തിരുവനന്തപുരം: കണ്ണാടി വിവാദം പെട്ടെന്ന് അങ്ങനെ കേരളീയ ജീവിതത്തിൽ നിന്ന് മായ്ച്ച് കളയാൻ കഴിയുമോ? ഒരിക്കൽ കൂടി സ്പീക്കർ കൂടി ഉൾപെട്ട കണ്ണാടി വിവാദമാണ് ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. കാരണം നമ്മുടെ പൊതുജീവിതത്തിന് ഏറെ കളങ്കം വരുത്തിയ ഒന്നായിരുന്നു ആ വിവാദം.49,500 രൂപ കൊടുത്ത് സ്പീക്കറും, 29,500 കൊടുത്ത് ആരോഗ്യ മന്ത്രി കണ്ണാടി വാങ്ങുക, അത്രയും വില കൊടുത്ത് എംഎൽഎമാർ കണ്ണാടി വാങ്ങുക, ഇതുവലിയ നാണക്കേട് തന്നെയാണ്.ഇതിനൊപ്പം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ചികിൽസാചെലവിന്റെ കണക്കുകളും കേട്ടു.പൊതുസമൂഹത്തെ ഇതേറെ ഞെട്ടിച്ചത് പൊതുഖജനാവിനോട് ഇവർക്ക് ഇത്ര കൂറുമാത്രമേയുള്ളല്ലോ എന്ന തിരിച്ചറിവിലാണ്.ഈ വിവാദത്തിനിടെയിലും വേദനിപ്പിക്കുന്ന ചില ആരോപണങ്ങൾ ഉണ്ടായി. അത് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ കുറിച്ചുള്ള ആരോപണങ്ങളായിരുന്നു.

പി.ശ്രീരാമകൃഷ്ണൻ സിപിഎം നേതാക്കളിലെ ധാർഷ്ട്യമില്ലാത്ത, സൗമ്യനായ നേതാവാണ്.തന്റെ പൊതുജീവിതത്തിലും, മണ്ഡലത്തിലും നന്മ പ്രസരിപ്പിച്ച നേതാവാണ്. അദ്ദേഹം ഇതുവരെ പേരുദോഷം കേൾപ്പിക്കുകയോ, ആരോപണവിധേയനാവുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സ്പീക്കർ 49,500 രൂപയുടെ കണ്ണട വാങ്ങിയെന്ന് അറിഞ്ഞപ്പോൾ ജനങ്ങൾക്ക് ഷോക്കായി.കെ.മുരളീധരനോ, തോമസ് ചാണ്ടിയോ ഒക്കെ കണ്ണാടി മേടിക്കുന്നത് പോലല്ല ശ്രീരാമകൃഷ്ണൻ കണ്ണാടി വാങ്ങിക്കുന്ന പ്രശ്‌നം.ശ്രീരാമകൃഷ്ണന് ഇതെന്തുസംഭവിച്ചുവെന്ന് അന്വേഷിക്കാതെ വയ്യ.

ഈ ചോദ്യങ്ങൾക്കിടയിൽ സ്പീക്കർ മറുപടിയുമായി എത്തി. അതിൽ സൗമ്യതയും സൗമനസ്യവുമുണ്ടായിരുന്നു.പൊതുജീവിതത്തിൽ ഒരിക്കലും ധൂർത്തിന്റെ പേരിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടില്ല.കണ്ണട വിവാദത്തെ ചൊല്ലി പ്രചരിക്കുന്ന പരിഹാസങ്ങളും, നർമോക്തികളും, ക്രൂരമായ വിധിയെഴുത്തുകളും നിർഭാഗ്യകരമെന്നേ പറയേണ്ടു.

