ഷുഹൈബിനെ കൊന്നത് സിപിഎംകാരാണ് എന്ന കാര്യത്തിൽ സിപിഎംകാർക്കു പോലും ഇപ്പോൾ തർക്കമില്ല. സാധാരണ ഒരു കൊലപാതകമുണ്ടാകുമ്പോൾ കൊലപാതകിയെക്കുറിച്ച്, ആര് കൊലനടത്തി എന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കാറുണ്ട്. കോൺഗ്രസിന്റെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ടതാണെന്നും ആർഎസ്എസുകാർ കൊന്നതാണെന്നും അതല്ല എസ്ഡിപിഐക്കാർ കൊന്നതാണെന്നും എന്തിനേറെ ലീഗുകാർ കൊന്നതാണെന്നും വരെ പറയാനുള്ള സാധ്യത കണ്ണൂരുണ്ട്. എന്നാൽ ഷുഹൈബിനെ കൊന്നത് സിപിഎമ്മുകാരാണെന്ന കാര്യം സിപിഎം തന്നെ അംഗീകരിച്ചു, സിപിഎം ഭരിക്കുന്ന പൊലീസ് അംഗീകരിച്ചു, സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗീകരിച്ചു. പാർട്ടി തന്നെ ഒരു അന്വേഷണം നടത്തി എങ്ങനെയാണ് ഒരു നേതാവിനെ കൊന്നത് അല്ലെങ്കിൽ കൊല്ലാനിടയായ സാഹചര്യമെങ്ങനെയുണ്ടായി എന്ന് അന്വേഷിക്കുമെന്നാണ് പാർട്ടിയുടെ തന്നെ ജില്ലാ സെക്രട്ടറി പറയുന്നത്.

")); // ]]>

പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും പൊലീസ് പിടിയിലായവർ ഡമ്മികളാണെന്ന ആരോപണം ആരോപണമുന്നയിച്ചവർ പോലും ഉന്നയിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇപ്പോഴും കെ സുധാകരൻ അടങ്ങുന്ന കോൺഗ്രസ് നേതാക്കൾ, സിപിഎംകാരാണ് കൊന്നത് എങ്കിലും യഥാർത്ഥ പ്രതികൾ ഇപ്പോൾ പിടിയിലായവരല്ല എന്നാണ് പറയുന്നത്. സുധാകരൻ ഒരു പടികൂടി കടന്ന് സിപിഎമ്മിന്റെ രണ്ട് ഏരിയാ കമ്മിറ്റികൾ നേരിട്ട് നേതൃത്വം നൽകിയ കൊലപാതകമാണെന്നും അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റിക്ക് വ്യക്തമായ അറിവും ധാരണയുമുണ്ട് എന്നും പറയുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നതും പാർട്ടി അറിഞ്ഞോ അറിയാതെയോ ഈ കൊലപാതകത്തിൽ പങ്കാളികളായിട്ടുണ്ട് എന്നാണ്.

സിപിഎമ്മിനെ ന്യായീകരിക്കുന്നവർ ഉയർത്തുന്നത് സിപിഎമ്മുകാർ കൊല്ലപ്പെടുമ്പോൾ എന്തുകൊണ്ട് ആരും ഒന്നും സംസാരിക്കുന്നില്ല എന്നാണ്. അവരും നിഷേധിക്കുന്നില്ല ഈ കൊലപാതകത്തിന് പിന്നിൽ പാർട്ടിയാണെന്ന കാര്യം. ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവും കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നതുപോലെ, കെ സുധാകരൻ ആവശ്യപ്പെടുന്നതുപോലെ, പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണം നടത്താൻ എന്തിനാണ് സർക്കാർ മടിക്കുന്നത്.

സിബിഐ അന്വേഷണം നടത്തുന്നത് രണ്ടു സാഹചര്യത്തിലാണ്. ഒന്ന് കേന്ദ്രവിഷയങ്ങളുടെ മേൽ. കേന്ദ്ര ഉദ്യോഗസ്ഥന്മാർ ഇടപെട്ടിട്ടുള്ള, കേന്ദ്ര സർക്കാർ ഇടപെട്ടിട്ടുള്ള, കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിലുള്ള സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെട്ടിട്ടുള്ള, കേന്ദ്ര അധികാരപരിധിയിലുള്ള കേസുകളിലാണ് സിബിഐ സാധാരണ ഇടപെടാറുള്ളത്. രണ്ടാമത്, അതാത് സംസ്ഥാന രാഷ്ട്രീയത്തിലെ രാഷ്ട്രീയ നിലപാടുകൾ ഒരന്വേഷണത്തിന്റെ സത്യത്തെ നീതിയെ ബാധിക്കുമെന്ന് ആ കുറ്റകൃത്യത്തിലെ ഇരകൾക്ക് പരാതിയുണ്ടെങ്കിലാണ്. സിബിഐ അന്വേഷണം വരുന്നത് അതാത് സംസ്ഥാനത്തെ പൊലീസിന് കഴിവില്ലാത്തുകൊണ്ടല്ല. മറിച്ച്, ആ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും സമ്മർദവും മൂലം നിഷ്പക്ഷമായ അന്വേഷണം നടത്താൻ സാധിക്കാത്തുകൊണ്ടാണ് സിബിഐ അന്വേഷണം ഉണ്ടാകുന്നത്.

