തിരുവനന്തപുരം: പത്മ അവാർഡുകൾ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടിട്ടും വിവാദങ്ങൾ അവസാനിക്കുന്നില്ല.സാധാരണ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോഴൊക്കെ വിവാദങ്ങൾ പതിവാണെങ്കിലും, ഇക്കുറി രാഷ്ട്രീയ മാനങ്ങൾ ഉള്ളതുകൊണ്ട് അത് തുടരുകയാണ്.ഇടതുപക്ഷവക്താക്കളായ സോഷ്യൽ മീഡിയ പ്രചാരകരാണ് വിവാദം പിടിവിടാതെ തുടരുന്നത്.അവർ പത്മ പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ നിരന്തരം അഭിപ്രായപ്രകടനം നടത്തുന്നു.പത്മവിഭൂഷൺ നേടിയ പി.പരമേശ്വരനാണ് അവരുടെ നോട്ടപ്പുള്ളി. ഈ വിഷയമാണ് ഇൻസ്റ്റന്റ് റെസ്‌പോൺസ് ഇന്ന് പരിശോധിക്കുന്നത്.

പി.പരമേശ്വരനെ പി.പരമേശ്വരൻ തന്നെയാണ് ശുപാർശ ചെയ്തത് എന്നതാണ് പുതിയ ട്രോൾ.പി.പരമേശ്വരന് പത്മവിഭൂഷണ് അർഹതയുണ്ടായിരുന്നോ എന്നുള്ളത് ചർച്ചാവിഷയമാണ്. എന്നാൽ അദ്ദേഹത്തിന് പത്മവിഭൂഷൺ കൊടുത്തത് എന്തോ വലിയ തെറ്റാണ് എന്ന മട്ടിൽ ചർച്ച ചെയ്യാൻ ഇവിടുത്തെ സിപിഎമ്മിനോ, കോൺഗ്രസിനോ എന്തധികാരമാണ് ഉള്ളത് എന്ന ചോദ്യം ബാക്കിയാകുന്നു.ആർഎസ്എസും ബിജെപിയും അധികാരം കൈയാളുമ്പോൾ മുതിർന്ന പ്രചാരകർക്ക് അംഗീകാരം നൽകുന്നത് അപൂർവമല്ല. വാജ്‌പേയി സർക്കാരിന്റെ കാലത്ത് പി.പരമേശ്വരന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.ഇങ്ങനെയൊരു പുരസ്‌കാരം നൽകാൻ പി.പരമേശ്വരനെ നിങ്ങൾ അറിയുമോ എന്നാണ് ഇടതുപ്രചാരകർ ചോദിക്കുന്നത്. എന്നാൽ, പി.പരമേശ്വരനെ അറിയാതെ പോകുന്നത് നിങ്ങളുടെ അജ്ഞത കൊണ്ടാണ്.