തിരുവനന്തപുരം: നമ്മളെല്ലാവരും ഇപ്പോൾ മുണ്ട് മുറുക്കി ഉടുക്കുകയാണ്. നമുക്കെല്ലാം ഒറ്റ ലക്ഷ്യമെ ഉള്ളു. കേരളത്തെ എങ്ങനെയെങ്കിലും പുനരുജ്ജീവികരിക്കണം. നമ്മുടെ സമ്പാദ്യത്തിൽ നിന്ന് കഴിയുന്നത്ര സർക്കാരിന് കൊടുത്തു കഴിഞ്ഞു. സർക്കാർ ജീവനക്കാരനും, സ്വകാര്യ ജീവനക്കാരനും അവരുടെ ഒരു മാസത്തെ ശമ്പളം കൊടുക്കാൻ തയ്യാറായി നിൽക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ അവരുടെ ലാഭത്തിൽ നിന്നും ഒന്നും രണ്ടും കോടി കൊടുക്കുന്നു. ഇതൊന്നും ഇല്ലാത്തവർ തങ്ങളുടെ ഭൂമി സർക്കാരിന് വിട്ടുകൊടുക്കുന്നു. പ്രവാസികളാകട്ടെ ഒരു ലജ്ജയുമില്ലാതെ സായിപ്പുമാരിൽ നിന്നുവരെ കാശ് പിരിച്ച് നാട്ടിലേക്ക് അയച്ച് കേരളത്തെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അവരുടെ സ്വപ്‌നത്തിൽ ഒരു പുതിയ കേരളമാണ്. അതിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും അവർ ഒരുക്കമാണ്.

എന്നാൽ ഇതിനിടയിലും ഒരുളുപ്പുമില്ലാതെ ഈ ദുരിതത്തിനിടയിലും ദാരിദ്ര്യത്തിൽ നിന്നും കാശുണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട്. അത് മറ്റാരുമല്ല നമ്മുടെ മാധ്യമങ്ങളാണ്. നമ്മുടെ പത്രങ്ങളും ചാനലുകളും. പ്രളയം അവർക്ക് കുറെ നഷ്ടങ്ങൾ ഉണ്ടാക്കി. അവരുടെ ഓണം ഇല്ലാതാക്കി. എല്ലാ ബിസിനസ് സ്ഥാപനങ്ങളും ഓണക്കാലത്ത് കോടികളുടെ പരസ്യം നൽകേണ്ടതായിരുന്നു. എന്നാൽ ഇത്തവണ നാൽപ്പതും അൻപതും പേജിറക്കുന്ന സ്ഥാനത്ത് 16 പേജ് ഇറക്കാൻ പോലും അവർ വിഷമിച്ചു. ഒരു സിനിമ ആരംഭിച്ചാൽ എട്ടും പത്തും മണിക്കൂറായാലും തീരാത്ത വിധം പരസ്യം കൊണ്ട് നിറയേണ്ടതായിരുന്നു നമ്മുടെ ചാനലുകൾ. അവർക്കൊന്നും അതിന് കഴിയാത്ത അവസ്ഥയായിരുന്നു ഇത്തവണ.

ഇന്ന ചാനലുകളും പത്രങ്ങളും ദുരിതാശ്വാസത്തിന്റെ വാർത്തകൾ നൽകുക മാത്രമല്ല അവരുടെ വായനക്കാരിൽ നിന്നും പണം വാങ്ങി പുനരധിവാസത്തിന് ശ്രമിക്കുന്നുവെന്ന് പറയുമ്പോഴും അവർ ഈ ദാരിദ്ര്യത്തിൽ നിന്നും വീതിച്ചെടുക്കാൻ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വന്ന ചില പരസ്യങ്ങൾ പരിശോധിക്കുക. മനോരമയും മാതൃഭൂമിയിലുമടക്കം 16 പത്രങ്ങളിൽ വന്നത് കേരള ഭാഗ്യക്കുറിയുടെ അരപ്പേജ് വാർത്തയാണ്. ദുരിദാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് കേരള ലോട്ടറീസ് വകുപ്പ് നടത്തുന്ന ഈ പരസ്യത്തിന് ലക്ഷങ്ങളാണ് പരസ്യ ഫീസായി പത്രങ്ങൾ വാങ്ങുന്നത്.

ദുരിതാശ്വാസത്തിന് വേണ്ടി പണം നൽകു എന്ന് മുഖ്യമന്ത്രിക്ക് വേണ്ടി പരസ്യം നൽകുമ്പോൾ അവർ അതിന് പണം ഈടാക്കുന്നു. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്യുന്നു. എന്ത്‌കൊണ്ടാണ് നയ പൈസ പോലും പ്രതിഫലം വാങാതെ കേരളത്തിന്റെ പുനസൃഷ്ടിക്കായി പണം വാങ്ങാതെ പരസ്യം നൽകും എന്ന് ഇവർ തീരുമാനിക്കുന്നില്ല. ഈ വിഷയമാണ് ഇന്ന് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.