ൽപന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും എന്നൊരു പഴഞ്ചൊല്ലുണ്ട്.ഇത് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ചേരും എന്ന് പറഞ്ഞാൽ അത് അൽപം സാഹസമായി തീരും.കാരണം ധാരാളം അനുഭവ പരിചയ സമ്പത്തുള്ള നേതാവാണ് പിണറായി വിജയൻ.അദ്ദേഹത്തിന് ഇതൊന്നും വലിയ കാര്യമല്ല.എന്നാൽ, അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതികരിക്കുകയും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തതിന് പൊലീസിന്റെ ക്രൂര മർദ്ദനം ഏറ്റുവാങ്ങിയ പഴയകാലം പിണറായി വിജയനുണ്ട്.പൊലീസ് പിടിച്ചുകൊണ്ടുപോയി കാൽവെള്ളയിൽ ചൂരൽ പഴുപ്പിച്ച് വച്ച ഒരുകാലമുണ്ട്.അന്ന് തന്നോട് ക്രൂരമായി പ്രവർത്തിച്ച പൊലീസിനെ ചുറ്റും നിർത്തി ഒരുതരം നിർവൃതി അനുഭവിക്കാൻ പിണറായി വിജയൻ അറിയാതെ ശ്രമിക്കുന്നുണ്ടോ എന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്.അല്ലെങ്കിൽ 500 പൊലീസുകാരുടെ അകമ്പടിയോടെ കേരളം മുഴുവൻ ചുറ്റേണ്ട സാഹചര്യം ഒരു കമ്യൂണിസ്റ്റ്കാരന് എന്താണുള്ളത്.

പണ്ട് കെ.കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇങ്ങനെ ലോകം ചുറ്റാൻ പോകുമായിരുന്നു.പ്രത്യേക കമാൻഡോമാരുമായി.അന്ന് പിണറായിയും, നായനാരും വിഎസും അടക്കമുള്ള സഖാക്കൾ കരുണാകരന്റെ യാത്രയെ കുറിച്ച് കഥകളുണ്ടാക്കുമായിരുന്നു..ആക്ഷേപിക്കുമായിരുന്നു, മുദ്രാവാക്യം മുഴക്കുമായിരുന്നു, പാട്ടുപാടുമായിരുന്നു.അന്നത്തെ ആ കരുണാകരന്റെ യാത്രയെ പോലും അപമാനിക്കുന്ന വിധമാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി പൊലീസ് സുരക്ഷ ആസ്വദിക്കുന്നത്.ഇതേ മന്ത്രിസഭയിൽ മറ്റൊരുമന്ത്രി കൂടി ഇതേ സുഖം അനുഭവിക്കുന്നുണ്ട്.സാക്ഷാൽ എം.എം.മണി.പാവങ്ങളുടെ പ്രതിനിധിയായി അറിയപ്പെടുന്ന മണി എത്തിയാൽ നാല് പൊലീസ് വാഹനങ്ങൾ വേണമെന്ന് ശാഠ്യം പിടിക്കാറുണ്ടെന്ന് ഇടുക്കിക്കാർ പറയുന്നു.അതൊരുപക്ഷേ തന്നെ ജയിലിലടച്ച പൊലീസിനോടുള്ള മധുരപ്രതികാരമാവാം.അത്തരം മധുരപ്രതികാരംവീട്ടലുകൾ പിണറായി വിജയനെ പോലുള്ളവർ നടത്തുമ്പോൾ അപമാനിക്കപ്പെടുന്നത് കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാരാണ്.

പിണറായി വിജയന് പതിവായി സുരക്ഷയ്ക്ക് 18 അംഗ കമാൻഡോ സംഘമുണ്ട്.പൈലറ്റ്-എസ്‌കോർട്ട് വാഹനങ്ങൾ നാലോ അഞ്ചോ.കൂടാതെ പിണറായി യാത്ര പുറപ്പെടുമ്പോൾ മുതൽ പൂർത്തിയാക്കും വരെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഉദ്യോഗസ്ഥർ കാവൽ നിൽക്കണം.തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ജംഗ്ഷനിൽ രാവിലെ പോയി നിന്നാൽ ഈ കാഴ്ച കാണാം.ക്ലിഫ് ഹൗസിലേക്കോ സെക്രട്ടേറിയറ്റിലേക്ക് പോകുന്ന പിണറായി വിജയന് മുന്നിലും പിന്നിലും വാഹനങ്ങൽ ചീറിപ്പായുന്നത് കാണാം.ക്ലിഫ് ഹൗസ് മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള എല്ലാ സിഗ്നലുകളും ഓഫാക്കിയിടുകയാണ്.ഒരു അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും മ്യൂസിയം സിഐയും അടക്കമുള്ളവർ ഈ അഞ്ച് നിമിഷം വഴിയിലിറങ്ങി സുരക്ഷ ഉറപ്പുവരുത്തി നിൽക്കുകയാണ്.തിരുവനന്തപുരത്ത് നിന്ന് പുറത്തേക്ക് പോയാലും സമാന സ്ഥിതി തന്നെ!

