കേരളത്തിലെ സിപിഎമ്മിന്റെ ഉന്നതനായ നേതാവിന്റെ മകനെ 13 കോടി രൂപ തട്ടിച്ച കേസിൽ ദുബായ് പൊലീസ് അന്വേഷിക്കുന്നു എന്നതായിരുന്നു ഇന്നലെ മനോരമയിലെ ഒന്നാം പേജ് വാർത്ത. അത് ജിജ്ഞാസയ്ക്ക് വകയുണ്ടാക്കിയതോടെ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ അത് കോടിയേരിയുടെ മകനെ കുറിച്ചാണെന്ന് കണ്ടെത്താനായി. കോടിയേരി എന്നു കേട്ടാൽ ആദ്യം ഓർമ്മയിലെത്തുക ബിനീഷ് കോടിയേരിയെയാണ്. വാർത്തയിലെ സൂചനകൾ അത്തരത്തിൽ ആയതുകൊണ്ടും ആദ്യം വാർത്തകൾ വന്നത് അത്തരത്തിലാണ്. ബിനീഷ് അല്ലെന്നും ബിനോയി ആണ് വാർത്തയിലെ ആരോപണ വിധേയനെന്ന് ആദ്യം വാർത്ത പടം സഹിതം പുറത്തുവിടുന്നതും മറുനാടൻ മലയാളിയാണ്.

ചാനലുകളും ഈ വാർത്ത ഏറ്റെടുത്തതോടെ സംഭവം വലിയ ചർച്ചയായി. ഇന്നും ദുബായിൽ ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് ഉണ്ടോ എന്നും വ്യക്തമല്ല. ഉണ്ടാവാതിരിക്കാനാണ് സാധ്യത. കാരണം ഈ വാർത്ത വെളിയിൽ വന്നപ്പോൾ മുതൽ ഇത്തരമൊരു പരാതി സിപിഎം നേതൃത്വത്തിന് ലഭിച്ചു എന്നാണ് പറയുന്നത്. ഇത് പരാതിയാവാം.. തുടർന്ന് കേസിലേക്കും അറസ്റ്റിലേക്കുമൊക്കെ പോയേക്കാം. എന്നുവച്ചാൽ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഒരു കേസ് ദുബായിൽ ഇല്ല. അതുകൊണ്ടുതന്നെ ഇന്റർപോളിന്റെ ഇടപെടലും അപ്രസക്തമാണ്. എന്നാൽ ദുബായിൽ ഇതൊരു കേസായാൽ അത് അറസ്റ്റിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. കാരണം അവിടത്തെ നിയമങ്ങൾ കർക്കശമാണ്. അറ്റ്‌ലസ് രാമചന്ദ്രൻ എന്തുകൊണ്ടാണ് അകത്തായതെന്ന് നമുക്കറിയാം. ഇതൊരു ബിസിനസ് തർക്കമായിരുന്നെന്നും കിട്ടിയ പൈസയിൽ ഭൂരിപക്ഷവും കൊടുത്തെന്നും എന്നാൽ ചെക്ക് തിരിച്ചുവാങ്ങിയില്ലെന്നുമൊക്കെയാണ് കോടിയേരിയുടെ മകൻ പറയുന്നത്. എനിക്കൊന്നും അറിയില്ലെന്നാണ് കോടിയേരിയുടെ നിലപാട്.

സ്വാഭാവികമായും പത്രങ്ങൾ വിലയിരുത്തലുകൾ നടത്തുന്നു. പിണറായി വിജയൻ കോടിയേരിയെ ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നാണ് അതിലൊന്ന്. മുഖ്യമന്ത്രിയാകാൻ ശ്രമിക്കുന്ന പ്രതിയോഗിയെന്ന നിലയിലാണ് ഇത്തരമൊരു സാധ്യത ചർച്ചയാക്കിയത്. കണ്ണൂരിലെ പി ജയരാജന്റെ ഇടപെടലാണെന്ന വാദമാണ് മറ്റൊന്ന്. എന്നാൽ ഇതിലെല്ലാം വിശ്വസനീയമായ മറ്റൊരു സാധ്യതയാണ് കൂടുതൽ ചർച്ചയായത്. സീതാറാം യെച്ചൂരിക്ക് കേരള ഘടകത്തോടുള്ള എതിർപ്പിന്റെ ഭാഗമായാണ് ഇത്തരമൊരു പരാതി പുറത്തുവന്നത് എന്നതാണ് അത്. ലാവ്‌ലിൻ കേസിൽ പിണറായി വിജയൻ വളരെ കരുതലോടെ ഇടപെടുമ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന അഭിപ്രായം യെച്ചൂരി പറയുന്നു. കേരള സർക്കാരിനേക്കാൾ നല്ലത് ത്രിപുരയിലെ മാണിക് സർക്കാരാണെന്നും പറയുന്നു. ഇതെല്ലാം ഉണ്ടാവുന്നത് പാർട്ടി സിസിയിൽ കേരള ഘടകം യെച്ചൂരിക്ക് എതിരെ നിലകൊള്ളുകയും യെച്ചൂരിക്ക് തിരിച്ചടി നേരിടുകയും ചെയ്തിന് പിന്നാലെയാണ്.

എന്നാൽ ഇത് യെച്ചൂരിയോ പിണറായിയോ അല്ലെങ്കിൽ ജയരാജനോ സൃ്ഷ്ടിച്ച തർക്കമല്ല. എന്നാൽ ഇങ്ങനെയൊരു തർക്കമുണ്ടെന്ന വിഷയം വെളിയിൽ വന്നതിന് പിന്നിൽ സിപിഎമ്മിലെ ആഭ്യന്തര വിഷയങ്ങൾ തന്നെയാണ് കാരണം. സിപിഎമ്മിനെ ന്യായീകരിച്ച് വരുന്നവർ ചോദിക്കുന്ന ചോദ്യമുണ്ട്. കോടിയേരി ബാലകൃഷ്ണൻ അഴിമതി കാണിച്ചോ? എങ്കിൽ ഞങ്ങൾ നടപടിയെടുക്കാം എന്നാണത്. മകൻ അഴിമതി കാട്ടാൻ കോടിയേരി കൂട്ടുനിന്നോ? എങ്കിലും ഞങ്ങൾ നടപടി ആവശ്യപ്പെടും.

പാർട്ടി ഇതിന് കൂട്ടുനിന്നു എന്നുവന്നാലും നടപടിയുണ്ടാവും. ഈ ചോദ്യമുന്നയിക്കുന്നവരോട് സഹതാപമേയുള്ളൂ... കോടിയേരിയുടെ മക്കൾ എങ്ങനെ കോടീശ്വരന്മാരായി? 3 മില്ല്യൺ ദിർഹം കടം മേടിക്കാനും വീട്ടാനും ഒക്കെ മാത്രം പാർട്ടി സെക്രട്ടറിയുടെ മകന്റെ ബിസിനസ് എന്താണ്? രവി പിള്ളക്ക് കോവളം കൊട്ടാരം എഴുതി കൊടുത്തത് വെറുതെയാണോ? അമിത്ഷായുടെ മകൻ കുറ്റക്കാരനും കോടിയേരിയുടെ മകൻ നിരപരാധിയും ആകുന്നത് ഏത് വകുപ്പനുസരിച്ചാണ്. ഈ വിഷയം ചർച്ചചെയ്യുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.