കുടുംബ വാഴ്ചയുടെ പ്രതീകം എന്ന നിലയിൽ ജനങ്ങൾ വെറുക്കേണ്ട നേതാവാണ് രാഹുൽ ഗാന്ധി. എന്നാൽ ഇന്നു കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ അധികാരം ഏല്ക്കുമ്പോൾ കോൺഗ്രസുകാർക്കിടയിൽ എന്നല്ല നിഷ്പക്ഷമായ സാധാരണക്കാർക്കിടയിൽ പോലും അങ്ങനെ ഒരു വെറുപ്പില്ല. കാരണം ആ വെറുപ്പിന്റെ ആഘോഷ കാലം കഴിഞ്ഞ നാലഞ്ച് വർഷം കൊണ്ട് അവസാനിച്ചു. ഇത്തരം വെറുപ്പുകൾ എപ്പോഴും താല്ക്കാലികമാണ്. അതിന് എക്കാലത്തും തുടരാൻ സാധിക്കില്ല. തുടക്കത്തിലെ തിരിച്ചടി കാലത്ത് ഒരു മന്ത്രി പോലും ആവാൻ ശ്രമിക്കാതെ എംപി സ്ഥാനം നിലനിർത്തിക്കൊണ്ട് രാഷ്ട്രീയത്തിൽ പിടിച്ചു നിൽക്കാനുള്ള തീരുമാനം ശരിയായിരുന്നു എന്നു തെളിയുകയാണ് ഇപ്പോൾ. വെറുപ്പിന്റെ കാലം കഴിഞ്ഞു സ്വഭാവികമായി ഉണ്ടാവേണ്ട അംഗീകാരത്തിന്റെ കാലത്തേയ്ക്ക് കടക്കുമ്പോൾ ആണ് അധികാര കൈമാറ്റം. അതുകൊണ്ട് തന്നെ രാഹുൽ ഇപ്പോൾ വെറുക്കപ്പെട്ടവനല്ല എന്നു മാത്രമല്ല മോദിയുടെ നിർമ്മിതിക്ക് വേണ്ടി രാഹുൽ അർഹിക്കുന്നതിൽ ഏറെ അപമാനിക്കപ്പെടുകയും ചെയ്തു. പപ്പുമോൻ എന്ന വിളി അതിന്റെ തുടക്ക കാലത്ത് പരിഹാസത്തിന്റെയും അപമാനത്തിന്റെയും ആയിരുന്നെങ്കിൽ ഇപ്പോൾ അത് സഹതാപത്തിന്റെയാണ്. ആ സഹതാപം ആണ് രാഹുലിനെ സ്വീകാര്യൻ ആക്കുന്ന ആദ്യ ഘടകം.

രണ്ടാമത്തെ ഘടകം സോഷ്യൽ മീഡിയയിൽ മാർക്കറ്റിലെ തന്ത്രപരമായ ഇടപെടൽ മൂലം പുത്തൻ ഇമേജുമായി ആണ് രാഹുലിന്റെ പുനപ്രവേശനം എന്നതാണ്. രാഹുൽ പറയുന്നതും, പ്രസംഗിക്കുന്നതും പെരുമാറുന്നതും ഒക്കെ ജനപക്ഷത നിന്നാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യ കണ്ട രാഹുൽ അല്ലിത്. ഒരുമാസം ജോലിയെടുത്താൽ രണ്ട് മാസം അവധി ആഘോഷിച്ചിരുന്ന കാലം രാഹുൽ മറന്നു കഴിഞ്ഞു. സാധാരണക്കാരോട് പെരുമാറാനും ഇടപെടാനും പഠിച്ചു കഴിഞ്ഞു. ആരെയും ആകർഷിക്കുന്ന പോലെ പ്രസംഗിക്കാൻ പഠിച്ചു കഴിഞ്ഞു.

ഒരുപക്ഷേ ഇതൊക്കെ വളരെ കൃത്യമായ സോഷ്യൽ മീഡിയ മാർക്കറ്റിങ്ങിന്റെ ഭാഗമായി നിർമ്മിച്ചതാവാം. എന്നാൽ അതെങ്ങനെ തെറ്റാവും. അത് തന്നെയല്ലേ ഒബാമയും ട്രംപും ടോണി ബ്ലയറും തെരേസ മേയും ഒക്കെ ചെയ്യുന്നത്. അത് തന്നെയല്ലേ വർഷങ്ങളായി മോദി ചെയ്തു കൊണ്ടിരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് വെറുക്കപ്പെട്ടവനായിരുന്ന മോദി എങ്ങനെയാണ് സർവ്വാരാധീയനായി മാറിയത്. അതെ തന്ത്രം രാഹുൽ പയറ്റുമ്പോൾ അതെങ്ങനെ തെറ്റാവും?

ഇതിനെക്കാൾ ഒക്കെ പ്രധാന്യം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയത്തിന് ഒരു ശക്തമായ പ്രതിപക്ഷ നേതാവ് വേണമായിരുന്നു. മോദി അതിശക്തനും അതി തന്ത്രജ്ഞനുമായതുകൊണ്ട് കടിഞ്ഞാൺ ഇല്ലാത്ത യാത്രക്കുള്ള സാഹചര്യമാണ് ഒരുങ്ങിയത്. അതിശക്തനായ ഒരു നേതാവിനെ ചോദ്യം ചെയ്യാൻ മറ്റൊരു നേതാവ് വളർന്നു വന്നെങ്കിൽ ഏകാധിപതികൾ പിറക്കും. സ്റ്റാലിനും ഹിറ്റ്‌ലറും ഒക്കെ അങ്ങനെ പിറന്നവരാണ്. അതുകൊണ്ട് മോദി എന്ന കരുത്തനെ വെല്ലുവിളിക്കാൻ മറ്റൊരു നേതാവ് വേണമായിരുന്നു. ആ നേതാവായാണ് ഇപ്പോൾ രാഹുൽ ഉയർന്നുവരുന്നത്.

മുരളീധരൻ രാഷ്ട്രീയത്തിൽ വന്നതു ഓർമ്മയുണ്ടോ? കേരളത്തിൽ ഏറ്റവും വെറുക്കപ്പെട്ടവൻ ആയിരുന്നു അന്നു മുരളീധരൻ. കിങ്ങിണിക്കുട്ടൻ എന്നായിരുന്നു അന്നു കേരളം അയാളെ വിളിച്ചു ആക്ഷേപിച്ചിരുന്നത്. ഇന്നു കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും ജനപ്രിയനായ രണ്ടോ മൂന്നോ നേതാക്കളിൽ ഒരാളാണ്. അവസരം ലഭിച്ചപ്പോൾ കഴിവു തെളിയിച്ചു നേടിയതാണ് ഈ സിദ്ധി. കേരളത്തിൽ മുരളീധരൻ വൈകി അംഗീകരിക്കപ്പെട്ടതുപോലെയാണ് ഇന്ത്യയിൽ രാഹുൽ ഗാന്ധിയും അംഗീകരിക്കപ്പെടുന്നത്. അതുകൊണ്ട് കിങ്ങിണി കുട്ടനിൽ നിന്നും കെ മുരളീധരനിലേയ്ക്കുള്ള മാറ്റത്തിന്റെ ദേശീയ പ്രതീകമാണ് പപ്പുമോനിൽ നിന്നും രാഹുൽ ഗാന്ധിയിലേയ്ക്കുള്ളത്.