തങ്കു ബ്രദർ എന്ന പേരിൽ സുവിശേഷം വിറ്റ് പുട്ടടിക്കുന്ന നിരവധി ആരോപണങ്ങൾ നേരിടുന്ന മതനേതാവിന്റെ പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്ത് പോയപ്പോൾ നാല് ഡിവൈഎസ്‌പിമാരും 16 സിഐമാരുമടക്കം 500 പൊലീസ് ഓഫീസർമാരാണ് പിണറായിക്ക് സുരക്ഷ ഒരുക്കിയത്.ഒരുപക്ഷേ പിണറായി വിജയൻ ഇതൊന്നും അറിഞ്ഞെന്ന് വരില്ല. രാജാവിനേക്കാൾ വലിയ രാജഭക്തിയുള്ള ചില ഉദ്യോഗസ്ഥർ കൽപന കൊടുത്ത് നടപ്പാക്കുകയാണ്.മുഖ്യമന്ത്രിയുടെ യാത്രാമേേദ്ധ്യ പൊലീസ് ഓഫീസർമാർ നിരക്കണമെന്നുള്ളത് ഡിജിപിയുടെ ഉത്തരവാണ്.ആ നിർദ്ദേശം മറികടക്കാൻ ഒരുകാരണവശാലും ഒരു സബ് ഇൻസ്പക്ടർക്ക് കഴിയില്ല.

കെവിൻ എന്ന യുവാവിനെ പിടിച്ചുകൊണ്ടുപോയതിന് ഒരു എഎസ്‌ഐ കൈക്കൂലി വാങ്ങിയെന്ന കഥ കേട്ടു.അതിനുമപ്പുറം അവിടുത്തെ എസ്‌ഐക്ക് ഡ്യൂട്ടിയിട്ടു എന്ന് പറയുന്നത് സത്യമാണ്.വിനു.വി.ജോണിനോടോ, പിആർ.പ്രവീണയോടോ തട്ടിക്കയറിയതുകൊണ്ടോ നുണ സത്യമായി മാറുന്നില്ല.മുഖ്യമന്ത്രി കോട്ടയത്തുള്ളപ്പോൾ ഒരു ഈച്ച അനങ്ങിയാൽ തൊപ്പി തെറിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാം.പൊലീസിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഉടൻ നടപടിയെടുത്ത് പിണറായിയുടെ പൊലീസ നയവും നന്ന്.എന്നാൽ, ജനങ്ങളെ ഭയന്ന് പിണറായി വിജയൻ തെരുവിലിറങ്ങി പിണറായി ശീഘ്രം പായുമ്പോൾ കെവിന്മാർ കൊല്ലപ്പെടാം.ക്രമസമാധാനമല്ല, നീതി നിർവഹണമല്ല, മറിച്ച് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് പൊലീസിന്റെ പ്രഥമകർത്തവ്യം എന്ന് വരികയാണ്.അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രി ആരെ.ാണ് ഭയപ്പെടുന്നത്. ഇവിടുത്തെ ജനങ്ങളെയാണോ?ഒരിക്കലും താങ്കളെ ഉപദ്രവിക്കാൻ ഇവിടുത്തെ ആർക്കും കരുത്തും തന്റേടവുമില്ല.

സാധാരണക്കാരനെ പോലെ താങ്കൾ ഇറങ്ങി നടന്നാൽ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാർട്ടി സഖാക്കളുണ്ടാകും.അതുകൊണ്ട് ജനങ്ങളെയോ പാർട്ടി പ്രവർത്തകരെയോ ഭയപ്പടരുത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും വലിയ സുരക്ഷ എന്ന് തിരിച്ചറിയുക.മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ഓരോ ഉപകരണവും പാവങ്ങളുടെ നീതി നിർവ്വഹണത്തിന് വേണ്ടിയുള്ളതാണെന്ന് തിരിച്ചറിയുക.മാധ്യമങ്ങളോട് തട്ടിക്കയറിയതുകൊണ്ട് കെവിൻ എന്ന് പറയുന്ന ചെറുപ്പക്കാരന്റെ രക്തക്കറ താങ്കളുടെ കൈയിൽ നിന്ന് മായുകയില്ല.അതുകൊണ്ട് ഇനിയെങ്കിലും സാധാരണക്കാരനാകുക...സാധാരണക്കാരനെ പോലെ ഭൂമിയിലേക്ക് ഇറങ്ങുക.