സീറോമലബാർ സഭിലെ പ്രശ്‌നങ്ങൾ ഹൈക്കോടതിയും കടന്ന് സുപ്രീം കോടതി വരെ എത്തി നിൽക്കുകയാണ്. സഭയുടെ തലവനയാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സ്ഥാനഭ്രഷ്ടനാക്കുന്നതു വരെ സമര രംഗത്ത് ഉണ്ടാകുമെന്നാണ് എറണാകുളത്തെ വൈദികർ പറയുന്നത്.

അങ്ങനെ എങ്കിൽ ഈ വൈദികരെ തെരുവിൽ തന്നെ നേരിടുമെന്ന് ആലഞ്ചേരിയെ അനുകൂലിക്കുന്നവർ പറയുന്നു. ഇതിന്റെ പിന്നിൽ അധികാര തർക്കം മാത്രമാണ്. ആലഞ്ചേരിയെക്കാളും വലിയ കുറ്റക്കാർ ഈ വിമത പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മാർ എടയന്ത്രത്തും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചില മെത്രാന്മാരുമാണെന്ന് വ്യക്തമാണ്. അതേസമയം സീറോ മലബാർ സഭയിലെ പ്രശ്‌നങ്ങൾ ഒരു വിശ്വാസി എന്ന നിലയിൽ പോസിറ്റീവായാണ് കാണേണ്ടത്.

കത്തോലിക്ക സഭ കൃത്യമായ അനുയായികളുടെ ആനുകൂല്യം കൈപ്പറ്റി തടിച്ചു കൊഴുക്കുന്ന ഒരു പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിൽ ആവശ്യത്തിലധികം കേഡർ സ്വഭാവമുള്ള അനുയായികൾ ഉണ്ട്. എന്നാൽ ഇവർ ഈ അനുയായികൾക്ക് തിരികെ നൽകുന്നതാവട്ടെ മരിക്കുമ്പോൾ അടക്കാനും ജനിക്കുമ്പോൾ മാമോദീസ നടത്താനും മറ്റ് കൂദാശ നടത്താനും മാത്രമുള്ള സംവിധാനം മാത്രമാണ്. അല്ലാതെ ഒരു ആനുകൂല്യവും കത്തോലിക്ക വിശ്വാസിക്ക് ഒരു സഭയിൽ നിന്നും ലഭിക്കില്ല.