കണ്ണൂരിൽ നിന്നുള്ള ഒരു സിപിഐഎം നേതാവ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ, ആ പാർട്ടിയിലെ അതിശക്തനായ ഒരു നേതാവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഭരണം നിയന്ത്രിക്കുമ്പോൾ, ആ പാർട്ടിയുടെ അധികാരകേന്ദ്രങ്ങളുമായി അടുപ്പമുള്ള ജില്ലാ സെക്രട്ടറി പ്രതിഭാഗത്തിന്റെ വക്താവായിരിക്കുമ്പോൾ, നീതി ലഭിക്കുകയില്ലെന്ന് ശുഹൈബിന്റെ കുടുംബമോ കോൺഗ്രസോ പറഞ്ഞാൽ അതിനെ കുറ്റം പറയാനാകില്ല. പൊലീസ് നിഷ്പക്ഷമല്ല. നിരപരാധികളെ പ്രതിചേർക്കുന്നതിനും അപരാധികളെ വെറുതേവിടുന്നതിനും കേരള പൊലീസ് മാത്രമല്ല ലോകത്തുള്ള എല്ലാ പൊലീസുകാരും ഒരുപോലെയാണ്. അതുകൊണ്ട് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും നീതിയുക്തമായ ആവശ്യമാണ് ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക എന്നത്.

അതിന് വിരോധമില്ലെന്നാണ് മന്ത്രി എകെ ബാലൻ പറഞ്ഞത്. പിണറായി വിജയൻ നിയമസഭയിൽ നിഷേധിച്ചെങ്കിൽ അതിനർത്ഥം സർക്കാർ എന്തോ ഭയപ്പെടുന്നുണ്ട് എന്നു തന്നെയാണ്. ഷുഹൈബ് വധവും കതിരൂർ മനോജ് വധവും മാത്രമല്ല കണ്ണൂരിലെ കഴിഞ്ഞ ഇരുപതുവർഷത്തിനിടെ നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും സിബിഐ അന്വേഷണത്തിന് വിടണം. ഇവിടൊരു പ്രശ്നമുള്ളത് ആർഎസ്എസുകാർ ഉൾപ്പെട്ടിട്ടുള്ള രാഷ്ട്രീയ കൊലപാതകം സിബിഐ അന്വേഷണത്തിന് വിട്ടാൽ പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രധാനപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങളിലെങ്കിലും സിബിഐ അന്വേഷണം നടത്തുകയാണ് ഏക പരിഹാരം. കണ്ണൂരിൽ ഇനിയാരുടെയും ജീവൻ നഷ്ടപ്പെടരുത്. ഒരു മാതാപിതാക്കളും മക്കളെ നഷ്ടമായതിന്റെ പേരിൽ വിലപിക്കരുത്. ഒരു ഭാര്യമാരും രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമായി വിധവകളാകരുത്.

ഒരു കുട്ടികളും അനാഥരാകരുത്. സമാധാന സമ്മേളനം വിളിച്ചതുകൊണ്ടോ പ്രസംഗിച്ചതുകൊണ്ടോ അതിന് പരിഹാരമാകില്ല. മാറിമാറി ഭരിക്കുന്ന സർക്കാരുകൾ പ്രതികളെ സംരക്ഷിക്കുന്നു. എന്തുകൊണ്ട് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന് ടി പി വധത്തിൽപോലും എന്തുകൊണ്ട് ശരിയായ അന്വേഷണം നടത്താൻ സാധിച്ചില്ല. ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതുകൊണ്ട് കണ്ണൂരിലെ മുഴുവൻ കൊലപാതകങ്ങളും സിബിഐയെക്കൊണ്ടോ അല്ലെങ്കിൽ മറ്റൊരു ഏജൻസിയെക്കൊണ്ടോ അന്വേഷണ വിധേയമാക്കി യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിച്ച് ഇനിയൊരു രാഷ്ട്രീയ കൊലപാതകം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ട് പിണറായിക്കും ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും സുധാകരനുമൊക്കെ. ഈ വിഷയത്തിൽ ഷുഹൈബിന് നീതി കിട്ടേണ്ടതുണ്ട്. സമരം തുടരുന്ന സുധാകരന് നീതി കിട്ടേണ്ടതുണ്ട്. സർക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കിൽ എത്രയും വേഗം കേസ് സിബിഐക്ക് വിടണം.