തിരുവനന്തപുരം: കാൽ നൂറ്റാണ്ടത്തെ നിയമ പോരാട്ടത്തിനൊടുവിൽ നമ്പി നാരായണൻ എന്ന പ്രശസ്ത ശാസ്ത്രജ്ഞൻ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇന്ത്യയുടെ പരമോന്നത നമീതി പീഠമായ സുപ്രീം കോടതി കൽപ്പിച്ചിരിക്കുകയാണ്. ഈ തുക രണ്ടാഴ്‌ച്ചയ്ക്കകം കേരള സർക്കാർ അദ്ദേഹത്തിന് നൽകണം. ആ വിധിയിൽ നമ്പി നാരായണൻ ഒട്ടും സന്തുഷ്ടനാവുകയില്ലെന്ന് തീർത്ത് പറയാം. കാരണം താൻ നീതിക്ക് വേണ്ടി അലഞ്ഞത് തന്നെ കുടുക്കിയ ചില രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും നഷ്ടപരിഹാരം വാങ്ങിക്കാൻ ആയിരുന്നുവെന്നും അത് സാധാരണക്കാരന്റെ ബാധ്യതയാക്കി ഖജനാവിന്റെ ചുമതലയിലേക്ക് എടുത്ത് വെയ്ക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും നമ്പി നാരായണൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

ചില പൊലീസ് ഉദ്യോഗസ്ഥന്മാരും അവർക്ക് പിന്തുണ നൽകിയ രാഷ്ട്രീയക്കാരും ചെയ്ത തെറ്റിന് ഖജനാവിനെ കൊള്ളയടിക്കേണ്ട ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു. ഓരോ സർക്കാർ ഉദ്യോഗസ്ഥനും ചെയ്യുന്ന കാര്യങ്ങൾക്ക് ധാർമികമായ ഉത്തരവാദിത്വം സർക്കാരിന് ഉള്ളതുകൊണ്ട് തന്നെ കോടതിക്ക് ആ പണമടയ്ക്കാൻ സർക്കാരിനോടെ പറയാൻ കഴിയുകയുള്ളു. എന്നാൽ ആ വിധിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമല്ല നമ്പി നാരായണനെ ഈ അവസ്ഥയിൽ എത്തിച്ച എല്ലാവരോടും കാശ് വാങ്ങേണ്ട ബാധ്യതയാണ് സർക്കാർ നടപ്പിലാക്കേണ്ടത്.

ഈ എപ്പിസോഡിലെ ഏറ്റവും ലജ്ജാകരമായ വസ്തുത നമ്പി നാരായണന് നീതി കിട്ടിയെന്ന് പൊട്ടിക്കരയുന്ന കേരളത്തിലെ ചാനലുകളും മാധ്യമങ്ങളും പുലർത്തുന്ന ഇരട്ടത്താപ്പിന്റെയും കള്ളത്തരത്തിന്റേയും അടയാളമാണ്. മനോരമയുടേയും മാതൃഭൂമിയുടേയും പീപ്പിളിന്റേയുമെല്ലാം ചാനലുകളിൽ ഇന്ന് സുപ്രീം കോടതി വിധി വന്നത് മുതൽ നമ്പി നാരായണന് നീതി കിട്ടി എന്നും അത് നിഷേധിച്ചത് ഉദ്യോഗസ്ഥരാണെന്നും കള്ളക്കണ്ണീരൊഴുക്കുമ്പോൾ ഓർക്കേണ്ടത് നമ്പി നാരായണനെ ഈ ദുരിതത്തിലേക്ക് തള്ളിവിട്ടതിന്റെ ഒന്നാം പ്രതികൾ നിങ്ങളുടെ ഒക്കെ ഉടമസ്ഥതയിലുള്ള പത്രങ്ങൾ തന്നെയാണ്.

ദേശാഭിമാനിയും തനിനിറവുമാണ് ആദ്യം ചാരക്കേസ് തുടങ്ങിവെച്ചത്. ദേശാഭിമാനിയുടെ ഫോട്ടോഗ്രാഫർ പൊലീസ് സ്‌റ്റേഷനിൽ ചെന്ന് അതി വിദഗ്തമായി രണ്ട് മാലിക്കാരായ സ്ത്രീകളുടെ ചിത്രമെടുത്ത് മുൻപേജിൽ പ്രസിദ്ധീകരിച്ചത് മറ്റാർക്കും ലഭിക്കാത്ത എക്‌സ്‌ക്ലൂസിവ് നൽകികൊണ്ടായിരുന്നു. തൊട്ട്പിന്നാലെ മനോരമയും മാതൃഭൂമിയും മംഗളവുമടക്കം കേരളത്തിലെ എല്ലാ പത്ര മാധ്യമങ്ങളും മസാല കലർത്തി ദിവസവും ചാര വാർത്തകൾ അടിച്ചുകൊണ്ടിരുന്നു. മാലദ്വീപിലേക്ക് പ്രത്യേക റിപ്പോർട്ടർമാരെ അയച്ച് കഥകൾ മെനഞ്ഞ് ഒന്നാംപേജും രണ്ടാം പേജും മുതൽ 14ാം പോജ് വരെ കഥകൾ കൊണ്ട് നിറച്ചു. ചാര സുന്ദരി എന്ന പേരിൽ ചികിത്സയ്ക്ക് വന്ന രണ്ട് സ്ത്രീകളെക്കുറിച്ച് നിരന്തരം അനാവശ്യങ്ങൾ എഴുതി.

മലയാളം പോലും അറിയാത്ത ആ സ്ത്രീകളെ ജയിലിലടയ്ക്കുകയും പിന്നീട് നഷ്ടപരിഹാരം പോലും നൽകാതെ നാട്ടിലേക്ക് അയക്കുകയും ചെയ്തു.അക്കൂട്ടത്തിൽ ഇല്ലാക്കഥകൾ മെനഞ്ഞ് നമ്പി നാരായണനെ ഉൾപ്പെടെ നിരവധിപേരെ വേട്ടയാടി. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റ്ന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.