നീതി ബോധമുള്ള എതൊരു ഇന്ത്യൻ പൗരനും ഏറെ ആഹ്ളാദിക്കുന്ന ദിവസമാണ് ഇന്ന്. പ്രത്യേകിച്ച് മലയാളി. ഒരു കന്യാസ്ത്രി തന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞ് തന്റെ സംരക്ഷകനാകേണ്ട ഒരു മെത്രാനെതിരെ പരാതി കൊടുത്തിട്ട് മുന്നു മാസം കഴിഞ്ഞെങ്കിലും ആ മെത്രാൻ അറസ്റ്റിലായി എന്നത് നീതിബോധത്തിന്റെ വിജയം തന്നെയാണ്. ഒരിക്കലും ലഭിക്കാത്ത നീതിയെക്കാളും വൈകിയെത്തുന്ന നീതി തന്നെയാണ് നല്ലത്. എങ്കിലും ഇങ്ങനെ ഒരു നീതി ലഭിക്കാൻ വേണ്ടി ഇരയും ഇരയുടെ ബന്ധുക്കളും സുഹൃത്തുക്കളും തെരുവിലിറങ്ങേണ്ടി വന്നത് ലജ്ജാകരമാണ്.

ഏറ്റവും നീതി രഹിതമായ സംഗതി ഭരിക്കുന്നത് പിണറായി വിജയനാണ് ഇരട്ട ചങ്കനാണ് അതുകൊണ്ടാണ് ഞങ്ങൾ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതെന്ന അവകാശവാദമാണ്. ദിലീപിനെ ഞങ്ങൾ അറസ്റ്റ്ചെയ്തു വിൻസെന്റിനെയും ജിഷയെ കൊന്നയാളെയും ഞങ്ങൾ അറസ്റ്റ് ചെയ്തു അതുകൊണ്ട് മെത്രാനെയും ഞങ്ങൾ അറസ്റ്റ് ചെയ്യുമെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ടായിരുന്നു.

മെത്രാനെ രക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നത് ഞങ്ങളുടെ ശത്രുക്കളാണെന്നൊക്കെ സിപിഎമ്മുകാർ പറഞ്ഞു പാടുമ്പോൾ അവർ സ്വയം ലജ്ജിക്കേണ്ടിയിരിക്കുന്നു. കാരണം പിണറായി വിജയൻ ഇരട്ട ചങ്കനല്ല ഒരു ചങ്കൻപോലുമല്ല എന്നതിന് തെളിവായി മാറുകയായിരുന്നു ഈ കന്യാസ്ത്രിയുടെ വിലാപം. ഇന്ന് അറസ്റ്റിലായത് രണ്ടു കാരണങ്ങൾ കൊണ്ട് മാത്രമായിരുന്നു.

ഒന്ന് നീതി ലഭിക്കും വരെ പിന്നോട്ട് പോകില്ലെന്ന വാശിയിൽ എല്ലാ ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ച് തെരുവിലിറങ്ങിയ കന്യാസ്ത്രീകളും ഇരയായ കന്യാസ്ത്രീയും കാട്ടിയ നിശ്ചയദാർഢ്യം തന്നെയാണ്. രണ്ടാമത്തേത് നമ്മുടെ നിയമ വ്യവസ്ഥയിലെ പഴുതകൾ ഇല്ലാത്ത വകുപ്പുകളുമാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 376 എന്ന സെക്ഷൻ ബലാൽസംഗത്തിന് നൽകിയിരിക്കുന്ന ഒരു നിപർവചനം ഉണ്ട്.

ആ നിർവചനത്തിന്റെ പരിധിയിൽപ്പെടുന്ന കുറ്റം ഒരാൾ ചെയ്തു എന്ന് ആരാപിക്കപ്പെട്ടാൽ അതിൽ നിന്ന് ഊരിയെടുക്കാൻ താൻ നിരപരാധിയാണ് എന്ന് വ്യക്തമായ തെളിവുകൾ പ്രതി കണ്ടെത്തേണ്ടതുണ്ട്. ഇവിടെ കൺസെൺ എന്ന വാക്കാണ് ഏറ്റവും പ്രധാനം. നിയമത്തിൽ വ്യക്തമായി അതേ കുറിച്ച് പറയുന്നത് ഒരു സ്ത്രീ തന്റെ സമ്മതമില്ലാതെയാണ് ഒരു പുരുഷൻ തന്നെ ബലാൽസംഗത്തിൽ നിർബന്ധിച്ചതെങ്കിൽ അല്ലെങ്കിൽ ഏർപ്പെട്ടാൽ അത് ബലാൽസംഗമാണ്. ബലാൽസംഗമാകാൻ ശരീരക ബന്ധം പോലും വേണ്ട. ഒരു സ്ത്രീയുടെ ഒരു രഹസ്യ ഭാഗത്ത് ഒരു പുരുഷൻ സ്പർശിക്കുന്നതും പോലും ബലാൽസംഗമാണ്.

അങ്ങനെ വരുമ്പോൾ സമ്മതത്തോടുകൂടിയായിരുന്നു താൻ ബന്ധത്തിൽ ഏർപ്പെട്ടതെന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനാണ്. ഇവിടെ ഫ്രാങ്കോ സമ്മതത്തോട് കൂടി പോലും ബന്ധമില്ല എന്ന നിലപാടായിരുന്നു അദ്യം എടുത്തത്. ഒടുവിൽ കുരുങ്ങുമെന്നായപ്പോൾ സമ്മതത്തോട് കൂടിയായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നു. എന്നാൽ സമ്മതത്തിന് അടയാളം കാണിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ കന്യാസ്ത്രിയുടെ വിസമ്മതമാണ് നിയമത്തിന് മുന്നിൽ വലുതെന്ന് വന്നപ്പോൾ അറസ്റ്റ് ചെയ്യാതിരിക്കാൻ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോഴായിരുന്നു പൊലീസിന്റെ അറസ്റ്റ്. അതിന്റെ ക്രെഡിറ്റെടുക്കാൻ ചാനലുകാരോ പിണറായി വിജയനോ സഖാക്കളോ മറ്റാരെങ്കിലും രംഗത്തിറങ്ങിയാൽ ലജ്ജിക്കേണ്ടി വരും. അതിന്റെ ക്രെഡിറ്റ് ഒരാൾക്ക് മാത്രമായിരുന്നു. അത് ആ കന്യാസ്ത്രീക്കും അവരോടൊപ്പം നിന്ന കന്യാസ്ത്രീകൾക്കുമാണ്.