തിരുവനന്തപുരം: നടൻ ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ സിനിമ വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അകത്തും പുറത്തു നിന്നും ആരംഭിച്ചു കഴിഞ്ഞു. എല്ലാ സിനിമകളും ഒരു വ്യവസായ സംരംഭം എന്ന നിലയിൽ വിജയിക്കേണ്ടത് ആവശ്യമാണ്. നല്ല സിനിമ സ്വാഭാവികമായി ജനങ്ങളുടെ കയ്യടി നേടുകയും ചെയ്യും. അത് അങ്ങനെ തന്നെ വേണം താനും. എന്നാൽ, കമ്മാരസംഭവം എന്ന സിനിമ വിജയിക്കുന്നത് ഒരു സാമൂഹ്യ തിന്മയുടെ വിജയമായി മാറുമോ എന്ന ആശങ്ക ചിലർക്കെങ്കിലും ഇല്ലാതില്ല. ആ ആശങ്കയെ ശരിവെക്കുന്ന സമീപനമാണ് ദിലീപിൽ നിന്നും ഉണ്ടാകുന്ന സമീപനങ്ങളിൽ ബോധ്യമാകുന്നത്.

കഴിഞ്ഞ ദിവസം സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ സംഭാഷണം ശ്രദ്ധിക്കേണ്ടതാണ്. നിരപരാധിയായ താൻ മാധ്യമങ്ങളായ മാധ്യമങ്ങളാൽ വിചാരണ ചെയ്യപ്പെടുകയും വ്യാജ കേസിൽ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തതിന് ശേഷം പുറത്തിറങ്ങിയ ശേഷമുള്ള രണ്ടാം ജന്മത്തിലെ ആദ്യ വേദി എന്ന നിലയിലായിരുന്നു ദിലീപ് വിഷയത്തെ അവതരിപ്പിച്ചത്. ദിലീപ് ജയിലിൽ ആകുന്നതിന് മുമ്പ് പൂർത്തിയായ സിനിമയായിരുന്നു രാമലീല. ദിലീപ് ജയിലിൽ ആയതു കൊണ്ട് ആ സിനിമയുടെ റിലീസ് അനിശ്ചിത കാലത്തേക്ക് നീണ്ടു. അത് ആ സിനിമയുടെ അണിയറ ശിൽപികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു. അത് മലയാള സിനിമാ വ്യവസായത്തിലെ പ്രതിസന്ധിക്ക് കാരണമായിരുന്നു.

ഈ സിനിമ നല്ലതാണെങ്കിൽ പിന്തുണക്കണമെന്ന് സംവിധായകൻ അരുൺ ഗോപി തന്നെ ആവശ്യപ്പെട്ട ഘട്ടമുണ്ടായിരുന്നു. അത് അനിവാര്യമായി കാര്യമായിരുന്നു. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ദിലീപ് ബലാത്സംഗ കേസിലെ പ്രതിയായിരുന്നില്ല. ആ സിനിമയുടെ ആദ്യ ഷോ കണ്ട് സിനിമ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട ആലാണ് ഞാൻ. എന്നാൽ, ഇന്ന് കമ്മാരസംഭവം എന്ന സിനിമ പരാജയപ്പെടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. കാരണം രാമലീല ചിത്രീകരിക്കപ്പെടുമ്പോൾ ദിലീപ് പ്രതിയായിരുന്നില്ല. ജയിലിൽ ആയിരുന്നു എന്ന് കരുതിയിരുന്നില്ല. എന്നാൽ, ഈ സിനിമ ദിലീപിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ്. അത് അംഗീകാരമാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്.

രാമലീല വിജയിച്ചപ്പോൾ പോലും ദിലീപ് അനുകൂലികൾ പറഞ്ഞത് സിനിമ വിജയിച്ചത് കണ്ടില്ലേയെന്ന വിധത്തിലായിരുന്നു. കമ്മാരസംഭവം കൂടി വിജയിച്ചാൽ ദിലീപ് രക്തസാക്ഷിയും മഹാനുമാക്കി മാറ്റുന്നതിന്റെ കാരണായി അത് മാറും. അങ്ങനെ വരുമ്പോൾ ഉപദ്രവിക്കപ്പെട്ട ഒരു സ്ത്രീ, അവർക്കൊപ്പം നിന്ന സംഘടന, തുടങ്ങിയവരൊക്കെ പരാജയപ്പെടുന്നതിന് തുല്യമായി മാറും. ദിലീപ് നിരപരാധിയാണെന്ന് കണ്ട് ശിക്ഷിക്കപ്പെടാതെ വിട്ടെന്നു വരാം. അത് നേരെ മറിച്ച് ആയിരം നിരപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപെടരുത് എന്നതു കൊണ്ടാണ്.

ഇന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ അഞ്ചോ എട്ടോ ശതമാനം കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. ഇത് കുറ്റവാളികൾ അല്ലാത്തതു കൊണ്ടല്ല, മറിച്ച് ശാസ്ത്രീയ തെളിവുകളുടെ അഭാവവും മറ്റും കൊണ്ടാണ്. ദിലീപിനോട് അനാവശ്യ വൈരാഗ്യം വെച്ചുപുലർത്തേണ്ട ആവശ്യം ആർക്കുമില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. എന്നാൽ ഈ തെളിവുകൾ ഒന്നും ജുഡീഷ്യറി ചിലപ്പോൾ വിശ്വാസത്തിൽ എടുക്കാത്തതു കൊണ്ടാണ്. ഇവിടെ ദിലീപിനെ മനപ്പൂർവം കുടുക്കി എന്ന ആരോപണം നിലനിൽക്കുന്നതല്ല. ബലാത്സംഗം കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് ദിലീപ്. അങ്ങനെയുള്ള ആൾ എങ്ങനെ സ്വയം ന്യായീകരിക്കാൻ സിനിമ ഇറക്കുമ്പോൾ അതു കണ്ട് താരത്തെ ആഘോഷിക്കാൻ ഇടവരരുത്.