തിരുവനന്തപുരം: ഒരു സാധാരണ മനുഷ്യന്റെ വികാരങ്ങളും വിചാരങ്ങളുമെല്ലാം സോഷ്യൽമീഡിയയ്ക്കുമുണ്ട്. പ്രത്യേകിച്ച് അവന്റെ സ്നേഹം, ദേഷ്യം, പ്രതിഷേധം, അവന്റെ കോപം, അഭിനന്ദിക്കാനുള്ള മനസ്, ട്രോളാനുള്ള മനസ്, അങ്ങനെ എല്ലാം തന്നെ സോഷ്യൽ മീഡിയക്കുണ്ട്. ഓരോ ദിവസവും ഒരു വിഷയം കണ്ടെത്തുകയും ആ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആഹ്ലാദിച്ചും കയ്യടിച്ചുമൊക്കെ ആഘോഷിക്കുക എന്നുള്ളതാണ് സോഷ്യൽ മീഡിയയുടെ പൊതുസ്വഭാവം. പലപ്പോഴും ചാനലുകൾ ക്യാമറ തുറന്ന് വാർത്തകൾക്കുവേണ്ടി ആർക്കെങ്കിലും കാത്തിരിക്കുന്നതുപോലെ സോഷ്യൽ മീഡിയ രാവിലെ മുതൽ ഇന്ന് ആരുടെ പുറത്താണ് കയറേണ്ടത് എന്നുകരുതി കാത്തിരിക്കുകയാണ്. അങ്ങനെയാണ് ശത്രുക്കൾ ട്രോളുകൾക്ക് ഇരയാകുന്നതും മിത്രങ്ങൾ അഭിനന്ദനങ്ങൾക്ക് ഇരയാകുന്നതും. ഓരോ ദിവസവും ഓരോ വിഷയങ്ങളാണ്.

മധു വളരെ സജീവമായി സോഷ്യൽ മീഡിയയെ തപിപ്പിക്കുന്നതിനു മുമ്പുവരെ ഷുഹൈബായിരുന്നു. കൊലപാതകത്തിലുണ്ടായ രോഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞൊഴുകിയപ്പോൾ ന്യായീകരിക്കാൻ കുറേപ്പേർ രംഗത്തെത്തിയിരുന്നു. മധുവിന്റെ മരണത്തിൽ ഏവരും പ്രതിഷേധവും രോഷവും സങ്കടവും പ്രകടിപ്പിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ശ്രീദേവിയുടെ മരണമെത്തി. ശ്രീദേവിയുടെ മരണമെന്നു പറയുന്ന കൗതുകമായിരുന്നു സോഷ്യൽ മീഡിയയുടെ ചർച്ചാവിഷയം. അത് ദുബായ് പൊലീസ് ഇല്ലാതാക്കിയപ്പോൾ വിഷയം കാത്തിരുന്നവർക്ക് മുന്നിലേക്ക് പെട്ടെന്ന് ഇന്നലെ രണ്ടുവിഷയം കിട്ടി. ഒന്ന് മുലയൂട്ടലും രണ്ട് കുത്തിയാട്ടവും.

കുത്തിയാട്ടത്തേക്കാൾ കൂടുതൽ ഭംഗിയും സൗകുമാര്യവും മുലയൂട്ടലിനായതുകൊണ്ട് ഇന്നലെ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്നത് മുലയൂട്ടലായിരുന്നു. ഗൃഹലക്ഷ്മി എന്നു പറയുന്ന വനിതകളുടെ പ്രസിദ്ധീകരണം, മുലയൂട്ടുന്ന ഒരമ്മയുടെ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ട് വിവാദങ്ങൾക്ക് തുടക്കമിട്ടു. പ്രത്യേകം ശ്രദ്ധിക്കുക ഈ വനിതാ പ്രസിദ്ധീകരണങ്ങൾ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല മറിച്ച് സ്ത്രീകളുടെ വിനോദം ലക്ഷ്യമിട്ടുള്ളതാണ്. ഗൃഹലക്ഷ്മിയുടെ ധീരതയെ അഭിനന്ദിച്ചുകൊണ്ട് ഒരുപറ്റം സ്ത്രീകൾ രംഗത്തെത്തി. തൊട്ടുപിന്നാലെ ഗൃഹലക്ഷ്മിയുടേത് അശ്ലീലമാണെന്ന് പറഞ്ഞുകൊണ്ട് മറ്റൊരുവിഭാഗവും രംഗത്തെത്തി.

