്ഞ് പുരോഹിതർ തമ്മിൽ തല്ലുമ്പോൾ ആ ഭാഗം പിടിക്കുകയല്ല വിശ്വാസികൾ ചെയ്യേണ്ടത്.