തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി മെത്രാൻ മാർ മാത്യു അറയ്ക്കലും സഹായ മെത്രാൻ മാർ ജോസഫ് പുളിക്കനും പത്തനംതിട്ട രൂപതയുടെ മെത്രാൻ മാർ ഐറോനിയോസും ജലന്ധർ മെത്രാനായിരുന്ന ഫ്രാങ്കോ മുളയ്ക്കനെ കാണുന്നതിനായി പാലാ സബ് ജയിൽ സന്ദർശിക്കുകയുണ്ടായി. ഫ്രാങ്കോയെ കണ്ട് പുറത്തിറങ്ങിയ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ പറഞ്ഞത് യെശു ക്രിസ്തു ഏറെ സഹനങ്ങളും പീഡനങ്ങളും സഹിക്കേണ്ടി വന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അത്ര വലിയ പീഡനമൊന്നും അല്ലെന്നാണ്. പതിനായിരകണക്കിന് രക്തസാക്ഷികൾ സഭയ്ക്കുണ്ടെന്നും മരണം പോലും വരിച്ചിട്ടുണ്ടെന്നും അവരാരും ഒരു കുറ്റവും ചെയ്തിരുന്നില്ലെന്നുമാണ്.

സമാനമായ ആശയ പ്രകടനങ്ങൾ കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. യേശുക്രിസ്തുവിന്റെ പീഡനസഹനത്തോടും കുരിശ് മരണത്തോടും താരതമ്യം ചെയ്ത്‌കൊണ്ട് നിരവധി വീഡിയോ ആൽബങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യുവജനങ്ങളേയും വിദ്യാർത്ഥികളേയും പോലും രംഗത്തിറക്കി ഈ ആക്രമണത്തിൽ സഭ തളരില്ലെന്നും മാധ്യമങ്ങളും ചില തൽപര കക്ഷികളുമാണ് ഇതിന് പിന്നിൽ എന്ന് വരുത്തി തീർക്കാനും ശ്രമം സജീവമാണ്. നിരപരാധികളെ വേട്ടയാടിയാൽ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കുമെന്നും പലരും പ്രചരിപ്പിക്കുന്നു.

ഫ്രാങ്കോ മുളയ്ക്കനെതിരെ വാർത്തയെഴുതിയവരൊക്കെ സഭയ്ക്ക് എതിരെ ഗൂഢാലോചന നടത്തിയവരാണ് എന്ന് അവർ പ്രചരിപ്പിക്കുന്നു. സഭാ വിശ്വാസിയും ജനപ്രതിനിധിയുമായ പിസി ജോർജ് പറയുന്നത് ഫ്രാങ്കോ മുളയ്ക്കനെ ജയിലിലടയ്ക്കുകയും കുറ്റക്കാരനെന്ന് വിധിയെഴുതുകയും ചെയ്തവർക്ക് നേരെ ദൈവകോപം വരും എന്നാണ്. ചങ്ങനാശേരി രൂപതയുടെ അധ്യക്ഷനായ മാർ ജോസഫ് പെരുന്തോട്ടം ഇടവകകളിൽ അയച്ച ഇടയ സന്ദേശത്തിൽ പറയുന്നത് നിരപരാധിയെ വേട്ടയാടിയതിന്റെ ദുഃഖവും സങ്കടവുമാണ്. വിശ്വാസികളോട് തളരരുതെന്നും വിശ്വാസ പ്രീക്ഷണമായി കണ്ട് പിടിച്ച് നിൽക്കണമെന്നുമാണ്.

യേശുക്രിസ്തുവിൽ വിശ്വസിക്കുകയും കത്തോലിക്ക പാരമ്പര്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും സഭയുടെ പ്രമാണങ്ങളിലും ശരിയുണ്ട് എന്ന് വിശ്വസിക്കുന്ന ആൾ കൂടിയാണ് ഞാൻ. അത്‌കൊണ്ട് തന്നെ യേശുക്രിസ്തു എന്താണോ പഠിപ്പിച്ചത് അതിന്റെ നേരെ വിപരീതമാണ് സഭ നേതൃത്വവും അതിന് ചുക്കാൻ പിടിക്കുന്ന ചില മൗലിക വാദികളായ വിശ്വാസികളും പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് പറയുന്നതിൽ ഖേതമുണ്ട്. സഭയ്‌ക്കെതിരെ സംഘടിതമായി പ്രചരണം നടക്കുന്നു എന്ന വാദം തന്നെ തെറ്റാണ്.

മാധ്യമപ്രവർത്തകരുടെ അൽപജ്ഞാനവും വിവരക്കേടും കാരണം പലപ്പോഴും അപ്രസക്തമായ വാർത്തകൾ വലിയ വാർത്തകളാി മാറുന്നു എന്നത് സത്യമാണ്. ആകാശപ്പറവകൾ എന്ന പേരിൽ തെരുവിൽ ജീവിക്കുന്നവർക്കായി മാറ്റിവെച്ച കുറ്റിക്കലച്ചനെ അതിന് ഉദാഹരണമായിരുന്നു. അത് വാസ്തവവിരുദ്ധമാണെന്നും കുറ്റക്കലച്ചൻ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നയാളാണെന്നും വിശ്വസിക്കുകയും എഴുതുകയും ചെയ്ത മാധ്യമപ്രവർത്തകനാണ് ഞാൻ. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റെന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.