ണ്ണൂരിൽ വീണ്ടും സിബിഐ വരികയാണ്. ഇതു നാലാമത്തെ രാഷ്ട്രീയ കൊലപാതകമാണ് സിബിഐ അന്വേഷിക്കുന്നത്. നാലിടത്തും പ്രതിസ്ഥാനത്ത് സിപിഎമ്മാണ്. ലീഗുകാരനായ ഷുക്കൂർ, എൻഡിഎഫുകാരനായ ഫസൽ, കോൺഗ്രസുകാരനായ ഷുഹൈബ്, ബിജെപിക്കാരനായ കതിരൂർ മനോജ്. നാലു കേസുകളിലും ആരോപണം നേരിടുന്നത് സിപിഎമ്മിന്റെ ജില്ലാ-സംസ്ഥാന നേതാക്കൾ. കേന്ദ്രം ഭരിച്ചുകൊണ്ടിരുന്നത് കോൺഗ്രസും ഇപ്പോൾ ബിജെപിയും ആണ്. അതുകൊണ്ട് സിപിഎമ്മിന് എതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ അന്വേഷണം എന്ന ആരോപണം ഉയരാം. ഒരു പരിധിവരെ അതിൽ ശരിയുമുണ്ട്. ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത് ഈ വിഷയമാണ്.

സിബിഐ ഒരു നിഷ്പക്ഷ അന്വേഷണ ഏജൻസി അല്ല. അതത് കാലങ്ങളിൽ കേന്ദ്രം ഭരിക്കുന്നത് ആരാണോ അവരുടെ ഉത്തരവുകൾ മാത്രം പാലിക്കുന്ന സംവിധാനമാണ് സിബിഐ. ഒരുപക്ഷേ, സിബിഐയേക്കാൾ നല്ലതും നിഷ്പക്ഷവും സംസ്ഥാന പൊലീസ് ആയിരിക്കും. സംസ്ഥാന പൊലീസിന് പേടിക്കുവാൻ സിബിഐയും മറ്റ് കേന്ദ്ര ഏജൻസികളുമൊക്കെ ഉണ്ട്. എന്നാൽ സിബിഐക്ക് പേടിക്കാൻ സുപ്രീംകോടതിയോ ഹൈക്കോടതിയോ മാത്രം. അതുകൊണ്ടുതന്നെ സിബിഐ അന്വേഷണം കൊണ്ട് സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുക പ്രയാസം.

എന്നാൽ സിബിഐക്ക് നിരപരാധികളെ പ്രതികളാക്കാനോ അപരാധികളെ വെറുതെ വിടാനോ കഴിഞ്ഞെന്നുവരില്ല. ഇവിടെ പ്രശ്‌നം സിപിഎം പ്രതിസ്ഥാനത്തുള്ള കേസുകൾ മാത്രം സിബിഐ അന്വേഷിക്കുന്നു എന്നുള്ളതാണ്. എന്നാൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ഇന്ത്യൻ ജനാധിപത്യത്തിനും കേരളീയ സാംസ്‌കാരിക സംവിധാനത്തിന് ഒരു ഭീഷണിയാകുകയും ചെയ്യുന്നു.

അതിന്റെ മുഖ്യധാരയിലുള്ളതാകട്ടെ സിപിഎമ്മും. അതിനാൽ സിപിഎമ്മിന് പങ്കുള്ള കൊലപാതകങ്ങൾക്ക് കണ്ണൂരിൽ അറുതിവരുത്താൻ പറ്റിയാൽ, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെ ഇല്ലാതായേക്കാം. സിപിഎമ്മിന്റേതുപോലെ ആർഎസ്എസിന്റേതും അന്വേഷിക്കേണ്ടതും അപലപിക്കേണ്ടതുമാണ്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ സംഘപരിവാർ പ്രതിസ്ഥാനത്തുള്ള ഒരു കേസ് സിബിഐ അന്വേഷിക്കും എന്ന് പ്രതീക്ഷിക്കുക വയ്യ.

ഇത്തരത്തിൽ കേസന്വേഷണത്തിലെ രാഷ്ട്രീയ ചേരിതിരിവ് മാറ്റിവച്ചാൽ സിപിഎം നേതാക്കൾ പ്രതികളായ കേസുകളിലെങ്കിലും സത്യം പുറത്തുവന്നാൽ അത് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യം കുറിച്ചേക്കാം. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും അണികൾ കൊല്ലപ്പെടുന്നു. ഒരു നേതാവു പോലും അറസ്റ്റിലാവുന്നില്ല.

നേതാക്കന്മാരെ സംരക്ഷിക്കുന്ന ചുമതല അതത് കാലത്ത് ഭരിക്കുന്നവർ ഏറ്റെടുക്കുന്നു. ഷുഹൈബ് കൊല്ലപ്പെടുന്നത് കണ്ണൂരുകാരായ പിണറായി മുഖ്യമന്ത്രിയും കോടിയേരി പാർട്ടി സംസ്ഥാന സെക്രട്ടറിയും പി ജയരാജൻ ജില്ലാ സെക്രട്ടറിയും ആയിരിക്കുന്ന കാലത്താണ്. അതിനാൽ തന്നെ ഷുഹൈബിന്റെ വീട്ടുകാർക്ക് നീതി ലഭിക്കില്ലെന്നതും തീർച്ച. ഈ സാഹചര്യത്തിൽ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന തീരുമാനം തികച്ചും യുക്തിഭദ്രമാകുന്നു.

ഈ നാലു കേസുകളിലും പിടിക്കപ്പെടേണ്ടത് ഗൂഢാലോചനക്കാരായ നേതാക്കളാണ്. അതിന് സിബിഐക്ക് കഴിയണം. ഇത്തരത്തിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അന്ത്യംകുറിക്കപ്പെടണം. ഒരു ശുദ്ധീകലശത്തിന്് സമയമായിരിക്കുന്നു. സിപിഎംകാർ പൊലീസിനെ പേടിച്ച് കൊലപാതകം നിർത്തിയാൽ ബിജെപിക്കാരും നിർത്തും. അതിനു പിന്നാലെ എസ്ഡിപിഐയും ലീഗും കോൺഗ്രസ്സുമെല്ലാം നിർത്തും ഈ കൊലപാതക രാഷ്ട്രീയം. അതിനുള്ള ഒരു ഭൂമികയായി ഈ തീരുമാനം മാറട്ടെ.