- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ജുവാര്യരോടും ശ്രീകുമാരൻ മേനോനോടും ദിലീപിന് വിരോധമുള്ളതുകൊണ്ട് മാത്രം ഒടിയൻ എങ്ങനെ മോശം സിനിമയാകും? കൂവിത്തോൽപ്പിക്കാൻ മാത്രം ഒരു മോശം സിനിമയാണോ ഒടിയൻ ? സിനിമ ഇറങ്ങിയപ്പോൾ മുതൽ കൂവിത്തോൽപ്പിക്കാൻ ആരോ ക്വട്ടേഷൻ എടുത്തിട്ടില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല; പുലിമുരുകൻ നല്ല സിനിമയാണെന്ന് പറയുന്നവർക്ക് ഒരു കാരണവശാലും ഒടിയനെ തള്ളിപ്പറയാൻ കഴിയില്ല ഇൻസ്റ്റന്റ് റെസ്പോൺസിൽ ഷാജൻ സ്കറിയ
തിരുവനന്തപുരം; ബിജെപി ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിനെ തോൽപ്പിച്ച മോഹൻലാലിനോട് ആദരവ് അർപ്പിച്ചുകൊണ്ട് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് തുടങ്ങട്ടെ. ഇന്നത്തെ ഹർത്താൽ തല്ലിപ്പൊളിയായിരുന്നു. നൂറുകണക്കിനാളുകൾ വാഹനമെടുത്ത് പുറത്തിറങ്ങി അവരവരുടെ ജോലികൾ കൃത്യമായി ചെയ്തു. ഏറ്റവും ഭംഗിയായി സ്വന്തം തൊഴിൽ പൂർത്തിയാക്കിയത് മോഹൻലാൽ ഫാൻസാണ്. വെളുപ്പിന് നാലുമണിമുതൽ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ഒടിയന്റെ ഷോ തുടർച്ചയായി നടന്നു. അതെല്ലാം തന്നെ ഹൗസ് ഫുള്ളുമായിരുന്നു. ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗമാകാൻ രാവിലെ മുതൽ തന്നെ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെ ട്രാവൻകൂർ മാളിലെ മൾട്ടിപ്ലെക്സിൽ ടിക്കറ്റ് കിട്ടി. സിനിമയുടെ തുടക്കം മുതൽ തന്നെ മോഹൻലാൽ ആരാധകരുടെ കയ്യടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റൊന്നുംകൊണ്ടല്ല. രാവിലെ 4 മണിമുതൽ കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളെല്ലാം മോഹൻലാൽ ഫാൻസിന്റെ അധീനതയിലായിരുന്നു. അതോടൊപ്പം ഷോപ്പിങ് മാളുകളിലെ മൾട്ടിപ്ലെക്സുകളും നിറഞ്ഞുകവിഞ്ഞത് അത്ഭുതപ
തിരുവനന്തപുരം; ബിജെപി ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിനെ തോൽപ്പിച്ച മോഹൻലാലിനോട് ആദരവ് അർപ്പിച്ചുകൊണ്ട് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് തുടങ്ങട്ടെ. ഇന്നത്തെ ഹർത്താൽ തല്ലിപ്പൊളിയായിരുന്നു. നൂറുകണക്കിനാളുകൾ വാഹനമെടുത്ത് പുറത്തിറങ്ങി അവരവരുടെ ജോലികൾ കൃത്യമായി ചെയ്തു. ഏറ്റവും ഭംഗിയായി സ്വന്തം തൊഴിൽ പൂർത്തിയാക്കിയത് മോഹൻലാൽ ഫാൻസാണ്. വെളുപ്പിന് നാലുമണിമുതൽ കേരളത്തിലെ ഒട്ടുമിക്ക തിയേറ്ററുകളിലും ഒടിയന്റെ ഷോ തുടർച്ചയായി നടന്നു. അതെല്ലാം തന്നെ ഹൗസ് ഫുള്ളുമായിരുന്നു. ഇത് എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. ഇത്തരമൊരു ആഘോഷത്തിന്റെ ഭാഗമാകാൻ രാവിലെ മുതൽ തന്നെ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെ ട്രാവൻകൂർ മാളിലെ മൾട്ടിപ്ലെക്സിൽ ടിക്കറ്റ് കിട്ടി.
