കേരളത്തിലെ സീറോ മലബാർ സഭ നേരിടുന്ന ഭൂമി തട്ടിപ്പ് വിവാദത്തിൽ മാർ ആലഞ്ചേരിയെ കുറ്റക്കാരൻ ആക്കാൻ ശ്രമിക്കുന്നത് ആത്മീയ മാഫിയയെ പാലൂട്ടി വളർത്തുന്ന കൊള്ളക്കാർ. സഭയിലെ തെക്കൻ ലോബിക്കെതിരെ എന്നും ഉറഞ്ഞു തുള്ളുന്ന വടക്കൻ ലോബിയുടെ കരാള ഹസ്തത്തിൽ ഞെരിഞ്ഞു വീണത് പാവങ്ങൾക്ക് നല്ലത് വരാൻ പ്രവർത്തിച്ചു ജീവിച്ച ഒരു പാവം മനുഷ്യൻ. സഭാ സംവിധാനത്തിന്റെ ഭാഗമായി നിന്നുപോയതുകൊണ്ട് അഴിമതിക്കാരൻ എന്നു പേര് കേൾക്കേണ്ടി വന്ന മാർ ആലഞ്ചേരിയെ പുറത്താക്കിയാൽ മാത്രമെ ഈ മാഫിയയുടെ കലി അടങ്ങു.

എല്ലാ മതങ്ങൾക്കിടയിലും വൻകിട ബിസിനസുകാർക്കിടയിലും എന്നുവേണ്ട സാധാരണക്കാർക്ക് ഇടയിൽ പോലും നിലവിൽ ഉള്ള നികുതി വെട്ടിപ്പ് സഭാപിതാവ് എന്ന രീതിയിൽ ഓശാന പാടിയതിന്റെ സിക്ഷയാണ് മാർ ആലഞ്ചേരി ഇപ്പോൾ അനുഭവിക്കുന്നത്. വിൽക്കാൻ തീരുമാനിച്ച വിലയ്ക്ക് തന്നെയാണ് വിറ്റത്. എന്നാൽ ആധാരത്തിൽ വില കുറച്ചു കാണിച്ചു. ബാക്കി പണം സഭയുടെ തന്നെ ആവശ്യങ്ങൾക്കായി കള്ളപ്പണമായി മാറ്റി. അതെക്കുറിച്ച് പറഞ്ഞാൽ നിയമത്തിന്റെ മുമ്പിൽ കുറ്റക്കാരൻ ആവും എന്നതിനാൽ മാർ ആലഞ്ചേരി ഒന്നും മിണ്ടുന്നില്ല.

ഇതാണ് സത്യം എന്നിരിക്കെ നടക്കുന്ന പുലിവാലൊക്കെ ആലഞ്ചേരിയെ പുകച്ചു ചാടിക്കാനുള്ള ശ്രമങ്ങൾ മാത്രമാണ്. വടക്കൻ ലോബിക്ക് സഭയുടെ ഭരണം പിടിച്ചെ പറ്റു. അതിനുവേണ്ടി നടത്തുന്ന തീവ്രശ്രമം. ഒരു പക്ഷേ, സാത്വികനായ മാർ ആലഞ്ചേരി ഈ സമ്മർദ്ദത്തിന് വഴങ്ങി മേജർ ആർച്ച് ബിഷപ്പ് പദവി രാജി വയ്ക്കുമായിരിക്കും. അതാണ് അവരുടെ ലക്ഷ്യവിജയം. നഴ്‌സുമാർക്ക് ശമ്പളം കൊടുക്കണം എന്നും കാത്തലിക്ക സ്ഥാപനങ്ങൾ തൊഴിലാളികളെ ചൂഷണം ചെയ്യരുതെന്നും വൈദികർ ആഡംബരം ഒഴിവാക്കണം എന്നും ഒക്കെ കർശനമായി പറഞ്ഞ മാർ ആലഞ്ചേരി ഈ മാഫിയയുടെ കെണിയിൽ വീഴുകയായിരുന്നു.