തിരുവനന്തപുരം: ഷുഹൈബിന്റെ മരണം ആ കുടുംബത്തിന് വലിയ വേദനയാണ് സമ്മാനിച്ചത്, കോൺഗ്രസിന് വലിയ ഉണർവും. അതുകൊണ്ടാണ് രക്തസാക്ഷികളെ രാഷ്ട്രീയപാർട്ടികൾ അവരുടെ നിലനിൽപ്പിന്റെ അനിവാര്യ ഘടകമായി കാണുന്നത്. ഓരോ രക്തസാക്ഷിയും ഓരോ മരണവും രാഷ്ട്രീയപാർട്ടികൾക്ക് ശക്തമായ അടിത്തറയാണ് നൽകുന്നത്. അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ പാർട്ടികൾ രക്തസാക്ഷിത്വത്തെ പ്രോത്സാഹിപ്പിക്കുന്നത് അത് നൽകുന്ന ഗുണങ്ങൾ കൊണ്ടാണ്.

ഷുഹൈബിന്റെ മരണം വേദനാജനകമാണെന്ന് നമ്മൾ പറയുമ്പോഴും അത് കോൺഗ്രസ് പാർട്ടിക്ക് നൽകിയ ഉണർവ് വളരെ വലുതാണ്. അനൂകുല രാഷ്ട്രീയ സാഹചര്യത്തെ അനുകൂലമായി ഉപയോഗിക്കുമ്പോൾ മാത്രമേ രാഷ്ട്രീയ പാർട്ടിക്ക് ഉയർച്ചയുണ്ടാവുകയുള്ളൂ. പലപ്പോഴും നേതൃഗുണം എന്നത് ഇത്തരം അനുകൂല രാഷ്ട്രീയ സാഹചര്യത്തെ മുതലെടുക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. രാഹുൽ ഗാന്ധി ഇപ്പോൾ മോദിക്കെതിരായ ജനവികാരം തന്ത്രപരമായി മുതലെടുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നിർഭാഗ്യവശാൽ പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരായ ജനവികാരം, അത് രാഷ്ട്രീയ കൊലപാതകത്തിന്റെ പേരിലായാലും സ്വജനപക്ഷപാതത്തിന്റെ പേരിലായാലും ധാർഷ്ട്യത്തിന്റെ പേരിലായാലും ഒക്കെ മുതലെടുക്കുന്ന കാര്യത്തിൽ ഇവിടുത്തെ പ്രതിപക്ഷത്തിന് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ല.

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എംഎം ഹസനും തികഞ്ഞ പരാജയമാണെന്നതിന് ഉദാഹരണമായിരുന്നു ഈ അലസത. ഈ അലസതക്ക് ആദ്യമായി മാറ്റമുണ്ടാക്കിയത് വി.ടി. ബലറാം എന്ന ഒരു യുവനേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു. എകെജിയെക്കുറിച്ചിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ കോൺഗ്രസിന്റെ സ്വഭാവം വെച്ച് വി ടി ബൽറാം മാപ്പുപറഞ്ഞു ഇല്ലാതായി പോകേണ്ടതായിരുന്നു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ യുവാക്കളിൽ വലിയ ആവേശമുണ്ടാക്കാൻ ബൽറാമിന് കഴിഞ്ഞു. അത്തരത്തിലൊരു ആവേശമുണ്ടാക്കിയെടുക്കാനാണ് ഷുഹൈബ് വിഷയത്തിൽ കെ സുധാകരനും സാധിച്ചത്. സുധാകരൻ നിരാഹാരമിരുന്ന വിഷയം നടപ്പായില്ലെങ്കിൽ പോലും കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശമാണുണ്ടായിരിക്കുന്നത്.

ഈ സാഹചര്യത്തെ യുഡിഎഫിനും കോൺഗ്രസിനും അനുകൂലമാക്കി മാറ്റാൻ തന്ത്രപരമായ നീക്കങ്ങൾ ഇപ്പോൾ എടുക്കേണ്ടിയിരിക്കുന്നു. യുവനേതാക്കൾ ഇക്കാര്യം രാഹുൽ ഗാന്ധിയെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എക്കാലത്തും കോൺഗ്രസ് തീരുമാനങ്ങളെടുക്കുന്നതിന് അടിസ്ഥാനമാക്കിയ മതവും ജാതിയും മാറ്റിവച്ച് കോൺഗ്രസ് പ്രവർത്തകരുടെയും സാധാരണക്കാരുടെയും വികാരം കണക്കിലെടുത്തുകൊണ്ടുള്ള ഒരു അഴിച്ചുപണിക്ക് അവസരമായിരിക്കുകയാണ്. അതിനാദ്യം വേണ്ടത് എംഎം ഹസനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുക എന്നതാണ്.

ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത എംഎം ഹസൻ കെപിസിസി പ്രസിഡന്റായിരിക്കുന്നതിൽ കോൺഗ്രസിന് ഒരു ഗുണവുമില്ല. പകരം ചുറുചുറുക്കും ഉണർവുമുള്ള കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കേണ്ടിയിരിക്കുന്നു. ഇന്നല്ലെങ്കിൽ നാളെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള രമേശ് ചെന്നിത്തലയുടെ പ്രവർത്തനം ഒരു പരാജയമാണെന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടിയെ നേതൃരംഗത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ട സമയമായിരിക്കുന്നു.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനങ്ങളിലേക്കിറങ്ങിയാൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ളതിനേക്കാൾ ശക്തമായ അടിത്തറയുണ്ടാക്കാനാകും. രമേശ് ചെന്നിത്തലയെ ഒന്നാമനായി പ്രതിഷ്ഠിക്കുമ്പോഴാണ് എവിടെയൊക്കെയോ പിഴയ്ക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ഏറ്റവും ശക്തനായ രണ്ടാംനിര നേതാവാണ് എന്ന് ചെന്നിത്തലയെ ബോധ്യപ്പെടുത്തിക്കൊണ്ട് ഒരു മാറ്റമാണാവശ്യം. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കിക്കൊണ്ട് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും ചെന്നിത്തല, കെ മുരളീധരൻ, വി ഡി സതീശൻ തുടങ്ങിയവർ ശക്തിപകരുന്ന നേതാക്കന്മാരുമായി മാറുന്ന ഒരു കോൺഗ്രസ് സംവിധാനം. ഒപ്പം വി ടി ബൽറാമിനെയും വിഷ്ണുനാഥിനെയും പോലുള്ള ചെറുപ്പക്കാരായ നേതാക്കന്മാർ ആവേശോജ്വലമായി കോൺഗ്രസിലും യുഡിഎഫിലും ഇടപെടുന്ന ഒരു നേതൃനിര. ഇങ്ങനെയാരു സംവിധാനത്തിലേക്ക് ജാതിമത ഭേദമന്യെ അഴിച്ചുപണിയാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ നിഷ്പ്രയാസം അധികാരത്തിലെത്താൻ സാധിക്കും. അത്തരമൊരു മാറ്റത്തിന് സമയമായിരിക്കുകയാണ്.

രാഷ്ട്രീയ സാഹചര്യം അനുകൂലമാക്കാൻ രാഹുൽ ഗാന്ധിയുടെ മുന്നിൽ ഇത് ബോധ്യപ്പെടുത്തി കോൺഗ്രസിന്റെ ഒന്ന്, രണ്ട് നിര നേതാക്കളെയും യുവാക്കളെയും ഒന്നിച്ചുനിർത്തേണ്ട സമയമായിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഈ ദിവസങ്ങളിൽ വരുന്ന തെരഞ്ഞെടുപ്പുഫലം കോൺഗ്രസിന് എതിരും ബിജെപിക്ക് അനുകൂലവും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇന്ത്യയിലെ മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും കീഴടക്കിയ ബിജെപി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽക്കൂടി ആധിപത്യമുറപ്പിക്കുന്ന സാഹചര്യത്തിൽ വലിപ്പച്ചെറുപ്പങ്ങൾ മാറ്റിവെച്ച് കോൺഗ്രസ് ജനങ്ങൾക്കിടയിൽ ഇടപെടേണ്ട സമയമായിരിക്കുന്നു. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനവും കോൺഗ്രസിന് പ്രധാനപ്പെട്ടതാണ്. കേരളം പിടിക്കണം എന്ന ആഗ്രഹമുണ്ടെങ്കിൽ സാമുദായിക പരിഗണനകളും ഗ്രൂപ്പ് രാഷ്ട്രീയവും മാറ്റിവെച്ച് വീതംവയ്പുകൾ അവസാനിപ്പിച്ച് നേതൃഗുണമനുസരിച്ച് കെ സുധാകരനെയും ഉമ്മൻ ചാണ്ടിയെയും വിഡി സതീശനെയും കെ മുരളീധരനും ചെന്നിത്തലയെയുമൊക്കെ ഒന്നിച്ച് നിർത്തിയാൽ ഒരു സംസ്ഥാനമെങ്കിലും കൈപ്പിടിയിലൊതുക്കാൻ കോൺഗ്രസിന് സാധിക്കും.