സിനിമയുടെ തുടക്കം മുതൽ തന്നെ മോഹൻലാൽ ആരാധകരുടെ കയ്യടി അത്ഭുതപ്പെടുത്തുന്നതായിരുന്നു. മറ്റൊന്നുംകൊണ്ടല്ല. രാവിലെ 4 മണിമുതൽ കേരളത്തിലെ പ്രധാനപ്പെട്ട തിയേറ്ററുകളെല്ലാം മോഹൻലാൽ ഫാൻസിന്റെ അധീനതയിലായിരുന്നു. അതോടൊപ്പം ഷോപ്പിങ് മാളുകളിലെ മൾട്ടിപ്ലെക്സുകളും നിറഞ്ഞുകവിഞ്ഞത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇങ്ങനെയൊരു തീരുമാനം ഞാനെടുത്തത് രണ്ടുകാരണങ്ങൾ കൊണ്ടായിരുന്നു.
1. ഒടിയൻ എന്ന സിനിമയ്ക്ക് കഴിഞ്ഞ ഏറെ മാസങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഓവർ ഹൈപ്പ്. ഒടിയനെക്കുറിച്ചുള്ള ഓരോ വാർത്തയും സെലബ്രേഷനായി മാറിക്കൊണ്ടിരുന്നതിലെ അത്ഭുതം. അതിനൊക്കെയപ്പുറം റിലീസിംഗിന് മുമ്പ് നൂറുകോടി രൂപ പ്രീ കളക്ഷൻ കിട്ടിയെന്ന സംവിധായകന്റെ അവകാശവാദം. അത് തെറ്റാണെന്ന് കാര്യകാരണ സഹിതം മറ്റുചിലർ അവതരിപ്പിച്ചത്. ഇതാണ് കൗതുകത്തിന് കാരണം. എന്നാൽ അത് ഇന്നു തന്നെ കാണണമെന്ന വാശിക്ക് കാരണം മറ്റൊരു കാരണത്താലാണ്.
2. ഇന്ന് വെളുപ്പിന് സിനിമ ഇറങ്ങിയപ്പോൾ മുതൽ ആ സിനിമക്കെതിരേ സോഷ്യൽമീഡിയയിൽ തലങ്ങുംവിലങ്ങും കേട്ട വിമർശനങ്ങളായിരുന്നു. അതിനെക്കുറിച്ച് പോസിറ്റീവായി പറയുന്ന ആരെയും കണ്ടില്ല. സോഷ്യൽമീഡിയ നിറയെ വിമർശനങ്ങളുടെ പെരുന്നാള് തന്നെയായിരുന്നു. സ്വാഭാവികമായും ആ സിനിമ അത്രമേൽ മോശമാണല്ലോ എന്ന തോന്നൽ എനിക്കുമുണ്ടായി. പ്രത്യേകിച്ച് ഒട്ടേറെപ്പേർ ലൈവായി സോഷ്യൽമീഡിയയിൽ രംഗത്തെത്തിയ സാഹചര്യത്തിൽ.
ഒരു പക്ഷെ ഇത്രയധികം വിമർശനം കേട്ട സിനിമ വേറൊന്നുമുണ്ടാകില്ല. ഇതോടെ ശ്രീകുമാരൻ മേനോൻ എന്ന സംവിധായകനെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് മഞ്ജുവാര്യരുടെ സിനിമയായതിനാലും ദിലീപ് മറുവശത്ത് നിൽക്കുന്നതിനാലും ഈ സിനിമ തോൽപ്പിക്കണം എന്ന ലക്ഷ്യം ഒരുവശത്തുണ്ട് എന്ന തോന്നൽ എനിക്കുണ്ടായി.
