സംഘപരിവാറിന്റെ ഉടമസ്ഥതയിൽ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച ചാനലാണ് ജനം ടിവി. ആരംഭിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും മൗലികവാദികളായ ഹിന്ദുക്കൾ പോലും കാണുന്നില്ല എന്നതിന്റെ തെളിവായിരുന്നു ബാർക്കിന്റെ റേറ്റിങ് പട്ടികയിൽ ഈ അടുത്തകാലം വരെ ചാനലിന് ഒരുപദവിയും ഇല്ലാതിരുന്നത്. തുടർച്ചയായി ബാർക് റേറ്റിങ്ങിനെ കുറിച്ച് വാർത്തയെഴുതുന്ന ഏകമാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളി ചാനലുകളുടെ റേറ്റിങ് സ്ഥിരമായി നിരീക്ഷിക്കുന്നതും, റിപ്പോർട്ട് ചെയ്യുന്നതും പതിവാണ്.

വാർത്തയുടെ കാര്യത്തിൽ എക്കാലത്തും ഏഷ്യാനെറ്റ് എപ്പോഴും ഒരുപടി മുന്നിലായിരുന്നു. മറ്റുചാനലുകളുടെ മൂന്നിരട്ടി പ്രേക്ഷകരെ ഏഷ്യാനെറ്റ് സ്വന്തമാക്കിയിരുന്നു. അതിന് ഇപ്പോഴും മാറ്റമൊന്നുമില്ല. മനോരമ, മാതൃഭൂമി ചാനലുകൾ രണ്ട്, മൂന്ന് സഥാനങ്ങൾക്ക് വേണ്ടി മൽസരിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അതിന് പിന്നാലെ കൈരളി പീപ്പിളും, ന്യൂസ് 18 നും, മീഡിയ വണ്ണും തമ്മിലുള്ള മൽസരമായിരുന്നു. റിപ്പോർട്ടറിനും, ജനത്തിനും, ജീവൻ ടിവിക്കുമൊക്കെ ബാർക്കിന്റെ അടിത്തട്ടിൽ പോലും എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, കഴിഞ്ഞാഴ്ച എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സംഘപരിവാർ ചാനലായ ജനം നാലാം സ്ഥാനത്തെത്തി. ഈയാഴ്ച ജനം രണ്ടാമതും എത്തി.

കുത്തക മാധ്യമങ്ങളായ മനോരമയെയും മാതൃഭൂമിയെയും മാത്രമല്ല, റിലയൻസിന്റെ ന്യൂസ് 18 നെയും അവർ മറികടന്നിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിലയിരുത്തപ്പെടേണ്ടത് തന്നെയാണ്. ജനം ടിവിയുടെ വാർത്തകൾ സത്യസന്ധമെന്നോ, അവർ എടുക്കുന്ന വിഷയങ്ങൾ സമൂഹത്തിന് ഗുണം ചെയ്യുന്നതെന്നോ, വിശ്വസിക്കാത്തവരുടെ കൂടെയാണ് മറുനാടനും. അവരുടെ രാഷ്ട്രീയ-മതതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി, ഇല്ലാത്ത വാർത്തകൾ വാർത്തകളാക്കുന്നത് പതിവ് തന്നെയാണെന്ന് നിരവധി ഉദാഹരണങ്ങൾ കാട്ടി സ്ഥാപിക്കാൻ കഴിയും. എന്നാൽ, ഈയാഴ്ച ജനംടിവി നേടിയ രണ്ടാം സ്ഥാനത്തിന് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജനം ടിവി എടുത്ത ശക്തമായ നിലപാട് തന്നെയാണ്.

