തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയെ ഒരു ദിവസമെങ്കിലും അഴിയെണ്ണിക്കാമെന്ന ആഗ്രഹിക്കുന്ന നീതി നടപ്പിലാകാണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീരെ നിരാശ നൽകിയ ദിവസമായിരുന്നു ഇന്ന്. പാലാ കോടതിയിൽ ഹാജരാക്കി മെത്രാനെ റിമാന്റ് ചെയ്യിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് വിദഗ്ധമായി ഒഴിഞ്ഞു മാറുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിൽ ഒരു പ്രതിയെ ആവശ്യപ്പെടുന്നത് ആപ്രതിക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് എല്ലാവർക്കും അറിയാവുന്നതുകൊണ്ടു തന്നെ ആ പഴുതിന് എന്തോ മഹത്തായ കാര്യമാണ് എന്ന് വരുത്തി തീർത്തുകൊണ്ട് ഒത്തുകളിക്കുകയായിരുന്നുവെന്നത് വ്യക്തം. ലൈംഗികാരോപണ കേസിൽ അറസ്റ്റിലായ മെത്രാനെ കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എതിർക്കാതിരുന്ന പ്രതിയുടെ അഭിഭാഷകന്റെ നിലപാട് തന്നെ ഈ ഒത്തുക്കളിയുടെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വന്നു.

സാധാരണഗതിയിൽ പൊലീസ് കസ്റ്റഡിയിൽ കിടന്നുറങ്ങേണ്ടിവരുന്നതുകൊണ്ടും ഒരു പക്ഷേ പൊലീസിന്റെ ക്രൂരമായ ചോദ്യം ചെയ്യലിന് ഇരയാകേണ്ടിവരുന്നതുകൊണ്ടും പ്രതികളാണ് പറയുന്നത് ഞങ്ങൾക്ക് കോടതിയിൽ റിമാന്റ് ചെയ്താൽ മതിയെന്ന്. ഇവിടെ പ്രതി ആവശ്യപ്പെട്ടില്ല. അതിന്റെ കാരണം വ്യക്തമായിരുന്നു. ഒരു ദിവസം പോലും മെത്രാനെ ജയിലിൽ കിടത്തരുതെന്ന വാശി കൊണ്ട്. എന്നാൽ ലോക്കപ്പിൽ കിടന്നാൽ അതിന് പരിഹാരമാകുമോ എന്ന് ചോദ്യം വരും. ഇല്ല കാരണം ലോക്കപ്പിനെക്കാട്ടി നല്ലതും സുരക്ഷിതവും ജയിൽ തന്നെയാണ്.

എന്നാൽ കസ്റ്റഡിയിൽ കിട്ടിയിരിക്കുന്ന പൊലീസ് മെത്രാനെ താമസിപ്പിക്കുന്നത് കോട്ടയത്തെ എസി ചെയ്ത പൊലീസ് ക്ലബിലാണ്. ഇത് തന്നെ ഈ ഒത്തുക്കളിയുടെ ഉദാഹരണമായി മാറുന്നു. നമ്മുടെ നാട്ടിലെ ക്രിമിനൽ നടപടി ക്രമങ്ങൾ നോക്കുമ്പോൾ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. പൊലീസ് പറയുന്നത് എത്രയും വേഗം തെളിവെടുപ്പ് പൂർത്തിയാക്കികേസിൽ തീരുമാനം എടുക്കുന്നതിന് വേണ്ടിയാണ് ഇന്ന് തന്നെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്നാണ്. എന്നാൽ മൂന്നു ദിവസം പ്രാഥമിക അന്വേഷണത്തിന് വേണ്ടി സമയം കളഞ്ഞ പൊലീസിന് തെളിവെടുപ്പിന് വേണ്ടി രണ്ടു ദിവസം കൂടി കാത്തിരിന്നുകൂടെ എന്നാണ് ചോദ്യം ഉയരുന്നത്.

സാധാരണ ഒരു കേസുണ്ടായാൽ പ്രതിയെ മജിസ്ട്രേറ്റ് 14 ദിവസം റിമാന്റ് ചെയ്യുകയാണ് പതിവ്. പിന്നാലെ പുതിയ അപേക്ഷ നൽകി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. അങ്ങനെ 1,2 ദിവസം കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കി ജയിലിലേക്ക് തന്നെ തിരിച്ചു വിടും. ഇവിടെ മെത്രാന്റെ കാര്യത്തിൽ മാത്രം ഇന്ന് തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറഞ്ഞതും തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് പറഞ്ഞതും. ഒരു സംശയവും വേണ്ട കോട്ടയം പൊലീസ് ക്ലബിലെ രണ്ടാം നമ്പർ എസി റൂമിൽ കിടത്തി ഉറക്കി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയുടെ സമയം ജാമ്യം നേടി വീട്ടിൽ പോകാനുള്ള കളമൊരുക്കാൻ തന്നെയാണ്.

ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം വിധി പ്രസ്താവിക്കാൻ ഒരു മണിക്കൂർ വൈകിയപ്പോൾ പ്രതിയെ കോടതിയുടെ ജൂനിയർ സൂപ്രണ്ടിന്റെ റൂമിൽ ഇരുത്തിയതും ഇതുമായി ബന്ധപ്പെട്ട് വായിക്കേണ്ടതാണ്. സാധാരണ പ്രതികൾക്ക് ഇടിയും ചിവിട്ടും കിട്ടുമെന്ന് മാത്രമല്ല അവർക്ക് നിൽക്കാൻ പോലും സ്ഥലം കിട്ടാറില്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്