സിനിമാ നിരൂപണ കോളമല്ലാത്തതിനാൽ ഗുണവും ദോഷവും പറയുന്നില്ല. മറിച്ച് ഈ സിനിമയുടെ വർത്തമാന കാല രാഷ്ട്രീയം തന്നെയാണ് ഞാൻ ചർച്ച ചെയ്യുന്നത്. ആദ്യമേ പറയട്ടെ സോഷ്യൽമീഡിയയിൽ ഞാൻ രാവിലെ മുതൽ കേട്ടതും കണ്ടതുമായ വിമർശനങ്ങളിൽ അതിശയോക്തിയുണ്ട്. മലയാളത്തിലെ ഏറ്റവും മോശം സിനിമയെന്ന പ്രചാരണം വ്യാജമാണ്. എന്നാൽ മഹത്തായ സിനിമയുമല്ല. എന്നാൽ ഒടിയൻ എന്ന സിനിമയിൽനിന്ന് ഇത്രയും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്ന് മനസിലാകുന്നില്ല. മോഹൻലാലിന്റെ ഒരു സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് തീരെ നിരാശാജനകമായ ഒരു സിനിമയല്ല.
സിനിമയെ എന്റർടൈന്മെന്റായി കാണുന്നവരും, സിനിമയെ സമയം കളയാനായി പരിഗണിക്കുന്നവരും കാശുമുടക്കി ടിക്കറ്റെടുത്ത് ഈ സിനിമയ്ക്ക പോയാൽ ആരെയും പഴിക്കുകയില്ല. കാസിനോവ പോലുള്ള അതിഭീകരമായ മലയാള സിനിമകളുടെ കാലത്ത് ഈയൊരു സിനിമ ഇത്രയധികം വിമർശനമേറ്റുവാങ്ങുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. ഈ സിനിമയെ എളുപ്പത്തിൽ താരതമ്യം ചെയ്യാൻ പറ്റുന്നത് മോഹൻലാലിന്റെ തന്നെ പുലിമുരുകനുമായാണ്. പുലിമുരുകന്റെ ഒരു മിനി വേർഷനാണ് ഒടിയൻ. പുലിമുരുകന്റേതുപോലെ തന്നെ ഒരു മായിക ലോകത്തിലെ അസാധാരണമായ കാര്യങ്ങൾ പറയുന്ന സിനിമ.
പുലിമുരുകൻ എങ്ങനെ പുലിയെ നേരിട്ടു അതുപോലെതന്നെയാണ് ഇവിടെ മാണിക്യൻ എന്ന കഥാപാത്രം ഒടിയനായി മാറുന്നത്. രണ്ടു സിനിമയിലും പ്രായോഗികതകളില്ല. അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കുകയില്ല എന്ന് എല്ലാവർക്കുമറിയാം. എന്നാൽ സിനിമയിൽ നിന്ന് ഇതിൽക്കൂടുതൽ ആര് എന്താണ് പ്രതീക്ഷിക്കുന്നത്. അതിമാനുഷികതയുള്ള ഒരു കഥാപാത്രത്തിന്റെ അതിമാനുഷികമായ പ്രകടനങ്ങൾ കണ്ട് കയ്യടിക്കുകയും ചിരിക്കുകയും സന്തോഷിക്കുകയുമൊക്കെ തന്നെ ചെയ്യുന്നതാണ് വാണിജ്യ സിനിമ. ആ അർത്ഥത്തിൽ ഇത് ഒന്നാന്തരം എന്റർടൈനറാണ്. ഞാൻ വീണ്ടുമാവർത്തിക്കുന്നു. സിനിമയെന്ന മഹത്തായ കലയുടെ അലകും പിഴകും തിരിഞ്ഞുനോക്കേണ്ട ഒന്നും ഈ സിനിമയിലില്ല. എന്നാൽ നേരമ്പോക്കിന് സിനിമയെ സമീപിക്കുന്ന ആർക്കും ഇത് ബോറടിപ്പടമായി തോന്നുന്നില്ല. ആകെയുള്ള വിമർശനം തുടക്കത്തിലെ ഇഴഞ്ഞുപോക്കും അവസാന ഭാഗത്തെ ഒരിക്കലും തീരാത്ത അടിപിടിയുമാണ്. ആ അടിപിടിയാവട്ടെ പുലിമുരുകനിലെ വില്ലനുമായുള്ള നീണ്ടുപോയ അടിപിടി പോലെ തന്നെയായിരുന്നു.