ആർഎസ്എസിന്റെയും, ബിജെപിയുടെയും, ജന്മഭൂമിയുടെയും വരെ നിലപാട് മറിച്ചായിരുന്നപ്പോൾ, ഭക്തരുടെ നിലപാട് മനസ്സിലാക്കി അടിയുറച്ച നിലപാടെടുക്കാൻ ആ ചാനലിന് കഴിഞ്ഞു. അതിന് ജനങ്ങൾ അംഗീകാരവും നൽകി. ശബരിമല യുവതീപ്രവേശന വിഷയത്തിൽ, ഏറ്റവും ശക്തവും വ്യക്തമായ നിലപാടോട് കൂടി വാർത്ത സംപ്രേഷണം ചെയ്ത ചാനൽ എന്ന നിലയിലാണ് ജനങ്ങൾ അംഗീകാരം നൽകിയത്. ജനം ടിവി സംപ്രേഷണം ചെയ്ത പല വാർത്തകളും വർഗീയ സംഘർഷം ഉണ്ടാക്കാൻ പോന്നതായിരുന്നു എന്ന കാര്യവും പറയാതെ വയ്യ. പ്രത്യേകിച്ച് മനോജ് എബ്രഹാമിനെ പോലൊരു ഐപിഎസ് ഓഫീസറുടെ ജാതി തിരിച്ചുള്ള ചിത്രീകരണം അംഗീകരിക്കാൻ സാധിക്കുന്നതായിരുന്നില്ല. എന്നാൽ, ജനവികാരം മനസ്സിലാക്കുന്നതിനും, ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഉറച്ച നിലപാടെടുക്കുന്നതിനും ജനം ടിവിക്ക് കഴിഞ്ഞു. ജനം ടിവിയുടെ റേറ്റിങ് ഒരുപക്ഷേ ശബരിമല യുവതീപ്രവേശന വിഷയം അവസാനിക്കുമ്പോൾ താഴ്‌ന്നെന്ന് വരാം. കാരണം ഒരുപ്രൊഫഷണൽ ചാനലിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും അവിടെയില്ല. ആവശ്യത്തിന് ജീവനക്കാരുമില്ല. അതേസമയം, പരിമിതികൾക്കുള്ളിൽ നിന്ന് പ്രവർത്തിച്ച ജനം ടിവിക്ക് നൽകിയ ജനങ്ങൾ നൽകിയ അംഗീകാരം ഈ സർക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടത് തന്നെയാണ്. ഇത് ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നുള്ളതിന്റെ അടയാളം തന്നെയാണ്.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്ന ഭക്തർക്ക് എതിരാണെന്നും, ഭക്തരുടെ പേരുപറഞ്ഞുകൊണ്ട് ഒരുപറ്റം ഗൂണ്ടകളും, സംഘപരിവാറുകാരും മാത്രമാണ് തെരുവിലുള്ളതെന്നും, കൂടെക്കൂടെ വിളിച്ചുപറയുന്ന ഇടതുപക്ഷക്കാരും, മുഖ്യമന്ത്രിയും, സർക്കാരുമൊക്കെ കണ്ണുതുറന്നു തന്നെ ഈ കാഴ്ച കാണണം. ഇവിടുത്തെ ഹിന്ദുവിന്റെ പൊതുവികാരത്തോടുള്ള സമീപനമാണ് ഈ കണ്ടത് എന്നത് മറക്കരുത്. കേരളത്തിൽ സംഘപരിവാർ വേരുറപ്പിക്കുന്നതിനും, അവർക്ക് അടിത്തറ പണിയുന്നതിനും, ശബരിമല യുവതീപ്രവേശന വിഷയം അവർ ഉപയോഗിക്കുന്നു എന്ന ആരോപണം പലരും ഉയർത്തുമ്പോൾ, പുച്ഛിച്ചുതള്ളുന്ന സിപിഎമ്മുകാർ മനസ്സിലാക്കേണ്ടത്, നിങ്ങൾ തന്നെ ഇവിടെ സംഘപരിവാറിന് അടിത്തറയുണ്ടാക്കിക്കൊടുക്കുന്നു എന്നുതന്നെയാണ്.

ഈ സർക്കാർ നിലപാട് മാറ്റണമെന്നോ, റിവ്യുഹർജി നൽകണമെന്നോ, ആവശ്യപ്പെടുന്നില്ല. എന്നാൽ, ദേവസ്വം ബോർഡിന്റെ സ്വയംഭരണാധികാരം അംഗീകരിക്കുകയും, അവർക്ക് അവരുടെ യുക്തിക്ക് അനുസരിച്ച് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നൽകുകയും ചെയ്യുക. പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ, കോടതി വിധി ഇപ്പോൾ ഒറ്റയടിക്ക് നടപ്പിലാക്കുക പ്രായോഗികമല്ലെന്നും, വിധി നടപ്പിലാക്കാൻ ഒരുവർഷം കൂടിയെങ്കിലും വേണമെന്ന് ആവശ്യപ്പെടുന്ന സമീപനം സ്വീകരിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളു. അതുകീഴടങ്ങലല്ല, വിട്ടുവീഴ്ചയാണ്. ഇത്തരമൊരു നിലപാട് മാറ്റത്തിന് വേണ്ടിയെങ്കിലും ജനം ടിവിക്ക് ലഭിച്ച ഈ ബാർക്ക റേറ്റിങ് സിപിഎം ഉപയോഗിക്കും എന്നാണ് പ്രതീക്ഷയും പ്രാർത്ഥനയും.