തിരുവനന്തപുരം: മണിയമ്മ എന്ന് പേരുള്ള ഒരു വീട്ടമ്മ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്തപ്പോൾ അശ്ലീലം കലർന്ന ജാതീയമായ ഒരു പരാമർശം നടത്തി. അത് ഏതൊ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. വാസ്തവത്തിൽ അത് സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തയാൾ ചോദിച്ച് വാങ്ങിച്ച ഒരു ഉത്തരമായിരുന്നു. അവർ പറഞ്ഞത് നിയമവിരുദ്ധമാണെന്നതിൽ ഒരു സംശയവുമില്ല. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ ഇത്തരം വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ബാധ്യത അവർക്ക് ഉണ്ടായിരുന്നു.

സ്വാഭാവികമായും അവർ പറഞ്ഞതിനെ ന്യായീകരിക്കാൻ ഒരു കാരണവശാലും കഴിയുകയില്ല. അത് പാളിച്ച തന്നെയാണ്. ജാതിയുടെ പേരിലുള്ള പരാമർശങ്ങൾ നിയമവിരുദ്ധമായതുകൊണ്ടും അത് പരിഷ്‌കൃതമായ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്തതായത്‌കൊണ്ടും മലയാളി വളരെ ശ്രദ്ധയോടെയാണ് അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ തമാശകൾ പറയുമ്പോൾ നമ്മുടെ നാട്ടിലെ ആുകൾക്കിടയിൽ ജാതി ഒരു ഘടകം തന്നെയാണ്. അതിന് ക്രിസ്ത്യാനിയെന്നോ ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല. മതത്തിന്റെ പേരിലുള്ള കളിയാക്കലുകളെക്കാൾ ഇന്നും നിലനിൽക്കുന്നത് ജാതിയുടെ പേരിലുള്ളവ തന്നെയാണ്.

നമ്മൾ പരിഷ്‌കൃത സമൂഹമാണ് എന്ന് സ്വയം ഊറ്റം കൊള്ളുമ്പോഴും ഒരു പട്ടികജാതിക്കാരനേയോ പട്ടികവർഗക്കാരനേയോ ഒപ്പമിരുത്തി ഭക്ഷണം കഴിക്കാനുള്ള വലിപ്പം നമുക്ക് ഇന്നും കൈവന്നിട്ടില്ല. പറയനെന്നും പുലയനെന്നും വിളിച്ച് അധിക്ഷേപിക്കുന്നവരുടെ എണ്ണം കുറവുമല്ല. ഈഴവനെ ചോവനെന്ന് വിളിച്ച് അധിക്ഷേപിക്കുന്നു. ഇത്തരത്തിൽ ജാതി പറഞ്ഞ് അതിക്ഷേപിക്കുന്നതിൽ മലയാളിക്ക് ഉള്ളത് പോലെ വിരുത് മറ്റൊരാൾക്കും ഇല്ല.

ദളിതരുടെ രക്ഷകൻ എന്ന് അവകാശപ്പെടുന്ന പിസി ജോർജിനെപ്പോലുള്ള ഒരു ജനപ്രതിനിധി വട്ടോളി എന്ന വൈദികനെക്കുറിച്ച് പറഞ്ഞ വാക്കുകൾ മലയാളികൾ മറന്നിട്ടില്ല. ഇങ്ങനെ ലയാളിയുടെ മനസ്സിലുള്ള ജാതി ചിന്ത നിയമം കൊണ്ട് നിരോധിച്ചതിനാൽ പുറത്ത് വരുന്നില്ല എന്നത് മാത്രമാണ് സത്യം. നിയമത്തെക്കുറിച്ച് ധാരണയില്ലാത്ത ഒരു സ്ത്രീ അതെല്ലാം മറന്ന് ക്യാമറയുടെ മുന്നിൽ പറഞ്ഞത് തെറ്റാണെങ്കിൽ കൂടി അതിനെ ഏറ്റവും വലിയ തെറ്റായും പിശകായും നിയമവിരുദ്ധമായിട്ടും വ്യാഖ്യാനിക്കുകയും പ്രചരണങ്ങൾ നടത്തുന്നതും ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് തെറി വിളിച്ചത് അവരുടെ ജാതി ചിന്തയിൽ നിന്നുണ്ടായ സംഭവം തന്നെയാണ് എന്നതിൽ തർക്കമില്ല. കഴിഞ്ഞ 24 മണിക്കൂർ സോഷ്യൽ മീഡിയയിൽ അവർക്ക് നൽകിയ ശിക്ഷ തന്നെയാണ് അവർക്ക് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ ശിക്ഷ അതിന്റെ പേരിൽ അവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.