പുലിമുരുകനിൽ ഇതൊക്കെ കണ്ടുമടുത്തതുകൊണ്ട് ഒടിയനിലെ സമാന സംഘർഷങ്ങളും പ്രകടനങ്ങളും പുതുമയോ ആകാംഷയോ ഭയമോ ഉണ്ടാക്കുന്നില്ല എന്നു മാത്രം. മോഹൻലാലിന് ഈ സിനിമയിൽ രണ്ടു കഥാപാത്രങ്ങളാണുള്ളത്. 15 കൊല്ലം മുമ്പത്തെ ഒടിയനായി ജീവിച്ച മോഹൻലാലും 15 വർഷത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചുവന്ന ഒടിയനല്ലാത്ത മോഹൻലാലും. രണ്ടാമത്തെ മോഹൻലാലാണ് അദ്ദേഹത്തിന് ചേർന്ന വേഷം. ക്ലീൻഷേവ് ചെയ്ത് ശ്വാസം പിടിച്ചു നടന്ന മോഹൻലാലിന്റെ ആദ്യഭാഗം കാണാൻ പരമബോറായിരുന്നു. പ്രായത്തിനൊത്ത ഒരു കഥാപാത്രത്തെ കിട്ടിയപ്പോൾ മഞ്ജുവാര്യർ വീണ്ടും മനോഹരമായി അഭിനയിച്ചിരിക്കുന്നു.
സിദ്ദിഖ് അടക്കമുള്ള മറ്റ് കഥാപാത്രങ്ങളുടെ അഭിനയവും മോശമായില്ല. എന്നാൽ നവാഗത സംവിധായകൻ എന്ന പിഴവുകൾ ഈ സിനിമയിൽ ഒരുപാടുണ്ട്. എഡിറ്റിംഗിലും പിഴവുകളുണ്ട്. 15 മിനുട്ട് കുറയ്ക്കാമായിരുന്നു. എന്നാൽ മനോഹരമായിരുന്നു ചിത്രത്തിലെ ഫ്രേമുകൾ. പുലിമുരുകൻ നല്ല സിനിമയാണ് എന്ന് പറയുകയും അതിനെ വാഴ്‌ത്തുകയും ചെയ്യുന്നവർ ഒടിയൻ മോശമാണെന്ന് പറയുന്നതിന് രാഷ്ട്രീയമുണ്ട്. അത് ശ്രീകുമാരമേനോനും മഞ്ജുവാര്യരോടുമുള്ള ശത്രുതയാണ്. അങ്ങനെ ശത്രുതയുടെ പുറത്ത് മോശമാക്കി മാറ്റേണ്ട ഒരു സിനിമയല്ല ഇത്. എന്റെ ശുപാർശ ഈ സിനിമ കാണുന്നതിൽ ഒരു തെറ്റുമില്ല എന്നാണ്.
മലയാള സിനിമയെ സംബന്ധിച്ച് ഇതൊരു പരീക്ഷണമാണ്. വലിയ ബജറ്റിൽ ഒരു സിനിമ നിർമ്മിക്കുകയും വലിയ ബജറ്റിൽ അതിന് ഹൈപ്പുണ്ടാക്കുകയും ചെയ്യുക, ഒപ്പം ആദ്യ ദിവസങ്ങളിൽ പരമാവധി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. അങ്ങനെ പരമാവധി കളക്ഷനുണ്ടാക്കുക എന്നുള്ളത്. എന്തായാലും ഒരു മൂന്നുദിവസം ഇങ്ങനെ ഓടിയാൽ ഈ സിനിമ മുടക്കുമുതലിനേക്കാൾ ഏറെ ശേഖരിക്കും. മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഒരാൾ, മഞ്ജുവാര്യരെ ഇഷ്ടപ്പെടുന്ന ഒരാൾ അതുകൊണ്ടുമാത്രം ഈ സിനിമ കാണാൻ തിയേറ്ററിൽ പോയാൽ നിങ്ങൾക്ക് ഒരു കുറ്റബോധവും തോന്നുകയില്ല. ദിലീപിന്റെയോ മറ്റെന്തെങ്കിലും കാരണത്തിന്റെ പുറത്തോ കൂവിത്തോൽപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും ശ്രമിച്ചാൽ അതിന് നിന്നുകൊടുക്കേണ്ടതല്ല ഈ ചിത്രം. ഒടിയന് എല്ലാവിധ ആശംസകളും