തിരുവനന്തപുരം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മുഖ്യപ്രശ്‌നമാണ് ചിട്ടിതട്ടിപ്പ്. മുൻ മന്ത്രിമാരും എംഎൽഎ മാരുമൊക്കെ ചേർന്ന് കോടികൾ വെട്ടിക്കുന്ന പല കേസുകൾ ഉണ്ടായിട്ടും കള്ള ചിട്ടിക്കാരെ നിയന്ത്രിക്കാൻ എന്തുകൊണ്ടാണ് സർക്കാർ വൈകുന്നത്? ഈ വിഷയമാണ് മറുനാടൻ മലയാളി ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ചൊവ്വാഴ്ച ചർച്ച ചെയ്തത്.

ഇന്ന് നമ്മുടെ സമൂഹം നേടുന്ന ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് ചിട്ടിത്തട്ടിപ്പുകളാണ്.കേരളം മുഴുവൻ ഓരോ ഗ്രാമത്തിലും ആയിരക്കണക്കിന് ചിട്ടികളുണ്ട്.ഗ്രാമങ്ങളിലെ ചിട്ടികൾ അവിടങ്ങളിലെ കൊടുക്കൽ വാങ്ങലുകളെ സഹായിക്കുന്നുണ്ട്.പിൽക്കാലത്തെന്തെങ്കിലും പ്രശനമുണ്ടായാൽ അതിന്റെ ആഘാതം വളരെ ചെറുതായിരിക്കും.വളരെ കുറച്ച് ആളുകളുമായി സഹകരിച്ച് അവരുടെ സ്വത്തുക്കൾ് അവരുടെ വിവരങ്ങൾ സാമ്പത്തിക ചുറ്റുപാട് എന്നിവ അറിഞ്ഞുകൊണ്ടുള്ള രീതിയാണ് ഗ്രാമങ്ങളിൽ ഉള്ളത്. ചിട്ടി നിയന്ത്രിക്കാൻ സർക്കാർ നിരവധി നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട. എന്നാൽ, നിലവിലെ നില പരിശോധിച്ചാൽ നൂറുകണക്കിന് കമ്പനികളാണ് ചിട്ടിതട്ടിപ്പിൽ പെട്ടിരിക്കുന്നത്. ജനങ്ങൾ പലപ്പോഴും ഇതിന്റെ ആഴം മനസിലാക്കുന്നില്ല.

രണ്ടുകാരണങ്ങളുണ്ട്. മിക്ക ചിട്ടികളും അതായത് വലിയ ചിട്ടികൾ ചാനലുകളുടെ പരസ്യ സോഴ്‌സുകളാണ്.പല ചിട്ടികളുടെയും പേരുകൾ നമ്മൾ അറിയുന്നില്ലെങ്കിലും അവർ പ്രാദേശികമായി പരസ്യം നൽകിയാണ് പിടിച്ചുനിൽക്കുന്നത്.അതുകൊണ്ടുതന്നെ വലിയ ചർച്ചയാവുന്നില്ല.പലപ്പോഴും ചിട്ടിപ്പണലാഭം കൈപ്പറ്റുന്നത് രാഷ്ട്രീയക്കാരാണ്. നിർമ്മൽ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് വി എസ്.ശിവകുമാറിനെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

കേരള തമിഴ്‌നാട് അതിർത്തിയിൽ 1200 കോടി തട്ടിയ നിർമ്മൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പു കേസിൽ വി എസ് ശിവകുമാറിനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്‌തേക്കുമെന്ന വാർത്ത മറുനാടൻ മലയാളി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ധനകാര്യ സ്ഥാപന ഉടമ നിർമ്മലനുമായി ശിവകുമാറിന് അടുത്ത ബന്ധമുണ്ട്. നിർമ്മലിന്റെ അച്ഛനും ശിവകുമാറിന്റെ അച്ഛനും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഈ സൗഹൃദമാണ് മക്കളിലേക്കും കൈമാറിയെത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരേയും സംശയങ്ങൾ നാട്ടുകാർ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് പൊലീസിന്റെ നീക്കം. അതിനിടെ ചില രാഷ്ട്രീയ ഇടപെടലും കേസിൽ നടക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വത്തെ കൈയിലെടുക്കാൻ കേരളത്തിലെ ചില കോൺഗ്രസുകാർ ശ്രമിക്കുന്നതായാണ് സൂചന.
ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ പെട്ടിരുന്ന വ്യക്തികളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ ഒരാൾ ശിവകുമാറിന്റെ ബന്ധുവും സന്തത സഹചാരിയുമായ വാസുദേവൻ ആണെന്ന സൂചന മറുനാടന് ലഭിച്ചു. മഹേഷ് എന്നയാളേയും ചോദ്യം ചെയ്തിട്ടുണ്ട്.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത്. കേസിൽ ശിവകുമാറിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയുടെ ഉപദേശകനായ ഹരികൃഷണനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹരികൃഷ്ണനിൽ നിന്നും നിർണ്ണായക വിരവങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ ശിവകുമാറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി കേന്ദ്രമന്ത്രിയായ പൊൻ രാധാകൃഷ്ണനെ സ്വാധീനിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ, ചിട്ടി തട്ടിപ്പുകളെ കുറിച്ച് ദിവസേന വാർത്തകൾ വന്നിട്ടും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കുന്നത് എന്തുകൊണ്ട? സ്വർണച്ചേമ്പ്,വെള്ളിവെള്ളരി,എന്നൊക്കെ വാഗ്ദാനങ്ങൾ കേൾക്കുമ്പോൾ പാവങ്ങൾ ഈയാംപാറ്റകളെ പോലെ അങ്ങോട്ട് ആകർഷിക്കപ്പെടുകയാണ്. നമ്മൾ പാഠം പഠിക്കുന്നില്ല.ഈ സാഹചര്യത്തിൽ ഇൻസ്റ്റന്റ് റെസ്‌പോൺസ് ആവശ്യപ്പെടുന്നത് മുഖ്യമന്ത്രി മുൻകൈയെടുത്ത് നിർമൽ കൃഷ്ണ ചിട്ടിതട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണത്തിന് ഉത്തരവിടുകയും, വമ്പൻ സ്രാവുകളെ പിടികൂടുകയും,ചിട്ടിനിയമത്തിലെ പഴുതുകൾ അടയ്ക്കുകയും, തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കിക്കൊടുക്കയുമാണ്. അങ്ങനെ ചിട്ടിരംഗത്ത് സുതാര്യത കൈവരുത്തുകയാവണം നല്ല ഭരണത്തിന്റെ ലക്ഷ്യം.