മോദി ഭരണം നാലു വർഷത്തോടു അടുക്കുകയാണ്. ഇതിനിടയിൽ അഴിമതിയുടെ പേരിൽ ആരും അപവാദം കേട്ടില്ല. അടിസ്ഥാന വികസന പ്രവർത്തിയുടെ കാര്യത്തിൽ വിപ്ലവകരമായ പൊളിച്ചെഴുത്തുകൾ നടത്തി. ഇടക്കിടെ ചില എംപിമാർ അടക്കമുള്ളവർ ആവേശത്തോടെ പലതും പറഞ്ഞെങ്കിലും ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാനിൽ പേവേണ്ടിയും വന്നില്ല. അപ്പോൾ സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തേതിനേക്കാൾ സീറ്റുകൾ നേടി മോദിയും ബിജെപിയും വീണ്ടും അധികാരത്തിൽ എത്തേണ്ടതല്ലേ?

ബിജെപി പ്രതീക്ഷിക്കുന്നത് അതു തന്നെയാണ്. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം പ്രതീക്ഷിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും അത്ഭുതകരമായി തന്നെ ഭൂരിപക്ഷം ഉറപ്പിച്ച മോദി തന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത് മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ്. എന്നാൽ ഇന്നലത്തെ രണ്ട് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന സൂചന നേരെ മറിച്ചാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം പോയിട്ട് കേവല ഭൂരിപക്ഷം പോലും ബിജെപി നേടുകയില്ല എന്നതാണ് സത്യം.

രാജസ്ഥാനിലെ രണ്ട് സീറ്റുകളിലും കോൺഗ്രസ്സ് വിജയിച്ചപ്പോൾ നഷ്ടമായത് ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകൾ ആണ്. സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വിപ്ലവകരമായ കോൺഗ്രസ്സ് മുന്നേറ്റത്തിൽ എല്ലാ സീറ്റുകളിലും ബിജെപി കനത്ത വെല്ലുവിളി നേരിടും. മൂന്നിൽ രണ്ട് സീറ്റുകൾ എങ്കിലും കോൺഗ്രസ് നേടാനാണിട. രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യവും അങ്ങനെ തന്നെയാണ്. എല്ലാ സീറ്റുകളും നേടിയ ബിജെപിക്ക് ചെറിയൊരു തിരിച്ചടി കിട്ടിയാൽ പോലും അതു ദുരന്തമായി മാറുമെന്നിരിക്കെ വൻ തിരിച്ചടിക്കുള്ള സാധ്യതയാണ് തെളിയുന്നത്.