മുലയൂട്ടുമ്പോൾ ഒളിഞ്ഞുനോക്കുന്ന പുരുഷന്മാർ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗമാണെന്നും അതിനെതിരേയുള്ള ഒരു പ്രതിഷേധമാണ് ചിത്രമെന്നുമായിരുന്നു ഗൃഹലക്ഷ്മിയുടെയും അവരെ അനുകൂലിക്കുന്നവരുടെയും നിലപാട്. അതുപക്ഷെ വലിയ ചർച്ചകൾക്ക് കാരണമായി. സോഷ്യൽമീഡിയ ഇതിനെതിരേ ഉയർത്തിയ പ്രധാന വിമർശനം, ചിത്രത്തിൽ കാണിച്ചിരിക്കുന്ന മുലയൂട്ടിയ അമ്മ പ്രസവിക്കാത്ത സ്ത്രീയായിരുന്നു എന്നതാണ്. ഒരു മോഡലിനെക്കൊണ്ട് തുണിയഴിപ്പിച്ച് ഏതോ ഒരു കുഞ്ഞിനെക്കൊണ്ട് മുലകുടിപ്പിച്ച് ചിത്രമെടുത്ത് കവർ സ്റ്റോറിയാക്കിയാൽ മുലയൂട്ടുമ്പോൾ ഒളിഞ്ഞുനോക്കുന്നതിനെതിരേയുള്ള പ്രതിഷേധമാകുമോ എന്ന സ്വാഭാവികമായ ചോദ്യമുയർന്നു. നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം നാളുകളായി ലോകം ചർച്ച ചെയ്യുന്നതാണ്.

ഫെമിൻ എന്ന പേരിൽ ഉക്രൈനിൽ ആരംഭിച്ച ഒരു സംഘടന മേൽവസ്ത്രം ധരിക്കാതെ പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. സ്ത്രീവിരുദ്ധമായി ആരെന്ത് പറഞ്ഞാലും അവർ ഒരു സംഘം ചേർന്ന് പറഞ്ഞവർക്കു മുമ്പിലെത്തും. റഷ്യൻ പ്രസിഡന്റ് പുട്ടിൻ ഇതിന്റെ ചൂടറിഞ്ഞതാണ്. പോപ്പ് ഫ്രാൻസിസും നഗ്‌ന മാറിടം കാട്ടിയ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. ഏറ്റവുമൊടുവിൽ ലണ്ടൻ ഫാഷൻ വീക്കിൽ സംഘടനാ പ്രതിനിധികൾ മാറിടം കാട്ടി സമരം ചെയ്തിരുന്നു. ഓസ്ട്രേലിയയിൽ ഒരു എംപി കുഞ്ഞിന് മുലയൂട്ടിക്കൊണ്ട് പ്രമേയമവതരിപ്പിച്ച് ലോകചരിത്രത്തിലിടം പിടിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോ പ്രസവാവധി എടുത്തിട്ടുണ്ട്. ഇന്ന് ന്യൂസിലാൻഡ് പ്രധാനമന്ത്രിയും പ്രസവാവധിക്ക് പോകുന്നു. അങ്ങനെ ആഗോള പ്രതിച്ഛായയുള്ള ഒരു വിഷയമാണ് മുലയൂട്ടൽ. അതിനെ ഒരു സുപ്രഭാതത്തിൽ മാതൃഭൂമി ഒരു ക്യാമ്പയിനുമായി രംഗത്തിറങ്ങുമ്പോൾ സ്വാഭാവികമായും അവരുടെ ലക്ഷ്യം മാർക്കറ്റിംഗാണ് എന്ന വിമർശനമുയരാം. ആ ലക്ഷ്യം വിജയിച്ചു എന്നു പറയുന്നതിൽ അതിശയോക്തിയുമില്ല. ഇത്രയധികം ചർച്ച ഒരിക്കൽപ്പോലും ഗൃഹലക്ഷ്മിയെക്കുറിച്ച് വന്നിട്ടുമില്ല.

