മെട്രോമാൻ ഇ ശ്രീധരനെ ഇരട്ടച്ചങ്കൻ പിണറായി വിജയൻ അപമാനിച്ച് ഇറക്കിവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്രീധരൻ ആവശ്യപ്പെടുകയും കത്തെഴുതുകയും ചെയ്തിട്ടും അനുമതി നൽകുന്നില്ല. മൂന്നുചങ്കുള്ള മന്ത്രി സുധാകരനെ ശ്രീധരൻ പലകുറി കണ്ട് പറഞ്ഞു. എന്നെ സർക്കാർ ഒരു പണിയേൽപിച്ചു. അതിനായി പണവും തന്നു. ഒന്നരവർഷമായി അതിനായി പ്രവർത്തിക്കുന്നു. ഇക്കാലയളവ് എനിക്കൊരു പദ്ധതി പൂർത്തിയാക്കാനുള്ള സമയമാണ്. രണ്ട് ഓഫീസ് നടത്തി ലൈറ്റ് മെട്രോ കേരളത്തിന് ഗുണകരമാകുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കരാർ ഒപ്പിടാൻ നിങ്ങൾ തയ്യാറാവുന്നില്ല. പണി തുടങ്ങാൻ നിങ്ങൾ സമ്മതിക്കുന്നില്ല. ഇതിനിടെ മീറ്റിങ്ങുകൾ കൂടുന്നുണ്ട്.. മാറ്റണം.. പോവണം എന്നൊക്കെ പറയുന്നുണ്ട്. മടുത്തു..... ഒടുവിൽ മെട്രോമാൻ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു. നിങ്ങൾ എന്തെങ്കിലും ഫെബ്രുവരി 16ന് മുമ്പ് ചെയ്യണമെന്നും അല്ലെങ്കിൽ ഞാൻ ഈ പണി നിർത്തുമെന്നും വ്യക്തമാക്കിയായിരുന്നു കത്ത്. മാർച്ച് പത്തായിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് ശ്രീധരൻ പറയുന്നത്. ഞാൻ നിർത്തുന്നു എന്ന്.

എന്തൊരു കഷ്ടമാണ് ഇതെന്ന് നോക്കൂ.. കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊച്ചി മെട്രോയ്ക്ക് വേണ്ടി എത്തിയ ഇ. ശ്രീധരനെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുകച്ചുചാടിക്കാൻ ശ്രമിച്ചപ്പോൾ അത് പാടില്ലെന്ന് പറഞ്ഞ് ബഹളംവച്ചത് പിണറായിയും വിഎസും അടങ്ങുന്നവരായിരുന്നു. ടോം ജോസ് എന്നുപറയുന്ന ഐഎഎസുകാരൻ കാട്ടുകള്ളനാണെന്നും ഈ പണമെല്ലാം അടിച്ചുമാറ്റി കീശവീർപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടിക്കും ബെന്നി ബെഹനാനും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ അതിൽ വിഹിതമുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചു പിണറായിയും വിഎസും സൈബർ സഖാക്കളും.

ശ്രീധരനെ വിട്ട് ഒരു കളിക്കില്ല ഞങ്ങളെന്നാണ് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. വിശ്വസ്തനായ ടോംജോസിനെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് അന്ന് ഉമ്മൻ ചാണ്ടി മാറ്റി. സൈബർ ആക്രമണം പേടിച്ചും സൽപ്രീതി ആഗ്രഹിച്ചും. സോഷ്യൽ മീഡിയയുടെ മുന്നിൽ മുട്ടുമടക്കി ഉമ്മൻ ചാണ്ടി അഴിമതിയിൽ നിന്ന് പിന്മാറി എന്നാണ് അന്ന് സിപിഎം പറഞ്ഞിരുന്നത്.

