തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയുടെ പാർട്ടി എൻസിപിയിൽ ലയിച്ചു പത്തനാപുരം എംഎൽഎ ഗണേശ്‌കുമാറിനെ മന്ത്രിയാക്കാൻ നീക്കം നടക്കുന്നു എന്നു തലസ്ഥാനത്ത് നിന്നുള്ള രാഷ്ട്രീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്തരം ഒരു ആലോചന സജീവമായി നടന്നു എന്നത് സത്യമാണ്. എൻസിപിയിലെ ഭിന്നത മൂലം അത് വിജയിക്കുമോ എന്നു ഉറപ്പില്ല. സിപിഎമ്മിന്റെ കരുണ കൊണ്ടു എംഎൽഎമാരായ കോവൂർ കുഞ്ഞുമോനും, വിജയൻ പിള്ളയും വരെ മന്ത്രിയാകാനായി ലയിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്.

ഗണേശ് മന്ത്രിയാകുന്നു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആവശ്യമായ കാര്യമാണ്. സോളാർ വിഷയത്തിലെ പ്രതിനായകൻ ആണ് എന്നതോ ഗണേശിനെ ചുറ്റിപ്പറ്റി അനേകം പെൺകേസുകൾ പറഞ്ഞു കേൾക്കുന്നു എന്നതോ ഒന്നും ഗണേശിന്റെ പ്രതിഭയുമായി തട്ടിച്ചു നോക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ കാര്യമാക്കുമെന്നു തോന്നുന്നില്ല. ഭാര്യയുമായുള്ള വിഷയങ്ങളും സരിതയുമായുള്ള ബന്ധവും പരസ്യമായിട്ടും യുഡിഎഫിൽ നിന്നതിനെക്കാൾ ഭൂരിപക്ഷത്തിൽ ഗണേശ് പത്തനാപുരത്ത് ജയിച്ചു എന്നത് മാത്രം മതി ജനങ്ങൾ ഈ ആരോപണങ്ങളെ എങ്ങനെ കാണുന്നു എന്നറിയാൻ.

ഒരു പക്ഷേ പിസി ജോർജ് കഴിഞ്ഞാൽ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ രാഷ്ട്രീയ ഭേദമന്യേ ഇത്രയേറെ സ്വീകാര്യനായ ഒരു നേതാവ് കേരളത്തിൽ കാണുകയില്ല. പിണറായി വിജയനും ഉമ്മൻ ചാണ്ടിയും ഒക്കെ അവരുടെ കൂട്ടായ പ്രവർത്തനത്തിൽ അധിഷ്ടിതമായ രാഷ്ട്രീയ പിൻബലം കൊണ്ടാണെങ്കിൽ ഇവർ രണ്ടുപേരും വ്യക്തിപ്രഭാവം കൊണ്ട് മാത്രം വെന്നിക്കൊടി പാറിക്കുന്നവരാണ്. അതുകൊണ്ട് രണ്ടു പേർക്കും കേരള രാഷ്ട്രീയത്തിൽ പ്രസക്തിയുണ്ട്.

മന്ത്രി എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ എല്ലാം ഗണേശ് പ്രതിഭ തെളിച്ചിരുന്നു. സ്വന്തമായ ചില സ്വകാര്യ ബസ് താല്പര്യങ്ങൾ ഉണ്ടായിരുന്നു എന്ന ആരോപണം നിലനിന്നിട്ടും കെഎസ്ആർടിസിയുടെ സുവർണകാലം ആയിരുന്നു ഗണേശ് മന്ത്രി ആയിരുന്നപ്പോൾ. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ വനം സിനിമ സ്പോർട്സ് മന്ത്രിയായി പണിയെടുത്ത കാലം മൂന്നു വകുപ്പുകൾക്കും മറക്കാൻ കഴിയില്ല. മറ്റു പല മന്ത്രിമാരിൽ നിന്നും വ്യത്യസ്തനായി നൂതന ആശയങ്ങൾ തന്നെ കൊണ്ടു വന്നു ഗണേശ് നവീകരിക്കാൻ ശ്രമിച്ചു.

ഗണേശിന്റെ ദീർഘ വീഷണമുള്ള പദ്ധതികൾ വലിയ ഉണർവ് നൽകിയപ്പോൾ ആണ് ഭാര്യയുമായുള്ള പ്രശ്‌നത്തിന്റെ പുറത്ത് പുറത്തുപോവേണ്ടി വന്നത്. തുടർന്നാണ് സോളാർ വിഷയം കത്തിക്കയറുന്നത്. പിണറായി സർക്കാർ ഗണേശിനെ മന്ത്രിയാക്കാതിരുന്നത് രാഷ്ട്രീയ കാരണങ്ങൾ ആയിരുന്നു. ഈ മന്ത്രിസഭയിലെ ഉശിരുള്ള മന്ത്രിമാരുടെ എണ്ണം കുറവാണ് എന്നിരിക്കെ ഈ നീക്കം ഗുണം ചെയ്യാതിരിക്കില്ല.

പിണറായി വിജയന്റെ ഏകാധിപത്യത്തെ പലരും വിമർശിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ ഇപ്പോഴും പിണറായി ജനങ്ങളുടെ ഗുഡ് ലിസ്റ്റിൽ തന്നെയാണ്. ജി സുധാകരനും സുനിൽകുമാറും അല്ലാതെ മറ്റൊരു ഉശിരൻ മന്ത്രി പക്ഷേ ഈ മന്ത്രിസഭയിൽ ഇല്ല. സുനിൽകുമാറിന്റെ പല്ലു കൊഴിഞ്ഞു പോയോ എന്നു സംശയിക്കേണ്ട സാഹചര്യങ്ങൾ പലതുണ്ട്, തോമസ് ഐസക് പോലും പല്ലുകൊഴിഞ്ഞ സിംഹമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ തന്റേടത്തോടെ തീരുമാനം എടുക്കാൻ കഴിവുള്ള ഗണേശിനെ മന്ത്രിയാക്കാൻ പിണറായി വിജൻ മുൻകൈ എടുക്കണം.