ഏതെങ്കിലും സമയത്ത് ആർഭാടകരമായ കണ്ണട ഫ്രെയിമുകൾ ഉപയോഗിച്ചിട്ടില്ല. സുഹൃത്തുക്കൾ വിദേശങ്ങളിൽ നിന്ന് കൊണ്ടുവരുന്ന വിലയേറിയ ഫ്രെയിമുകൾ പോലും സ്‌നേഹപൂർവം നിരസിച്ചിട്ടേയുള്ളു.കഴിഞ്ഞ രണ്ടുവർഷമായി കാഴ്ചയുമായി ബന്ധപ്പെട്ടതല്ലാത്ത ചില ബുദ്ധിമുട്ടുകൽ വന്നിട്ടുണ്ട്.എന്നാൽ ഒഫ്താൽമോളജിസ്റ്റ് നിർദ്ദേശിച്ച വിലയേറിയ കണ്ണട ആവശ്യമായിരുന്നോ,കടയിൽ നിന്ന് പറഞ്ഞ കാര്യങ്ങൽ ശരിയാണോ തുടങ്ങിയ കാര്യങ്ങളിൽ സൂക്ഷമപഠനം നടത്തുന്നതിൽ എനിക്ക് പിഴവ് വന്നിട്ടുണ്ട്.

ശ്രീരാമകൃഷ്ണന്റെ മുൻകാല ജീവിതവും, കണ്ണടവിവാദത്തിലെ വിശദീകരണവും ചേർത്ത് വായിക്കുമ്പോൾ അദ്ദേഹത്തിനേറ്റ് അപമാനം കേരളീയ സമൂഹത്തിനുണ്ടായ പിശകാണെന്ന് പറയേണ്ടി വരും.കാരമം യുവജനക്ഷേമ ബോർഡിന്റെ ചെയർമാനായിരുന്നപ്പോൾ ഒരു നയാപൈസ ടിഎ എഴുതി വാങ്ങിയിട്ടില്ല.മാത്രമല്ല ധൂർത്തിനോ, അഴിമതിക്കോ വഴിപ്പെടാത്ത വ്യക്തിയുമാണ്.

ശ്രീരാമകൃഷ്ണന് കണ്ണിന് മാത്രമല്ല പേശീബലം കുറയുന്ന രോഗവുമുണ്ടെന്നാണ് അറിയുന്നത്.തന്റെ പൊതുജീവിതത്തെ ബാധിക്കാത്ത പ്രശ്‌നമായതുകൊണ്ട് അത് പൊചുചർച്ചയാക്കാൻ അദ്ദേഹം ഇഷ്ടപെടുന്നില്ല. മാന്യമായ പ്രതികരണത്തിന് മാത്രമാണ് അദ്ദേഹം മുതിർന്നത്.പറ്റിയ പിശകിനെ ന്യായീകരിക്കാനും തുനിഞ്ഞില്ല. ധൂർത്തിനെ ആഘോഷിക്കുന്നവർക്ക് ന്യായീകരിക്കാൻ ശ്രീരാമകൃഷ്ണൻ ഒരുദാഹരണമല്ല. കാരണം അദ്ദേഹത്തിന്റെ പൊതുജീവിതം കളങ്കമറ്റതും തെറ്റുപറ്റിയാൽ തിരുത്താൻ മന:സാക്ഷി കാട്ടുന്ന അന്തസുറ്റതുമാണ്.

വിവാദത്തിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ, പഴി ചാരാനോ അദ്ദേഹം ഒരുങ്ങിയില്ല എന്ന കാര്യം ശ്രദ്ധേയമാണ്. സിപിഎം സൈബർ സഖാക്കൾ ഇക്കാര്യം കണ്ടുപഠിക്കണം.ഒരുകാര്യവുമില്ലാതെ കുറ്റങ്ങളെ ന്യായീകരിക്കുന്ന, കൊടിസുനിയെ ന്യായീകരിക്കുന്ന, ബിനോയ് കോടിയേരിയെ ന്യായീകരിക്കുന്ന എല്ലാ ധൂർത്തിനെയും ന്യായീകരിക്കുന്ന സഖാക്കൾ പി.ശ്രീരാമകൃഷ്ണനെ മാതൃകയാക്കണം. അദ്ദേഹം തന്റെ രോഗവിവരം പൊതുചർച്ചയാക്കാനോ, തെറ്റ് മറച്ചുപിടിക്കാനോ ശ്രമിച്ചില്ല.അദ്ദേഹത്തിന്റെ കുറ്റസ്സമ്മതം കണ്ടുപഠിക്കണം.പി.ശ്രീരാമകൃഷ്ണനെ പോലെയുള്ള നേതാക്കളാണ് സിപിഎമ്മിന് വേണ്ടത്.