ആഗോള ടെൻഡർ വേണമെന്നായിരുന്നു ടോംജോസിന്റെ പക്ഷം. ഗവൺമെന്റ് ഒരു കരാർ മറ്റൊരു ഗവൺമെന്റുമായി ഉണ്ടാക്കുമ്പോൾ ഒരു ടെൻഡറിന്റേയും ആവശ്യമില്ലെന്ന് ശ്രീധരനും പറഞ്ഞു. ആഗോള ടെൻഡർ വിളിക്കുന്നത് ഇഷ്ടക്കാർക്ക് ടെൻഡർ നൽകി കാശടിക്കാൻ ആണെന്ന് ബഹളംവച്ചു. ഇന്ന് പിണറായിയും വിഎസും സുധാകരനുമെല്ലാം പറയുകയാണ് ആഗോള ടെൻഡർ വിളിച്ചേ പറ്റൂ എന്ന്.

ഒരു ആഗോള ടെൻഡറും വിളിക്കാതെ 3750 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് 300 കോടി രൂപ ലാഭിച്ച് കേരളത്തിന് പറഞ്ഞതിനേക്കാൾ മുന്നേ മെട്രോ നൽകിയ ആളാണ് ശ്രീധരൻ. ഇത് ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. 49 കോടി മുടക്കി പണിയാനിരുന്ന ഇടപ്പള്ളി പാലം 13 കോടി രൂപ ലാഭിച്ച് പൂർത്തിയാക്കിയെന്നതും ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ?

സർക്കാരിന്റെ പദ്ധതികൾ ഖജനാവ് കൊള്ളയടിക്കാനുള്ള പദ്ധതികളാണ്. എല്ലാ പദ്ധതികളിലും ആദ്യം ടെൻഡറിൽ കൊടുക്കുന്നതിന്റെ മൂന്നും നാലും ഇരട്ടി പണം അടിച്ചുമാറ്റിയാണ് പദ്ധതികൾ തീരുന്നത്. ശ്രീധരന്റെ ഒരു പദ്ധതിയും എസ്റ്റിമേറ്റ് കൂട്ടിയിട്ടില്ല. അതിന് താഴെ നിർത്തി ശ്രീധരൻ. എന്നാൽ പിഡബ്‌ള്യുഡി മുതൽ സിഡ്‌കോ കരാർ വരെ സർക്കാർ കൈവയ്ക്കുന്ന എല്ലാ കരാറിലും കോൺട്രാക്ടർമാർ രണ്ടുംമൂന്നും ഇരട്ടി പണമാണ് അടിച്ചുമാറ്റുന്നത്. ഈ പണമൊക്കെ പോകുന്നത് രാഷ്ട്രീയക്കാരന്റെ പോക്കറ്റിലേക്കും അനുമതി നൽകുന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കും പോകുന്നു. അതിന് തടയിട്ട്, മെട്രോമാൻ ഇന്ത്യയിലുണ്ടാക്കിയ മാറ്റം കണ്ടില്ലെന്ന് നടിക്കാൻ പിണറായിക്ക് കഴിയുമോ?

ഇ ശ്രീധരനെ കുറിച്ച് പിണറായി വിജയന് എന്തറിയാം? മെട്രോ എന്ന സങ്കൽപം ഇന്ത്യയിൽ ആദ്യമായി കൊൽക്കത്തയിൽ കൊണ്ടുവന്നത് ശ്രീധരനാണ്. ഇന്ന് ഇന്ത്യയിൽ ഏത് മെട്രോ ആയാലും ശരി ശ്രീധരന്റെ കയ്യൊപ്പില്ലാതെ നടക്കില്ല. ഒരു മനുഷ്യായുസ്സിൽ വിചാരിച്ചാൽ നടക്കാത്ത പദ്ധതിയായിരുന്നു കൊങ്കൺ. 1964ൽ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്ന് രാമേശ്വരത്തെ ജനങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ ആറുമാസംകൊണ്ട് പാലം പണിയാമെന്നാണ് സർക്കാർ പറഞ്ഞത്. അന്ന് ആരും വിശ്വസിച്ചിരുന്നില്ല രണ്ടുകൊല്ലംകൊണ്ടു പോലും പാലം തീരുമെന്ന്. അന്ന് ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീധരന് ചുമതല കിട്ടി. അദ്ദേഹം പറഞ്ഞു ഞാൻ മൂന്നുമാസംകൊണ്ട് തീർത്തുതരാം എന്ന്. 46 ദിവസംകൊണ്ട് പാമ്പൻപാലം പണിതീർത്തു ശ്രീധരൻ. ഇന്നും ഒന്നും സംഭവിച്ചിട്ടില്ല ആ പാലത്തിന്. ഇന്നും ഇന്ത്യയിലെ അസാധാരണമായ എൻജിനീയറിംഗിന്റെ പ്രതീകമായി നിൽക്കുകയാണ് പാമ്പൻ പാലം.

