തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖനായ നടനും സിപിഐഎം എന്ന കേരളം ഭരിക്കുന്ന പാർട്ടിയുടെ പ്രമുഖ നേതാവും സമാധരണീയനായ ജനപ്രതിനിധിയുമായ മുകേഷ് ഒരു ലൈംഗിക ആരോപണത്തിൽ കുടുങ്ങിയിരിക്കുന്നു. ഇതിന് പിന്നാലെ മലയാളത്തിലെ പ്രമുഖ സംഗീത സംവിധായകനായ ഗോപീ സുന്ദറിന് നേരെയും ലൈംഗിക ആരോപണങ്ങൾ ഉണ്ടായിരിക്കുന്നു. ഇത് രണ്ടും കേൾക്കുമ്പോൾ ഇവരെ സംരക്ഷിക്കാൻ വരുന്നവർ ചോദിക്കുന്നത് ഇത്രയും കാലം ഈ പരാതിക്കാരൊക്കെ എവിടെയായിരുന്നു എന്നാണ്. ഈ രണ്ട് ആരോപണങ്ങൾ ഉയരുമ്പോൾ പൊതുവെ സ്ത്രീവിരോധികളായ ചില പുരുഷ കേസരികൾ ചോദിക്കുന്നത് ഇത്രയും കാലം എവിടെയായിരുന്നു എന്നാണ്. ആരോപണം നേരിടുന്ന മുകേഷും അത് ചോദിച്ചു. സ്വാഭാവികമായും ഗോപി സുന്ദറും അത് ചോദിച്ചു.

ഇത് മുൻപും നമ്മുടെ നേതാക്കന്മാരും പുരുഷകേസരികളും ചോദിച്ച കാര്യമാണ്. 13 തവണ പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധം നടത്തിയിട്ട് 14ാം തവണ അത് ബലാൽസംഗമാകുന്നത് എങ്ങനെയാണെന്ന് ചോദിച്ച് ഒരു വിഡ്ഢി ചിരി ചിരിച്ച നേതാവ് നമുക്കുണ്ട്. മുകേഷിനെതിരെയും ഗോപീസുന്ദറിനെതിരെയും ഇങ്ങനെയൊരു ാരോപണം ഉയരുമ്പോൾ തന്നെ പറയട്ടെ അത് വിശ്വസനീയം തന്നെയാണ്. കാരണം അവരെ രണ്ട് പേരെയും കുടുക്കാൻ പരാതി കൊടുക്കുകയല്ല അവർ ചെയ്തത്. നേരെ മറിച്ച് ഇന്ത്യയെ പിടിച്ച് കുലുക്കുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഇത് എന്നത് തന്നെയാണ്.

ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ആക്രമിക്കപ്പെടുന്ന അധിക്ഷേപിക്കപ്പെടുന്ന ഒരു സമൂഹത്തിന് മാറ്റമുണ്ടാകട്ടെ എന്ന് തന്നെയാണ്. ഒരു നായിക നടി പീഡിപ്പിക്കപ്പെടുകയും ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്തപ്പോൾ എങ്ങനെയാണ് മലയാള സിനിമ ലോകം പെരുമാറിയത് എന്ന് നമുക്ക് അറിയാം. പീഡകരെ സംരക്ഷിക്കുന്നതിന് വേണ്ടി നായികമാരും നായകന്മാരും ഒരുമിച്ച് നിന്നു. പീഡിപ്പിക്കപ്പെട്ട നടിക്കൊപ്പം നിന്നവരുടെ അവസരങ്ങൾ പോലും ഇല്ലാതാക്കി. പീഡകന്റെ പേരിൽ നടപടിയെടുക്കാൻ മെഗാ സ്റ്റാറുകൾക്ക് പോലും മടിയാണ്.

മലയാള സിനിമയിലെ നടിമാർക്കും സ്ത്രീകളായ പ്രവർത്തകർക്കും വെറും നാലാംകിട ചരക്കിന്റെ സ്ഥാനം മാത്രമെ ഉള്ളു എന്ന് അറിയണമെങ്കിൽ സിനിമ മേഖലയുമായി പ്രവർത്തിക്കുന്ന ഏതെങ്കിലും ഒരു പുരുഷ കേസരിയുടെ സംസാരിച്ചാൽ തി. നിരവധി സിനിമ നിർമ്മാതാക്കളെ വ്യക്തപരമായി പരിചയമുള്ളയാളാണ് ഞാൻ. അവരുടെയൊക്കെ വാക്കുകളിൽ നടിമാർ സംവിധായകരുടേയും നിർമ്മാതാക്കളുടേയും നായകന്മാരുടേയും ഒക്കെ ശാരീരിക താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള വെറും ഉപകരണങ്ങൾ മാത്രമാണ്. അതിനെ ചോദ്യം ചെയ്താൽ പുറത്താക്കപ്പെടും.

നിർമ്മാതാവും നായകനും സംവിധായകനും മാത്രമല്ല മൂന്നാംകിട ആർട്ടിസ്റ്റുകൾ പോലും സ്ത്രീകളെ വെറും ചരക്കുകളായി കാണുന്നു എന്നതിന് നിരവധി ഉദാഹരണങ്ങളാണ്. എക്‌സ്ട്രാ നടിമാർ എന്നപേരിൽ എത്തുന്ന നടികൾ മിക്കവാറും സിനിമയിലെ പുരുഷകേസരികളുടെ ആക്രമത്തിന് ഇരയാകാറുണ്ട്. പല്ലിശ്ശേരിയെപ്പോലെ സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളവർ പോലും ഇതിനെക്കുറിച്ച് പലതവണ തുറന്ന് എഴുതിയിട്ടുണ്ട്. എന്നാൽ നിലനിൽപ്പിന്റെ ഭാഗമായി അതൊക്കെ സഹിക്കുകയും ജോലിയുടെ ഭാഗമാണെന്ന് കരുതി ആസ്വദിക്കുകയും ചെയ്യുന്ന ദൗർഭാഗ്യശാലികളായ പല നടികളും. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.