ജിഷയെ കൊന്നത് അമിറുൾ എന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസിന്റെ വാദം കോടതിയും അംഗീകരിച്ചിരിക്കുകയാണ്. സ്വാഭാവികമായും പ്രതിഭാഗം വക്കീലായ ആളൂരിന് ആ വിധി അംഗീകരിക്കാൻ ആവില്ല. അങ്ങിനെ ഈ കേസ് അപ്പീലായി ഹൈക്കോടതിയിൽ എത്തുകയാണ്. ഇങ്ങനെ എത്തുമ്പോൾ വധശിക്ഷ നിലനിർത്തുമോ അമറുൾ രക്ഷപ്പെടുമോ എന്നതാണ് കേരളം ചർച്ചചെയ്യുക

ആത്മഹത്യക്കു സമാനമായ ഒരു അവസ്ഥതന്നെയാണ് വധശിക്ഷയും. അതിക്രൂരമായ കൊലപാതകങ്ങളും മനുഷ്യമനസ്സാക്ഷിയെ കരയിപ്പിക്കുന്ന ക്രൂരതയും ചെയ്ത ഒരാളെ വധശിക്ഷ നല്കി ജീവിതത്തിൽ നിന്ന് പറഞ്ഞു വിടുന്നത് അയാളുടെ കുറ്റത്തിന് കിട്ടുന്ന ഇളവാണ് എന്നു ഞാൻ കരുതുന്നു. പകരം ജീവിതകാലം മുഴുവൻ പരോളില്ലാത്ത തടവാണ് നല്‌കേണ്ടത്. പരിഷ്‌കൃത രാജ്യങ്ങളിലും വധശിക്ഷ നിലവിൽ ഇല്ലാത്ത രാജ്യങ്ങളിലും ഇതു ചെയ്യാറുണ്ട്. ബ്രിട്ടനിലും ഇത്തരം ശിക്ഷ വിധിച്ചിട്ടുണ്ട്.