പ്രധാനമന്ത്രി മോദി മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ എന്തെങ്കിലും ഒരു പദ്ധതിക്കുവേണ്ടി ശ്രീധരനെ കിട്ടുമോ എന്ന് കാത്തുനിൽക്കുമ്പോൾ, 80 കഴിഞ്ഞ ആ വയോധികൻ പിറന്ന നാടിനോടുള്ള സ്‌നേഹംകൊണ്ട് രംഗത്തുവന്നപ്പോൾ... അപമാനിച്ചുവിടുന്നത് തെമ്മാടിത്തരമാണ്... ശുദ്ധ തോന്ന്യവാസമാണ്.

എവിടെയാണ് സോഷ്യൽ മീഡിയയിലെ ദുഷ്പ്രഭുക്കന്മാർ? ഉമ്മൻ ചാണ്ടിയേയും ടോംജോസിനേയും അഴിമതിക്കാരാക്കി മാറ്റി ബഹളംവച്ച സോഷ്യൽമീഡിയക്കാർ എവിടെ? പിണറായി പറയുമ്പോൾ ആഗോള ടെൻഡർ... പിണറായി പറഞ്ഞാൽ ഇ ശ്രീധരൻ മോശക്കാരൻ... ഉമ്മൻ ചാണ്ടി പറഞ്ഞാൽ ആഗോളടെൻഡർ തട്ടിപ്പും ശ്രീധരൻ മഹാനും.. എന്തൊരു ഇരട്ടത്താപ്പാണിത്?

കേരളത്തിലെ പത്രങ്ങളിൽ ഒന്നോ രണ്ടോ കോളം വാർത്ത വന്ന് തീരേണ്ട വിഷയമല്ല ഇത്. പ്രശസ്തിക്കുവേണ്ടി മാധ്യമങ്ങളെ സമീപിക്കുന്ന ആളല്ല ശ്രീധരൻ. ഒന്നരക്കൊല്ലം പദ്ധതിക്കുവേണ്ടി പിന്നാലെ നടന്ന് ഡിഎംആർസിക്ക് മാസം പതിനാറുലക്ഷംവീതം ഒരു കരാറുമില്ലാതെ നഷ്ടം വരുന്നതുകണ്ട് ചങ്കുപൊട്ടി പലതവണ സർക്കാരിന് കത്തെഴുതിക്കഴിഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം എത്തിയത്.

അങ്ങനെയുള്ള അദ്ദേഹത്തോട് കാണിക്കുന്നത് ശുദ്ധ പോക്രിത്തരവും തെമ്മാടിത്തരവുമാണ്... അഴിമതിയാണ്. ശ്രീധരനെ പറഞ്ഞുവിടുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളും നേതാക്കന്മാരും ഒക്കെ ചേർന്ന് പോക്കറ്റിലേക്ക് കാശുതട്ടിയെടുക്കാൻ നടത്തുന്ന ശ്രമംതന്നെയാണ്. വികസനത്തോടുള്ള സമീപനം സത്യസന്ധമായിരിക്കണം. ശ്രീധരനെ പോലെ ഒരാളെ മുറിവേൽപിച്ചുവിടുന്നത് കേരളീയ സമൂഹത്തിന് എന്നും അപമാനമായിരിക്കും.. നാണക്കേടായിരിക്കും.