വെള്ളാപ്പള്ളി നടേശൻ എന്നയാൾ എസ്എൻഡിപി എന്ന മഹത്തായ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയാണ്. വെള്ളാപ്പള്ളി നടേശൻ അറിഞ്ഞ് അനുഗ്രഹിച്ചുണ്ടാക്കിയ പ്രസ്താനമാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി. രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നറിയണമെങ്കിൽ അതിന് വെള്ളാപ്പള്ളി വാ തുറന്ന് പറയണം. എസ്എൻഡിപി എന്ന പ്രസ്താനത്തിന്റെ യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും തന്നെയാണ് വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികൾ. എന്നാൽ ഇടത് പക്ഷത്തോട് ഒട്ടി നിന്നു കൊണ്ട് ഇടത് പക്ഷത്തിന്റെ ആനുകൂല്യം ലഭിക്കാൻ എസ്എൻഡിപിയും കേന്ദ്രത്തോട് ഒത്തു നിന്നു കൊണ്ട് കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യം നേടാൻ ബിഡിജെഎസും ഒരുപോലെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

എസ്എൻഡിപിയുടെ മുഖമായി വെള്ളാപ്പള്ളിയും ബിഡിജെഎസിന്റെ മുഖമായി മകൻ തുഷാർ വെള്ളാപ്പള്ളിയും നിൽക്കുമ്പോൾ രണ്ട് പേർക്കും നേട്ടങ്ങൾ മാത്രമല്ല, അപകടത്തിൽ നിന്നുള്ള രക്ഷയുമുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളിയെയും മകനെയും രക്ഷിക്കാൻ പിണറായി വിജയനോട് വെള്ളാപ്പള്ളി കാട്ടുന്ന അനുഭാവം സഹായിക്കുമ്പൾ എൻഫോഴ്‌സ്‌മെന്റ് ഇടപെടലിൽ നിന്നും രക്ഷപ്പെടാൻ കേന്ദ്രം സഹായിക്കും. വെള്ളാപ്പള്ളിയുടെ ഈ നിലപാടില്ലാത്ത നിലപാട് പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ആയിരക്കണക്കിന് ഈഴവ സമൂഹത്തെയാണ്. അവർ അവരുടെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയിരിക്കുമ്പോൾ വെള്ളാപ്പള്ളി രാവിലെയും വൈകുന്നേരവും നിലപാട് മാറ്റുന്നത് അവരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

ശബരിമലയിൽ യുവതികളെ കയറ്റുന്നതിൽ ഒരു തെറ്റുമില്ല എന്ന് പ്രഖ്യാപിച്ച വെള്ളാപ്പള്ളി പിറ്റേന്ന് ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ പാടില്ല എന്ന് നിലപാട് തിരുത്തി. അതായിരിക്കും വെള്ളാപ്പള്ളിയുടെ നിലപാട് എന്ന് വിശ്വാസിച്ചിരുന്നവർ കഴിഞ്ഞ ദിവസത്തെ നവോത്ഥാന സമ്മേളനത്തിൽ പങ്കെുത്ത വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം കേട്ട് ഞെട്ടിയിരിക്കുകയാണ്. ഏറ്റവും രസകരമായ വസ്തുത വെള്ളാപ്പള്ളി ശബരിമലയിൽ യുവതികൾ പ്രവേശിക്കാം എന്നു പറയുമ്പോൾ വെള്ളാപ്പള്ളിയുടെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി ശബരിമലയിൽ യുവതികൾ പ്രവേശിപ്പിക്കരുത് എന്ന് പറഞ്ഞ് സമരം നടത്തുകയും ജാഥ നടത്തുകയുമാണ്. എസ്എൻഡിപി യൂണിയൻ നേതാക്കളും ഭാരവാഹികളും യൂണിയൻ നേതാക്കളുമെല്ലാം ബിഡിജെഎസ് ഭാരവാഹികളാണ്. അവർ ആരോടൊപ്പമാണ് നിൽക്കേണ്ടത്. അച്ഛനൊപ്പമോ മകനൊപ്പമോ?

കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി കള്ളു കച്ചവടം നടത്തി കോടിക്കണക്കിന് രൂപയുണ്ടാക്കിയ വെള്ളാപ്പള്ളി നടേശൻ മഹത്തായ ഈ പ്രസ്ഥാനത്തെ കാശിന്റെ ബലത്തിൽ മാത്രം കഴിഞ്ഞ കാൽ നൂറ്റാണ്ടായി പോക്കറ്റിലിട്ടു കൊണ്ടു നടന്നപ്പോഴുണ്ടായ ദുരന്തത്തിന്റെ അവസ്ഥാന്തരമാണിത്. എസ്എൻഡിപി എന്ന പ്രസ്ഥാനത്തിന്റെ അതിന്റെ മൂല്യങ്ങളെ സംരക്ഷിക്കേണ്ട വെള്ളാപ്പള്ളി നടേശൻ അതിനെ സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി വൃത്തികേട്ട രാഷ്ട്രീയത്തിന്റെ കുറ്റിയിൽ കെട്ടിയിടുമ്പോൾ വേദനിക്കുന്നത് ഇവിടുത്തെ ഓരോ ശ്രീ നാരായണിയന്റേയും നെഞ്ചും ഹൃദയവുമാണ്. മൈക്രോ ഫിനാൻസ് ഫണ്ട് സ്വന്തം ആവശ്യത്തിന് വേണ്ടി പലിശക്ക് കൊടുത്ത് കോടികൾ അടിച്ചു മാറ്റിയ ക്രിമിനൽ കേസിലെ പ്രതികളാണ് ഈ അച്ഛനും മകനും. ആ ക്രിമിനൽ കേസിൽ വേണ്ട വിധം അന്വേഷണം നടന്നാൽ ഈ അച്ഛനും മകനും അറസ്റ്റിലാകും. അതൊഴിവാക്കാൻ വേണ്ടി അച്ഛൻ ഒരു വശത്തും മകൻ മറുവശത്തും നിൽക്കുന്ന ഈ ഉളുപ്പ് രാഷ്ട്രീയം ഈ സമുദായത്തിന്റെ അന്തസും ആഭിജാത്യവും തകർക്കും.