തിരുവനന്തപുരം:ഡേവിഡ് ബ്ലങ്കറ്റ് എന്ന് പേരുള്ള ബ്രിട്ടീഷ് രാഷ്്ട്രീയ നേതാവുണ്ട്. ലേബർ പാർട്ടി സമുന്നതൻ.കാഴ്ചശക്തിയില്ലെങ്കിലും ഇച്ഛാശക്തി കൊണ്ട് ബ്രിട്ടനിലെ രണ്ടാം പദവിയിലെത്തിയ നേതാവ്.ബ്രിട്ടീഷ് സർക്കാരിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു.ടോണി ബ്ലെയർ പ്രധാനമന്ത്രിയായിരുന്ന കാലയളവിൽ താരപരിവേഷമുള്ള നേതാവായിരുന്നു ഡേവിഡ് ബ്ലങ്കറ്റ്.

എന്നാൽ ആ ബ്ലങ്കറ്റ് ഇന്ന് രാഷ്ട്രീയ ചിത്രത്തിലില്ല. തന്റെ കാമുകിയുടെ ട്രെയിൻ യാത്രാടിക്കറ്റ് ജീവിത പങ്കാളിയുടെ പേരിൽ ക്ലെയിം ചെയ്തുവെന്ന ആരോപണം നേരിടുകയാണ്.സംഗതി ബ്ലങ്കറ്റിന്റെ കാമുകിയൊക്കെയായിരുന്നെങ്കിലും അവർ മറ്റൊരാളുടെ ഭാര്യയായിരുന്നതുകൊണ്ട് നിയമപരമായ അവകാശം അദ്ദേഹത്തിനില്ലായിരുന്നുവെന്നതാണ് പ്രശ്‌നമായത്.അതുകൊണ്ട് ആ ട്രെയിൻ യാത്രാടിക്കറ്റ് നിയമവിരുദ്ധമാവുകയും, പൊലീസ് അന്വേഷണം വന്നതോടെ ബ്ലങ്കററിന് രാജി വയ്‌ക്കേണ്ടി വരികയും ചെയ്തു.

ഈ സംഭവം നമ്മുടെ നിയമസഭാസ്പീക്കറുടെ കണ്ണടവാങ്ങലും, ധനമന്ത്രിയുടെ കോട്ടയ്ക്കലെ ചികിൽസാചെലവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ചില ധാർമികപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്.നിലവിലുള്ള നിയമമനുസരിച്ച് ഇതൊരു വിരുദ്ധപ്രവർത്തിയല്ല. എംഎൽഎമാർക്ക് അവരുടെ ചികിൽസയ്ക്കും മറ്റും ആവശ്യാനുസരണം തുക എഴുതിയെടുക്കാം.തോമസ് ചാണ്ടി നേരത്തെ ചികിൽസയ്ക്കായി രണ്ടുകോടിയും, കെ.മുരളീധരൻ 28 ലക്ഷവും വാങ്ങിയെടുത്ത സംഭവങ്ങൾ നമ്മുടെ മുമ്പിലുണ്ട്.അതൊക്കെ വച്ചുനോക്കുമ്പോൾ, ശ്രീരാമകൃഷ്ണന്റെയോ, തോമസ് ഐസക്കിന്റെയോ ഒന്നും ചെലവ് അത്ര വലുതല്ല.എന്നാൽ, ഈ നേതാക്കളുടെ ചെലവ് വാർത്തയാകുന്നത് അവർ ലളിത ജീവിതത്തിന്റെ പ്രതിനിധികൾ ആയതുകൊണ്ടാണ്.

ഇവിടെ പ്രസക്തമായ ചർച്ചാവിഷയം ആനുകൂല്യങ്ങൾ പറ്റാൻ നിയമം അനുവദിക്കുന്നുവെങ്കിലും, പൊതുഖജനാവ് ധൂർത്തടിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നതാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് നായർ പറഞ്ഞത് 10 വർഷമായി സർക്കാർ സർവീസിൽ കയറിയിട്ട്, ഇതുവരെ പത്തുപൈസ കൈപ്പറ്റിയിട്ടില്ല എന്നാണ്.കഴിഞ്ഞ അഞ്ച് കൊല്ലത്തെ നിയമസഭാസാമാജികരുടെ കണക്കെടുത്താൽ അഞ്ചോ, എട്ടോ എംഎൽഎമാർ ഒരുപൈസയുടെ വാങ്ങിയിട്ടില്ല എന്ന് കാണാം.ചുരുക്കി പറഞ്ഞാൽ നിയമം അനുശാസിക്കുന്നുവെങ്കിൽ പോലും അനാവശ്യമായി പണം ചെലവഴിക്കുന്നത് പൊതുഖജനാവിനോട് ഉത്തരവാദിത്വമില്ലായ്മയാണ്.തോമസ് ഐസക്കിനെ പോലെ ലളിതജീവിതം ഉദ്‌ഘോഷിക്കുന്ന മന്ത്രി എന്തുകൊണ്ട് സർക്കാർ ആയുർവേദ ആശുപത്രിയിൽ ചികിൽസ തേടിയില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.പൊതുഖജനാവിനോട് കടപ്പാടില്ലാത്തതുകൊണ്ടാണ് സ്വകാര്യസ്ഥാപനങ്ങളെ ഇങ്ങനെ ആശ്രയിച്ച് ദുർചെലവുണ്ടാക്കുന്നത്.

സിപിഎം നേതാക്കൾ ഒരുവശത്ത് ആദർശം പ്രസംഗിക്കുകയും, മറുഭാഗത്ത് അവസരം കിട്ടുമ്പോൾ പണം ധൂർത്തടിക്കുകയും ചെയ്യുന്നത് തെറ്റാണ്. ബംഗാളിൽ, നേതാക്കൾ സുഖലോലുപരായതിന്റെ ഫലമായി പാർട്ടി മൂന്നാം സ്ഥാനത്തായി. ത്രിപുര മാത്രമാണ് ലാളിത്യത്തിന്റെ എടുത്തുകാട്ടാവുന്ന മാതൃക.ഏതായാലും, സംസ്ഥാനത്ത് ഇത്തരത്തിൽ പൊതുഖജനാവ് ധൂർത്തടിക്കുന്നത് തടയാൻ നിയമനിർമ്മാണം ആവശ്യമാണ് എന്നതാണ് ഇൻസ്റ്റന്റ് റസ്‌പോൺസിന്റെ പക്ഷം.