ഇവിടത്തെ പ്രശ്നം സഭ്യതയിൽ വിശ്വസിക്കുന്ന സ്ത്രീകളെ ആദരിക്കുന്ന സ്ത്രീകളെ ബഹുമാനിക്കുന്ന അമ്മമാരുള്ള പെങ്ങന്മാരുള്ള ഒരു പുരുഷനും മുലയൂട്ടുന്നിടത്ത് ഒളിഞ്ഞുനോക്കില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അവർ മാനസികരോഗികളാണ്. അവർ കേരളത്തിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തുമുണ്ട്. കുഞ്ഞ് വിശക്കരുതേയെന്ന് വാശിയുള്ള ഏതമ്മയും കഴിയുന്നത്രയും മറവോടുകൂടി കുഞ്ഞിന് മുലകൊടുക്കും. ഒളിഞ്ഞുനോട്ടത്തെ പേടിച്ച് ആരെങ്കിലും കുഞ്ഞിന് മുലകൊടുക്കാതിരിക്കുന്നുണ്ടെങ്കിൽ അവർക്ക് കുഞ്ഞിനോട് സ്നേഹമില്ലാ എന്നാണ് അർത്ഥം. മുലയൂട്ടലിന്റെ ഗുണത്തെ, മാതൃത്വത്തെ പ്രകീർത്തിക്കാൻ അവിവാഹിതയായ,അമ്മയല്ലാത്ത ഒരു സ്ത്രീയെ ഉപയോഗിച്ച് ഇത്തരമൊരു ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചത് തെറ്റാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ഐടി ആക്ടിലെ 67 എന്ന വകുപ്പിന്റെയും ലംഘനമാണത്.

ഒരു സ്ത്രീയുടെ നഗ്‌നത പുറത്തുകാണിക്കുന്നതും ആ നഗ്‌നത ഒരു മീഡിയത്തിലൂടെ പ്രദർശിപ്പിക്കുന്നതും നിയമലംഘനമാണ്. മന്ത്രി ശശീന്ദ്രൻ അശ്ലീലം പറഞ്ഞത് പ്രദർശിപ്പിച്ചതിന്റെ പേരിലാണ് കേരളത്തിലെ അഞ്ചു മാധ്യമപ്രവർത്തകർ 28 ദിവസം ജയിലിൽ കിടന്നത്. അതായിരുന്നു അവരുടെ മേലുള്ള കുറ്റം. ഐടി ആക്ടിലെ 67 ആം വകുപ്പ് അനുസരിച്ച്. ഇപ്പോൾ ഗൃഹലക്ഷ്മി ചെയ്തിരിക്കുന്നത്, മാതൃഭൂമി ചെയ്തിരിക്കുന്നത് ആ നിയമത്തിന്റെ ലംഘനമാണ്. മുലയൂട്ടൽ എന്നു പറയുന്ന ഒരു സ്വാഭാവിക പ്രക്രിയയെ അഭിനന്ദിക്കാൻ വേണ്ടി അമ്മയല്ലാത്ത ഒരു യുവതിയുടെ മാറിടം കാണിക്കുന്നതല്ല മര്യാദ, അത് നിയമവിരുദ്ധമാണ്. സാമൂഹ്യവിരുദ്ധമാണ്. ആ പ്രകടനം നടത്തിയ മോഡലിനെതിരേയും കേസെടുക്കുകയാണ് ചെയ്യേണ്ടത്. ഇനി ഒളിഞ്ഞുനോക്കുന്നവർ, അവർ എന്നും ഒളിഞ്ഞുനോക്കിക്കൊണ്ടിരിക്കും. അവരെ നേരിടേണ്ടത് അവിവാഹിതയല്ലാത്ത, അമ്മയല്ലാത്ത ഒരു സ്ത്രീയുടെ മാറിടം പരസ്യമായി കാണിച്ചായിരിക്കാൻ പാടില്ല.