തിരുവനന്തപുരം: ഒടുവിൽ നിയമത്തിന് മുന്നിൽ താൻ കീഴടങ്ങുന്നുവെന്ന് ബോധിപ്പിക്കാൻ വേണ്ടി ഫ്രാങ്കോ മുളയ്ക്കൻ എന്ന ജലന്ധർ രൂപതാ ബിഷപ്പ് എറണാകുളത്ത് പൊലീസിന് മുൻപിൽ കീഴടങ്ങിയിരിക്കുകയാണ്. അത്രയുമൊക്കെ ആയതിൽ നമുക്ക് സന്തോഷിക്കാം. ഈ പൊലീസിൽ നിന്നോ സഭയിൽ നിന്നോ സർക്കാരിൽ നിന്നോ നീതി ലഭിക്കും എന്ന് പ്രതീക്ഷിക്കാത്ത സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മെത്രാൻ പൊലീസിന് മുൻപിൽ എത്തിയത് അഭിമാനകരമാണ്.

ഈ കേസിന്റെ തുടക്കം മുതൽ പൊലീസ് കാണിക്കുന്ന അലംഭാവം ഉദാസീനതയും ഇപ്പോഴും തുടരുന്നതുകൊണ്ട് ഇന്ന് മെത്രാൻ കേരളത്തിൽ എത്തി പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയമാകുമ്പോഴും നീതി ലഭിക്കും എന്ന പ്രതീക്ഷ ആ കന്യാസ്ത്രീക്കോ അവരെ പിന്തുണയ്ക്കുന്നവർക്കോ ഇല്ല എന്നതാണ് സത്യം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് തടവിലാക്കും എന്നു വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. നടൻ ദിലീപിന് സംഭവിച്ചത് എന്താണോ അത് മെത്രാനും സംഭവിക്കും എന്നാണ് അവർ കരുതുന്നത്.

നിർഭാഗ്യവശാൽ അത് എനിക്കില്ല. സംഭവിച്ചാൽ നല്ലത് എന്ന് പറഞ്ഞ് ആശ്വസിക്കുമ്പോഴും ഇന്ന് പകലോ നാളെ രാവിലെ വരെയോ ചോദ്യം ചെയ്യൽ തുടരുമെന്നും അതിന് ശേഷം മെത്രാനെ സുരക്ഷിതമായി ജലന്തറിലേക്ക് തിരികെ അയക്കുമെന്നാണ് ഞാൻ കരുതുന്നത്. കേസ് അന്വേഷിക്കുന്ന പൊലീസുകാരുടെ നിലപാടുകളും അഭിപ്രായങ്ങളുംബോധപൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്.

ഇന്നലെ കോട്ടയം എസ്‌പി ഹരിശങ്കർ പറഞ്ഞത് ഇതിന് ഒടുവിലത്തെ ഉദാഹരണമാണ്. ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതുകൊണ്ട് മാത്രം അറസ്റ്റിന് തടസമൊന്നുമില്ല എന്നായിരുന്നു എസ്‌പിയുടെ വാദം. നിയമപരമായി അത് ശരിയായിരക്കാം. അറസ്റ്റ് ചെയ്യാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ട് കൂടി അതിന് മുതിരാതിരുന്ന പൊലീസ് ഇങ്ങനെ ഒരു സാധ്യതയുള്ളപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നത് തന്നെ മണ്ടത്തരമല്ലെ.

എന്നിട്ടും എന്തിനാണ് മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ എസ്‌പി ഇങ്ങനെ പറയുന്നത്. ഇന്ന് പൊലീസിന് മുൻപിൽ മെത്രാൻ ഹാജരായ രീതി പരിശോധിക്കുമ്പോൾ എസ്‌പിയുടെ പ്രസ്താവന ബോധപൂർവ്വമാണെന്ന് പറയേണ്ടിവരും. ജലന്തറിൽ പോയി മെത്രാനെ കണ്ടിട്ട് വന്നതിന് ശേഷം മെത്രാനുമായി യാതൊരുവിധത്തിലും കമ്മ്യുണിക്കേറ്റ് ചെയ്യുന്നില്ലെന്നും രൂപതാ അധികൃതരുമായി മാത്രമാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതെന്നും എന്നാൽ മെത്രാൻ ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകും എന്ന് തറപ്പിച്ച് പറയുമ്പോഴും എങ്ങനെയാണ് ഇത്രയധികം സുരക്ഷിതമായി മെത്രാൻ എത്തിയതെന്ന ചോദ്യം അവശേഷിക്കുകയാണ്.

കേരളത്തിലെ ഒരു എയർപോർട്ടിലും റെയിൽവെസ്റ്റേനിലും മെത്രാൻ എത്തിയിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാൽ 11മണി കൃത്യം അടിച്ചപ്പോൾ അദ്ദേഹം പൊലീസിന് മുന്നിൽ എത്തി. മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രധാന റോഡിൽ സുരക്ഷയൊരുക്കുകയും കാവൽ നിർത്തുകയും ചെയ്ത പൊലീസ് മാധ്യമങ്ങളുടെ മുൻപിൽപെടാതെയാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
എന്തിന് വേണ്ടിയാണ് മെത്രാന്റെ തിരുമുഖം ഇത്രയും സുരക്ഷിതമായി എത്തിക്കുന്നത്. ലൈംഗിക പീഡന കേസിൽ പ്രതിയായ ഒരാളെ പൊലീസിന് മുൻപിൽ ഹാജരാക്കുമ്പോൾ ആ മുഖം പൊതുജനങ്ങൾ കാണരുതെ എന്ന് വാശിപിടിക്കുന്നത് ആർക്ക് വേണ്ടിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.